കരുത്തുകാട്ടാൻ വനിത റൺ

സ്ത്രീകൾക്ക് ഏറ്റവുമധികം ആദരവും അവസരങ്ങളും സുരക്ഷയും പ്രോൽസാഹനവും നൽകുന്ന നഗരമാണ് ദുബൈ. അവരുടെ കായിക സ്വപ്നങ്ങൾക്ക് നിറം പകരാനും ആരോഗ്യം സംരക്ഷിക്കാനും വുമൻസ് റണ്ണുമായി വീണ്ടും എത്തുകയാണ് ഈ നഗരം. അറബ് ലോകത്തെ ഏറ്റവും വലിയ വനിത കായിക മേളയായ ദുബൈ വുമൻസ് റണിന്‍റെ ഒമ്പതാം എഡിഷൻ നവംബർ ആറിന് ദുബൈ ബ്ലൂവാട്ടേഴ്സ് ഐലന്‍റിൽ നടക്കും. വനിതകൾക്ക് മാത്രമായി അറബ് ലോകത്ത് നടക്കുന്ന അപൂർവം കായിക മത്സരങ്ങളിൽ ഒന്നാണിത്. ജൂലൈ ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും.

യു.എ.ഇ അത്ലറ്റിക്സ് ഫെഡറേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ പ്ലാൻ ബി ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. 6000 പേർ പങ്കെടുക്കുമെന്ന് കരുതുന്നു. കഴിഞ്ഞ എഡിഷനിൽ 5000 വനിതകൾ പങ്കെടുത്തിരുന്നു. മൂന്ന്, അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടവും മൂന്ന് കിലോമീറ്റർ നടത്തവുമാണ് ആസൂത്രണം ചെയ്യുന്നത്. 14 വയസിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനവും നൽകും.

2010 മുതൽ എല്ലാവർഷവും നടന്നിരുന്നതാണ് വുമൻസ് റൺ. എന്നാൽ, കോവിഡ് എത്തിയതോടെ മുടങ്ങി. ഇതിന് ശേഷം ആദ്യമായാണ് വനിത റൺ അരങ്ങേറുന്നത്. ആരോഗ്യകരമായ ജീവിതത്തിന് പ്രോൽസാഹനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ബോളിവുഡ് താരം സഞ്ജയ് ദത്ത് പിന്തുണ അറിയിച്ചിട്ടുണ്ട്. അദ്ദേഹം എത്തുമെന്നാണ് കരുതുന്നത്. വിവിധ ചാരിറ്റി സംഘടനകളും ഭാഗവാക്കാകും.

ബ്ലൂവാട്ടേഴ്സ് ഐലന്‍റിന് ചുറ്റുമാണ് ഇത്തവണത്തെ ഓട്ടം. മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ഓടാൻ കഴിയും. സാംസ്കാരിക പരിപാടികളും കുട്ടികൾക്കുള്ള മത്സരങ്ങളും ചെറിയ ഭക്ഷണ കിയോസ്കുകളും ഡി.ജെയുമുണ്ടാകും. സാമൂഹിക പരമായും ആരോഗ്യപരമായും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരുക എന്നതാണ് ലക്ഷ്യമെന്നും ഇതുവഴി സമൂഹത്തിലും കുടുംബത്തിലും പോസിറ്റീവ് ഊർജം സൃഷ്ടിക്കാൻ കഴിയുമെന്നും എമിറേറ്റ്‌സ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് മേജർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.

അമേച്വർ, പ്രൊഫഷനൽ അത്ലറ്റുകളും റണ്ണിന്‍റെ ഭാഗമാകും. പത്ത് കിലോമീറ്റർ വിഭാഗത്തിൽ ദേശീയ താരങ്ങളും മത്സരിക്കും. മറ്റ് രാജ്യങ്ങളിലെ അന്താരാഷ്ട്ര താരങ്ങളും എത്തുന്നതോടെ മത്സരം കടുത്തതാവും. 

Tags:    
News Summary - Women's run to show strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.