ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത ഒരു ഇന്നിങ്സുണ്ട്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലായിരുന്നു അത് സംഭവിച്ചത്. ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരോവറിലെ ആറ് പന്തിൽ ആറും സിക്സറിന് പറത്തി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മാസ്സായ ഇന്നിങ്സ് എന്ന് തന്നെ അതിനെ വിളിക്കണം.
ലോകകപ്പിലെ സൂപ്പർ സിക്സ് ഘട്ടത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരം. ന്യൂസിലന്‍ഡിനോടേറ്റ തോൽവി കാരണം ഇംഗ്ലീഷുകാർക്കെതിരെ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. സെവാഗും ഗംഭീറും ചേർന്ന് ഗംഭീരമായൊരു തുടക്കം നൽകി. എന്നാൽ, ആറ് റൺസുമെടുത്ത് റോബിൻ ഉത്തപ്പ കൂടാരം കയറിയതോടെ ഭാരം ധോണി–യുവരാജ് സിങ് കൂട്ടുകെട്ടിന്റെ മേലായി. അതിനിടെ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി യുവി ചെറുതായൊന്ന് കൊമ്പു കോര്‍ത്തിരുന്നു. അതിന്റെ ശിക്ഷ ലഭിച്ചതാകട്ടെ സ്റ്റുവര്‍ട്ട് ബ്രോഡിനും.
സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ അവസാന ഓവറിലായിരുന്നു യുവരാജിന്റെ വെടിക്കെട്ട്. ഇംഗ്ലണ്ട് കളിക്കാരെ കാഴ്ചക്കാരാക്കി, കാണികളെയും ലക്ഷക്കണക്കിന് പ്രേക്ഷകരെയും അമ്പരപ്പിച്ച് ആറ് പന്തിലും സിക്സറടിച്ച് യുവിയുടെ ആറാട്ട്. മത്സരത്തിൽ 12 പന്തിൽ അർധ സെഞ്ച്വറി കടന്ന യുവരാജ് 16 പന്തിൽ 58 റണ്‍സാണ് നേടിയത്. മത്സരത്തിൽ 18 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.
യുവിയുടെ ആറാട്ടിന് ഇന്നേക്ക് 15 വയസ് തികയുകയാണ്. മറ്റാരേക്കാളും യുവരാജിന് ഈ ദിവസം അത്രയേറെ സ്‍പെഷ്യലാണ്. അതുകൊണ്ട് തന്നെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഒരു വിഡിയോയും പങ്കുവെച്ചു. ഏഴ് മാസം പ്രായമുള്ള മകൻ ഓറിയോണിനൊപ്പം പഴയ സിക്സറടി ആസ്വദിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. '15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ല'... യുവി വിഡിയോക്ക് അടിക്കുറിപ്പായി എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.