ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അയർലൻഡ് പേസ് ബൗളറായ കേർട്ടിസ് കാംപർ. നെതര്‍ലാന്‍ഡ്‌സിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സസരത്തിലായിരുന്നു താരം നേട്ടം സ്വന്തമാക്കിയത്. 10ാം ഓവർ എറിയാനെത്തിയ കാംപർ തുടർച്ചയായി നാല് ബോളുകളിലും വിക്കറ്റുകളെടുക്കുകയായിരുന്നു.
ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ ഒരോവറിൽ തുടരെ നാല് വിക്കറ്റുകൾ വീഴ്ത്തുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ആസ്ട്രേലിയൻ ഇതിഹാസ ബൗളർ ബ്രെറ്റ്ലീ ഹാട്രിക് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് ബൗളർമാർ ഒരോവറിൽ തുടരെ നാല് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2019ൽ ന്യൂസിലാൻഡിനെതിരെ ശ്രീലങ്കയുടെ അപകടകാരിയായ ബൗളർ ലസിത് മലിംഗ, അയർലൻഡിനെതിരെ അഫ്ഗാൻ താരം റാഷിദ് ഖാനുമാണ് നേട്ടം കുറിച്ചത്.
പത്തോവറിൽ രണ്ട് വിക്കറ്റിന് 50 റൺസ് എന്ന നിലയിലായിരുന്ന നെതർലാൻഡ്സിനെ കാംപർ 50/6 എന്ന പരിതാപകരമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു. വൈഡ് ബോൾ എറിഞ്ഞുകൊണ്ടായിരുന്നു താരത്തിെൻറ തുടക്കം. രണ്ടാമത്തെ ബോൾ ഡോട്ട് ബോളായും മാറി. എന്നാൽ, മൂന്നാമത്തെ ബോളിൽ കോളിൻ അക്കർമാനെ (11) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കാംപർ ആദ്യം വിക്കറ്റ് നേട്ടം കുറിച്ചു. ഔട്ട് വിളിക്കാൻ അംപയർ വിസമ്മതിച്ചതോടെ അയർലൻഡിന് ഡി.ആർ.എസിനെ ആശ്രയിക്കേണ്ടതായി വന്നു.
നാലാമത്തെ ബോളിൽ മുൻ ഐപിഎല്‍ താരം കൂടിയായ റയാൻ ടൻ ഡുഷാറ്റയെ റൺസെടുക്കാൻ അനുവദിക്കാതെ കാംപർ മടക്കിയയച്ചു. സ്‌കോട്ട് എഡ്വാര്‍ഡ്‌സും ഗോൾഡൻ ഡെക്കായി മടങ്ങിപ്പോയി. അവസാന പന്തിൽ റോള്‍ഫ് വാന്‍ഡര്‍ മെര്‍വിനെ ക്ലീൻ ബൗൾഡാക്കിക്കൊണ്ടാണ് കാംപർ ചരിത്രം നേട്ടം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.