പാലാ: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കോട്ടയം ജേതാക്കൾ. ഫൈനലിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. കനത്ത മഴക്കിടെയാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ നടന്നത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നതെങ്കിലും മഴയെത്തുടർന്ന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
വാശിയേറിയ ഫൈനലിൽ ഇരുടീമും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും 55ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഫെബിൻ നസീമിലൂടെയാണ് ആതിഥേയർ വിജയഗോൾ നേടിയത്. മിഡ്ഫീൽഡർ ഫെബിന്റെ ഷോട്ട് തടുക്കാൻ തിരുവനന്തപുരത്തിന്റെ ഗോൾകീപ്പർ അഭിനവിന് സാധിച്ചില്ല. ഏഴുവർഷത്തിന് ശേഷമാണ് കോട്ടയം ജില്ല സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നത്. മലപ്പുറത്തെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് തൃശൂർ മൂന്നാംസ്ഥാനം നേടി.
ലൂസേഴ്സ് ഫൈനലിൽ ഒമ്പതാംമിനിറ്റിൽ ആന്റണി പൗലോസിലൂടെ തൃശൂർ ലീഡ് നേടി. 30ാം മിനിറ്റിൽ കെ.പി. ആഷിക്കിലൂടെ തൃശൂർ ലീഡ് ഇരട്ടിയാക്കി. 61ാം മിനിറ്റിൽ വിബിൻ തോമസിലൂടെ മൂന്നാം ഗോളും വിജയവും തൃശൂർ ഉറപ്പിച്ചു.
82ാം മിനിറ്റിൽ എൻ.പി. മുഹമ്മദ് സഹദാണ് മലപ്പുറത്തിന്റെ ആശ്വാസഗോൾ നേടിയത്. ഫൈനലിലെ താരമായി കോട്ടയത്തിന്റെ സി. ജേക്കബും മികച്ച ഫോർവേഡായി തിരുവനന്തപുരത്തിന്റെ ജിജോ ജെയ്സണും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.