കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫൈനൽ വരെയുള്ള കുതിപ്പിന് പിന്നിലെ പ്രധാന കാരണം മുഹമ്മദ് ഷമിയുടെ മിന്നും പ്രകടനമായിരുന്നു. ആദ്യ കുറച്ച് മത്സരങ്ങൾ ഫാസ്റ്റ് ബൗളർക്ക് നഷ്‌ടമായിരുന്നു, എന്നാൽ, അതൊന്നും ലോകകപ്പിലെ ടോപ്പ് വിക്കറ്റ് ടേക്കറായി ഫിനിഷ് ചെയ്യുന്നതിൽ നിന്ന് ഷമിയെ തടഞ്ഞില്ല.
ഏകദിന ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായി ബൗളിങ് ചാർട്ടിൽ ഒന്നാമതെത്തിയ മുഹമ്മദ് ഷമി, ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ സുപ്രധാന ബൗളറാണ്. ക്രിക്കറ്റ് ലോകകപ്പിന് ശേഷം താരത്തിന്റെ ജനപ്രീതി ഒട്ടേറെ വർദ്ധിച്ചു.
ഉത്തർപ്രദേശുകാരനായ ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്നതിന് മുമ്പ് ബംഗാളിനായി ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ ഹോബികളെക്കുറിച്ചും വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. "എനിക്ക് യാത്രയും മീൻപിടുത്തവുമൊക്കെ വളരെ ഇഷ്ടമാണ്. ഡ്രൈവിംഗ് ഏറെ ആസ്വദിക്കാറുണ്ട്. ബൈക്കും കാറും ഓടിക്കാനാണ് ഇഷ്ടം. പക്ഷേ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ആരംഭിച്ചതിന് ശേഷം ബൈക്ക് ഓടിക്കുന്നത് നിർത്തി. എനിക്ക് പരിക്കേറ്റാൽ എന്ത് ചെയ്യും? ഇപ്പോൾ ഹൈവേയിൽ ബൈക്ക് ഓടിക്കാറുണ്ട്, ചിലപ്പോൾ ഗ്രാമത്തിലൂടെ എന്റെ അമ്മയെ കാണാൻ പോകുമ്പോഴൊക്കെ,” -മുഹമ്മദ് ഷമി പ്യൂമയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഷമിയിപ്പോൾ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ വളരെ ജനപ്രിയനായ വ്യക്തിയാണ്, അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയ്ക്കായി നൂറുകണക്കിന് ആരാധകർ താരത്തിന്റെ ഫാം ഹൗസിൽ ഒത്തുകൂടിയതിൽ നിന്ന് ഇത് ദൃശ്യമാണ്. മുഹമ്മദ് ഷമി പോസ്റ്റ് ചെയ്ത വീഡിയോയിൽ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് ഫാമിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചതായി കാണാം.
ആളുകളെ വരിവരിയായി നിര്‍ത്തി ഓരോരുത്തരെയും പരിശോധിച്ചതിന് ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. ഇതിനായി നിയമിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും വിഡിയോയിൽ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത വിഡിയോക്ക് ഇതിനകംതന്നെ അരക്കോടിക്കടുത്ത് കാഴ്ചക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.