ടോക്യോ: പാരലിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി മൂന്നു താരങ്ങൾ. വെള്ളി മാറിലണിഞ്ഞ ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.
വനിത ടേബ്ൾ ടെന്നിസ് ക്ലാസ് ഫോർ വിഭാഗത്തിൽ അട്ടിമറിജയങ്ങളുമായി ഫൈനലിലെത്തി ശനിയാഴ്ചതന്നെ വെള്ളിയുറപ്പിച്ചിരുന്ന 34കാരിയായ ഭവിനബെൻ പട്ടേൽ കലാശപ്പോരിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ യിങ് ഷൗവിനോട് 3-0ത്തിന് തോൽക്കുകയായിരുന്നു. രണ്ടുവട്ടം പാരലിമ്പിക്സ് സ്വർണം നേടിയിട്ടുള്ള ചൈനക്കാരിയോട് പിടിച്ചുനിൽക്കാൻ കന്നി പാരലിമ്പിക്സിൽ കളിക്കുന്ന ഇന്ത്യൻ താരത്തിനായില്ല. സ്വർണം നഷ്ടമായതിൽ നിരാശയുണ്ടെങ്കിലും വെള്ളി നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭവിന പറഞ്ഞു. ഇന്ത്യക്ക് ഇത്തവണ ആദ്യ മെഡൽ സമ്മാനിച്ച ഭവിനയെ റിയോയിൽ വെള്ളി നേടി പാരാലിമ്പിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ നിലവിലെ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ദീപ മാലിക് അഭിനന്ദിച്ചു.
പുരുഷ ഹൈജംപിലെ ടി47 വിഭാഗത്തിലാണ് ഏഷ്യൻ റെക്കോഡുമായി നിഷാദ് കുമാർ വെള്ളി കരസ്ഥമാക്കിയത്. 2.15 മീറ്റർ ചാടിയ യു.എസിെൻറ റോഡ്രിക് ടൗൺസെൻഡിനു പിറകിൽ 2.06 മീറ്ററുമായാണ് 21കാരനായ നിഷാദ് വെള്ളി നേടിയത്. യു.എസിെൻറ ഡള്ളാസ് വൈസും ഇതേ ഉയരം ചാടി വെള്ളി പങ്കിട്ടു. മറ്റൊരു ഇന്ത്യൻതാരം രാംപാൽ 1.94 മീറ്ററുമായി അഞ്ചാമതായി.
പുരുഷന്മാരുടെ എഫ് 52 വിഭാഗം ഡിസ്കസ്ത്രോയിലാണ് വിനോദ് കുമാർ ഏഷ്യൻ റെക്കോഡോടെ വെങ്കലം എറിഞ്ഞിട്ടത്. 19.91 മീറ്ററാണ് 41കാരൻ താണ്ടിയത്. പോളണ്ടിെൻറ പീറ്റർ കൊസേവിക്സ് (20.02 മീ.) സ്വർണവും ക്രൊയേഷ്യയുടെ വെലിമിർ സാൻഡോർ (19.98 മീ.) വെള്ളിയും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.