ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു സംഭവം നടന്നത്. ഓൺ ഫീൽഡ് അംപയറായ അലീം ദർറിന്, ഫീൽഡ് ചെയ്യുകയായിരുന്ന പാകിസ്താൻ താരത്തിന്റെ നല്ലൊരു ഏറ് കിട്ടി. അതും വലുകാലിന്. വേദന കൊണ്ട് പുളഞ്ഞ അലീം ദർ, മുടന്തി നടക്കുന്നതും, പിന്നാലെ കലിപ്പിലായി കൈയ്യിലുണ്ടായിരുന്ന സ്വെറ്റർ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബാബർ അസമും മറ്റ് ചില കളിക്കാരും സംഭവത്തിൽ ചിരിയടക്കാനാകാതെ വിഷമിച്ചപ്പോൾ, പേസർ നസീം ഷാ ദർറിന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ കാലിൽ തടവി സഹായിക്കുകയായിരുന്നു.
36-ാം ഓവറിൽ ഹാരിസ് റൗഫിന്റെ പന്ത് ഗ്ലെൻ ഫിലിപ്പ് ഡീപ് സ്‌ക്വയർ ലെഗിലേക്ക് പറത്തി സിംഗിളിനായി ഓടിയതിന് ശേഷമായിരുന്നു സംഭവം നടന്നത്. മുഹമ്മദ് വസീം ജൂനിയർ പന്ത് ശേഖരിച്ച് ദർ നിലയുറപ്പിച്ച നോൺ സ്ട്രൈക്കറുടെ അറ്റത്തേക്ക് എറിയുകയായിരുന്നു. എന്നാൽ, പന്തിൽ കണ്ണുവെക്കുന്നതിനുപകരം, പിച്ചിൽ ഓടുന്ന ബാറ്ററിൽ ശ്രദ്ധ കേന്ദ്രീകരിച്ച അമ്പയർ ദർറിന്, ഒടുവിൽ ഏറ് കിട്ടുകയും ചെയ്തു. അതിവേഗത്തിൽ വന്ന പന്ത് ദർറിന് നല്ല വേദനയുണ്ടാക്കിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
നസീം ഷാ കാല് തടവി നൽകുമ്പോഴും പിച്ചിനകത്ത് വെച്ച് റണ്ണിനായി ഓടിയതിന് കിവീസ് താരത്തെ പഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ദർ. ഫിലിപ്സ് അതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം, മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെ 79 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ബാളെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോൾ, പാക് ഇന്നിങ്സ് 43 ഓവറിൽ അവസാനിക്കുകയായിരുന്നു. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മുഹമ്മദ് നവാസിന്റെ (4-38) കരുത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ 261 റൺസിന് പുറത്താക്കിയിരുന്നു. 29.5 ഓവറിൽ ഒന്നിന് 183 എന്ന ശക്തമായ നിലയിലായിരുന്നു കിവികൾക്ക് അടുത്ത 23 റൺസിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ, പാകിസ്താന്റെ മറുപടി ബാറ്റിങ്ങ് 182 റൺസിന് അവസാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.