ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടി ശ്രീലങ്ക; 138 റൺസ് വിജയലക്ഷ്യം

പ​ല്ലേകലെ: ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി ശ്രീലങ്ക. ആർക്കും കാര്യമായി തിളങ്ങാനാവാതിരുന്നതോടെ 20 ഓവറിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടാനായത്. 37 പന്തിൽ മൂന്ന് ഫോറടക്കം 39 റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ പൂജ്യനായി മടങ്ങി. കഴിഞ്ഞ മത്സരത്തിൽ മഹീഷ് തീക്ഷണയുടെ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി മടങ്ങിയ സഞ്ജു ഇത്തവണ നാല് പന്ത് നേരിട്ട് ഒരു റൺസും നേടാനാവാതെ തിരിച്ചുകയറുകയായിരുന്നു. ശ്രീലങ്കക്കായി അരങ്ങേറ്റത്തിനിറങ്ങിയ ചമിന്ദു വിക്രമസിംഗെയുടെ പന്തിൽ ഹരസരങ്കക്ക് പിടികൊടുത്തായിരുന്നു മടക്കം.

മഴ കാരണം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തീരുമാനം ശരിവെച്ച് തുടക്കം മുതൽ നിശ്ചിത ഇടവേളകളിൽ അവർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ഒമ്പത് പന്തിൽ 10 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. മഹീഷ് തീക്ഷണ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ സഞ്ജു റണ്ണെടുക്കാതെ മടങ്ങിയതോടെ സ്കോർ രണ്ടിന് 12 എന്ന നിലയിലായി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ റിങ്കു സിങ്ങിനെ മഹീഷ് തീക്ഷണ പതിരാനയുടെ കൈയിലെത്തിച്ചതോടെ 3.1 ഓവറിൽ മൂന്നിന് 14 എന്ന ദയനീയ സ്ഥിതിയിലേക്ക് ഇന്ത്യ വീണു. രണ്ട് പന്തിൽ ഒരു റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ നായകൻ സൂര്യകുമാർ യാദവും വന്നപോലെ മടങ്ങി. ഒമ്പത് പന്തിൽ എട്ട് റൺസെടുത്ത താരത്തെ അസിത ഫെർണാണ്ടോയുടെ പന്തിൽ ഹസരങ്ക കൈയിലൊതുക്കുകയായിരുന്നു. ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ 13 റൺസെടുത്ത ദുബെയെ രമേശ് മെൻഡിസ് വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.

ഒരറ്റത്ത് പിടിച്ചുനിന്ന ശുഭ്മൻ ഗില്ലിന് കൂട്ടായി റിയാൻ പരാഗ് എത്തിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചലനമുണ്ടായത്. എന്നാൽ, സ്കോർ 100 കടന്നയുടൻ ഗിൽ വീണു. ഹസരങ്കയുടെ പന്തിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 18 പന്തിൽ 26 റൺസെടുത്ത പരാഗും വൈകാതെ പുറത്തായപ്പോൾ എട്ടാമനായെത്തിയ വാഷിങ്ടൺ സുന്ദർ മികച്ച ബാറ്റിങ്ങുമായി പ്രതീക്ഷ നൽകി. 18 പന്തിൽ 25 റൺസിലെത്തിയ സുന്ദറിനെ തീക്ഷണ ബൗൾഡാക്കിയതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. അവസാന പന്തിൽ മുഹമ്മദ് സിറാജ് റൺസെടുക്കാതെ റണ്ണൗട്ടായി മടങ്ങിയപ്പോൾ രവി ബിഷ്‍ണോയി എട്ട് റൺസുമായി പുറത്താകാതെ നിന്നു.

​ശ്രീലങ്കക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വനിന്ദു ഹസരങ്ക രണ്ടും ചമിന്ദു വിക്രമസിംഗെ, അസിത ഫെർണാണ്ടോ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഋഷബ് പന്ത് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം പുറത്തിരുന്ന ശുഭ്മൻ ഗിൽ തിരിച്ചെത്തുകയും ശിവം ദുബെ, ഖലീൽ അഹ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവർ ​െപ്ലയിങ് ഇലവനിൽ ഇടം പിടിക്കുകയും ചെയ്തു. മൂന്ന് മത്സരമടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Sri Lanka gets the target of 138 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.