ന്യൂഡൽഹി: ഒരു വർഷം മുമ്പ് ചെസ് ഒളിമ്പ്യാഡ് സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈ നാട്ടിൽ വിരുന്നെത്തുമ്പോൾ കിരീട പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ. അന്ന് വെങ്കലത്തിലൊതുങ്ങിയവർ ഇത്തവണ എല്ലാ ആധികളും തീർത്ത് ആധികാരിക ജയത്തോടെ പുരുഷ, വനിത വിഭാഗങ്ങളിൽ ചാമ്പ്യപട്ടവുമായാണ് ബുഡാപെസ്റ്റിൽനിന്ന് തിരികെ നാട്ടിലേക്ക് വിമാനം കയറുന്നത്. ചെസിലെ പുതിയ ലോക ജേതാവിന്റെ സിംഹാസനാരോഹണത്തിന് ആഴ്ചകൾ ബാക്കിനിൽക്കെ, ചതുരംഗപ്പലകയിൽ ഇനി ഇന്ത്യ വാഴും കാലമെന്ന വിളംബരം കൂടിയാണിത്.
11 റൗണ്ടുകളിൽ ഇന്ത്യൻ ടീം കളിച്ചത് 88 മത്സരങ്ങളാണ്. അതിൽ 50ഉം ജയിക്കാനായത് ടീം പുലർത്തിയ മേൽക്കൈ ഉറപ്പാക്കുന്നു. 32 എണ്ണം സമനിലയായപ്പോൾ ആറെണ്ണത്തിൽ മാത്രമായിരുന്നു തോൽവി. 10 ഇന്ത്യൻ താരങ്ങൾ ഇറങ്ങിയതിൽ ഏഴു പേരും അപരാജിതരാണെന്നതും അത്ഭുത നേട്ടം. തോൽവി വഴങ്ങാത്ത ഏഴിൽ ഡി. ഗുകേഷ്, അർജുൻ എരിഗെയ്സി, ദിവ്യ ദേശ്മുഖ്, വന്തിക അഗ്രവാൾ എന്നീ നാലുപേരും വ്യക്തിഗത സ്വർണമെഡൽ ജേതാക്കൾ കൂടിയായി. ഇവരുടെ സുവർണ നേട്ടം അത്ര പ്രസക്തമല്ലെങ്കിലും എല്ലാവരും 21ൽ താഴെ മാത്രം പ്രായക്കാരെന്നത് മാത്രം മതി ടീം ഇന്ത്യയുടെ മാറ്റ് അടുത്തറിയാൻ. പരമാവധി 22 പോയന്റ് നേടാവുന്നിടത്ത് പുരുഷ ടീം 21ഉം നേടിയതും ചെസ് ഒളിമ്പ്യാഡിലെ അത്യപൂർവ നേട്ടം.
ചൈനയുടെ ഡിങ് ലിറെനെതിരെ ലോക ചാമ്പ്യൻഷിപ്പിൽ കരുക്കൾ നീക്കാനൊരുങ്ങുന്ന 18കാരൻ ഗുകേഷ് ദൊമ്മരാജു തന്നെയായിരുന്നു ബുഡപെസ്റ്റിലും ഇന്ത്യൻ പോരാട്ടത്തിന്റെ അമരത്ത്. 10 കളികളിൽ ഒമ്പത് പോയന്റ് നേടിയ താരം എട്ടെണ്ണം ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി. ‘‘വല്ലാത്ത സന്തോഷത്തിലാണ് ഞാനിപ്പോൾ’’- അവസാന റൗണ്ട് മത്സരം ജയിച്ചശേഷം ഗുകേഷിന്റെ വാക്കുകൾ. 11 കളികളിൽ 10 പോയന്റ് നേടിയ അർജുൻ എരിഗെയ്സിയും ഏറ്റവും മികച്ച ഫോമുമായി വിജയനായകനായി. താരത്തെ മൂന്നാം ബോർഡിൽ കളിപ്പിക്കാനുള്ള ക്യാപ്റ്റൻ എൻ. ശ്രീനാഥിന്റെ തീരുമാനം ശരിക്കും ഇന്ത്യൻ വിജയം ഉറപ്പാക്കുന്നതായി. ചാമ്പ്യൻഷിപ്പിൽ 19 എലോ പോയന്റ് സ്വന്തമാക്കിയ എരിഗെയ്സി ലോക റാങ്കിങ്ങിൽ മാഗ്നസ് കാൾസൺ, ഹികാരു നകാമുറ എന്നിവർക്ക് പിറകിൽ മൂന്നാമനാണിപ്പോൾ. 2800 എന്ന മാന്ത്രിക അക്കത്തിലേക്ക് മൂന്ന് പോയന്റ് മാത്രം അകലത്തിൽ 2797 ആണ് എലോ റേറ്റിങ്. നകാമുറക്ക് 2802ഉം കാൾസണ് 2830ഉമാണ് പോയന്റ് എന്നും ഓർക്കണം. എന്നാൽ, ഒരേ മികവിൽ കരുക്കൾ നീക്കുന്ന 10-15 പേർ ലോകത്തുണ്ടെന്നും അവരിൽ ഒരുവൻ മാത്രമാണ് താനെന്നും വിനയം കാണിക്കുന്നു, എരിഗെയ്സി. ഗുകേഷും എരിഗെയ്സിയും തങ്ങളുടെ ബോർഡുകളിലെ ജേതാക്കൾ കൂടിയായിരുന്നു. കൗമാരം വിടാത്ത പ്രഗ്നാനന്ദയും ഒട്ടും മോശമാക്കിയിരുന്നില്ല. അമേരിക്കയുടെ വെസ്‍ലി സോയോട് മാത്രമാണ് താരം തോൽവി സമ്മതിച്ചത്. അതേ സമയം, വിദിത് ഗുജറാത്തി 10 കളികളിൽ നേടിയത് 7.5 പോയന്റാണ്. മുൻ ചാമ്പ്യന്മാരായ ചൈന, യു.എസ്.എ ടീമുകളെ വരെ അട്ടിമറിച്ചായിരുന്നു ഇന്ത്യൻ തേരോട്ടം.
1956ലാണ് ഇന്ത്യ ആദ്യമായി ചെസ് ഒളിമ്പ്യാഡിൽ അങ്കം കുറിക്കുന്നത്. എന്നാൽ, നീണ്ട 68 വർഷമെടുത്താണ് ടീം കിരീടനേട്ടമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. അതും പുരുഷ, വനിത ടീമുകളുടെ ഇരട്ട സ്വർണവുമായി. 2006ൽ 30ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് 2024ലെത്തുമ്പോൾ എതിരാളികളില്ലാത്ത വിധം ഒന്നാമന്മാരാകുന്നതെന്നത് കൂടി ചേർത്തുവായിക്കണം.
ന്യൂഡൽഹി: 45ാം ചെസ് ഒളിമ്പ്യാഡിൽ ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ പുരുഷ ടീമും ഹരിക ദ്രോണവള്ളി, ആർ. വൈശാലി ദിവ്യ ദേശ്മുഖ്, വന്തിക അഗ്രവാൾ, താനിയ സച്ദേവ് എന്നിവരടങ്ങിയ വനിത ടീമും അത്ഭുത നേട്ടത്തിലേക്ക് കരുക്കൾ നീക്കിയെത്തിയപ്പോൾ നേട്ടങ്ങൾക്ക് പിറകിലെ മഹാപുരുഷനായി ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്.
നിസ്തുല പ്രകടനവുമായി നിറഞ്ഞുനിന്ന ഗുകേഷ്, പ്രഗ്നാനന്ദ, എരിഗെയ്സി, വൈശാലി എന്നിവർ പരിശീലനം നേടിയത് ചെന്നൈയിൽ ആനന്ദ് സ്ഥാപിച്ച വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണെന്നതു തന്നെ കാര്യം. 2020ൽ കോവിഡ് പിടിമുറുക്കിയ കാലത്തായിരുന്നു ആനന്ദ് സ്ഥാപനം തുടങ്ങുന്നത്. ഏറ്റവുമാദ്യമെത്തിയത് ആൺകുട്ടികളിൽ പ്രഗ്നാനന്ദയും ഗുകേഷുമായിരുന്നുവെന്നും അർജുൻ അൽപം വൈകിയുമെത്തിയെന്നും ആനന്ദ് പറയുന്നു.
പ്രഗ്നാനന്ദയുടെ സഹോദരിയായ വൈശാലിയും കൂടെയുണ്ടായിരുന്നു. ഇത്രയെളുപ്പത്തിൽ എല്ലാം എത്തിപ്പിടിക്കാനാകുമെന്ന് കരുതിയില്ലെന്നും ആനന്ദ് പറയുന്നു. ‘വിഷി സാർ’ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എവിടെയുമെത്തില്ലായിരുന്നുവെന്ന് 18കാരൻ ഗുകേഷും 19കാരൻ പ്രഗ്നാനന്ദയും പലവട്ടം ആവർത്തിച്ചതാണ്. ഇന്ത്യൻ ചെസിലെ പുതുവിപ്ലവത്തിന്റെ പിതാവാണ് വിഷിയെന്ന് ഫിഡെ വിശേഷിപ്പിച്ചതും വെറുതെയല്ല.
ന്യൂഡൽഹി: ഇന്ത്യൻ ടീമിലെ വെറ്ററൻ സാന്നിധ്യമായ ഡി. ഹരികക്കിത് രണ്ടു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന്റെ വിജയസാഫല്യം. ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിൽ ഏറെയായി ഹരികയുണ്ട്. എന്നാൽ, ബുഡാപെസ്റ്റിൽ ഞായറാഴ്ച അവസാന മത്സരം പൂർത്തിയാകും വരെയും കിരീടം അവരെ ഒഴിഞ്ഞുനിന്നു. ദിവ്യ ദേശ്മുഖാണ് വ്യക്തിഗത ചാമ്പ്യനായതെങ്കിലും തനിക്കിത് ഏറെ സന്തോഷം നൽകുന്ന മുഹൂർത്തമാണെന്ന് 33കാരിയായ ഹരിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.