താനൂർ: താനൂരിലെ കളിക്കമ്പക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നാല് സ്റ്റേഡിയങ്ങൾ യാഥാർഥ്യമാകുന്നു. സ്റ്റേഡിയങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
പത്തര കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാട്ടിലങ്ങാടി സ്റ്റേഡിയത്തിൽ പുല്ല് പാകിയ മൈതാനവും ഇരുവശത്തും ഗാലറികളുമുണ്ട്. കൂടാതെ ഡ്രസ്സിങ് റൂം, ടോയ്ലെറ്റ് കോംപ്ലക്സ്, ഗാലറിയോട് ചേർന്ന് ക്ലാസ് മുറികൾ, മിനി ഒളിമ്പിക്സ് മാനദണ്ഡമനുസരിച്ചുള്ള നീന്തൽക്കുളം, സിന്തറ്റിക് ട്രാക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന് കീഴിൽ അഞ്ച് കോടി രൂപ ചെലവാക്കി നിർമിച്ച ഉണ്ണിയാൽ സ്റ്റേഡിയത്തിൽ ഫുട്ബാൾ ഗ്രൗണ്ട്, ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയം, മൾട്ടി പർപ്പസ് ഹാൾ, ജൂഡോ, കരാട്ടെ, ജിം പരിശീലന സൗകര്യം, രണ്ട് ഡ്രസിങ് റൂമുകൾ, ടോയ്ലെറ്റ്, ഓഫിസ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളാണുള്ളത്. കൂടാതെ സ്റ്റേഡിയം കോപ്ലക്സിലെ 24 കടമുറികൾ മത്സ്യത്തൊഴിലാളി വനിതകൾക്ക് സംരംഭം തുടങ്ങാനായും മാറ്റിവെച്ചിട്ടുണ്ട്.
സ്റ്റേഡിയമടക്കം പത്തര കോടിയുടെ വികസനമാണ് ഫിഷറീസ് സ്കൂളിൽ നടന്നത്.സ്കൂൾ മൈതാനം 2.9 കോടി രൂപ ചെലവഴിച്ച് സെവൻസ് ഫുട്ബാൾ സ്റ്റേഡിയമാക്കി മാറ്റുകയായിരുന്നു.രണ്ട് ടീമുകൾക്കും മത്സരത്തിന് തയാറെടുക്കാൻ പ്രത്യേകം റൂമുകളും ടോയ്ലെറ്റ് കോംപ്ലക്സും നിർമിച്ചു. ഗാലറിയും ഒരുക്കി.ഹൈടെക് ഹൈസ്കൂൾ കെട്ടിടം, നടപ്പാത, ചുറ്റുമതിൽ, ഗേറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിരുന്നു.
നിലവിലുണ്ടായിരുന്ന താനാളൂർ സ്റ്റേഡിയം 80 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. സെവൻസ് ഫുട്ബാൾ സൗകര്യവും മിനി ഗാലറിയും ഡ്രസിങ് റൂമും ടോയ്ലെറ്റ് കോംപ്ലക്സും അഴുക്കുചാൽ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, ഷട്ടിൽ എന്നിവക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്.എന്നാൽ, നിലവിലെ സ്റ്റേഡിയം നവീകരിച്ച് പുതിയ സ്റ്റേഡിയം ഉദ്ഘാടനമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.