മഞ്ചേരി: നഗരസഭയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികളെയും നീന്തൽ പഠിപ്പിക്കുന്ന പരിശീലന പദ്ധതിക്ക് തുടക്കം. വേട്ടേക്കോട് പുല്ലഞ്ചേരിയുള്ള കുളത്തിലാണ് പരിശീലനം നൽകിയത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
ജില്ല ട്രോമാകെയർ മഞ്ചേരി സ്റ്റേഷൻ യൂനിറ്റ് പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിശീലനം. ആദ്യദിനം 100 പേർക്ക് പരിശീലനം നൽകി. രണ്ട് ബാച്ചായി തിരിച്ചാണ് പരിശീലനം. ആദ്യബാച്ച് രാവിലെ എട്ടുമുതൽ 10 വരെയും 10.30 മുതൽ 12.30 വരെ മറ്റൊരു ബാച്ചിനെയും പരിശീലിപ്പിച്ചു.
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറ് ലഭിക്കാൻ നീന്തൽ സർട്ടിഫിക്കറ്റിന് ആവശ്യക്കാർ ഏറിയതോടെയും ജലാശയങ്ങളിലെ അപകടങ്ങൾ വർധിച്ചതോടെയുമാണ് നീന്തൽ പരിശീലനം നൽകാൻ നഗരസഭ മുന്നിട്ടിറങ്ങിയത്. നഗരസഭ പരിധിയിലെ ആയിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സജ്ജമാക്കിയ നീന്തൽക്കുളങ്ങളിൽ വനിത പരിശീലകരുടെയും പുരുഷ പരിശീലകരുടെയും മേൽനോട്ടത്തിലാണ് പരിശീലനം.
പയ്യനാട്, മഞ്ചേരി, നറുകര വില്ലേജുകളിലായി തെരഞ്ഞെടുത്ത നാല് കുളങ്ങളിലാണ് പരിശീലനം നൽകുന്നത്. വരുന്ന ഞായറാഴ്ചകളിലും പരിശീലനം തുടരും.
ചടങ്ങിൽ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എം. നാസർ, സി. സക്കീന, ജസീനാബി അലി, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, സമീന ടീച്ചർ, വി.സി. മോഹനൻ, പി. കുമാരി, ശ്രീവിദ്യ എടക്കണ്ടത്തിൽ, ട്രോമാകെയർ സെക്രട്ടറി യാസർ വള്ളുവമ്പ്രം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.