കോപ്പയിൽ ഇനി തീ പാറും; അർജന്റീനക്ക് കൊളംബിയ കടിഞ്ഞാണിടുമോ?

മയാമി: കോപ്പ അമേരിക്ക കലാശപ്പോരിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ എതിരിടാൻ കൊളംബിയയുടെ കരുത്തൻ നിര. സെമിഫൈനലിന്റെ ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് ആളെണ്ണം കുറഞ്ഞിട്ടും ഉറുഗ്വായ് വെല്ലുവിളി ഒറ്റ ഗോളിന്റെ മാർജിനിൽ മറികടന്നാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തതെങ്കിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് അർജന്റീനയെത്തുന്നത്. ഫൈനലിനായി അർജന്റീന ടീം മയാമിയിൽ എത്തിക്കഴിഞ്ഞു.

കോപയിൽ പതിനാറാം കിരീടം ചൂടി വിരമിക്കുന്ന എയ്ഞ്ചൽ ഡി മരിയക്ക് ഊഷ്മള യാത്രയയപ്പ് നൽകാനാണ് നിലവിലെ ജേതാക്കളായ മെസ്സിയുടെയും സംഘത്തിന്റെയും പുറപ്പാട്. അതോടൊപ്പം ഉറുഗ്വായിക്കൊപ്പം പങ്കിടുന്ന 15 കിരീട നേട്ടമെന്ന റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കുകയും ​വേണം. ക​ഴി​ഞ്ഞ 62 മ​ത്സ​ര​ങ്ങ​ളി​ൽ 60ലും ​ജ​യി​ച്ചാണ് അവരെത്തുന്നത്. കോ​പ​യി​ൽ തു​ട​ർ​ച്ച​യാ​യ 11 മ​ത്സ​രം ജ​യി​ച്ചു​ക​ഴി​ഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ 2-0ത്തിനും ചിലിയെ 1-0ത്തിനും പെറുവിനെ 2-0ത്തിനും തോൽപിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ മെസ്സിയും സംഘവും എക്വഡോറിനോട് 1-1ന് സമനില പിടിച്ചശേഷം പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിലാണ് സെമിയിലെത്തിയത്. എന്നാൽ, സെമിയിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി അന്തിമ പോരിന് യോഗ്യരാവുകയും ചെയ്തു.

അതേസമയം, 2001ൽ നേടിയ ഏക കിരീടമാണ് കൊളംബിയൻ ഷോകേസിലുള്ളത്. അതിന് മുമ്പ് 1975ൽ മാത്രമാണ് ടീം ഫൈനലിലെത്തിയിരുന്നത്. ആദ്യ കിരീടം നേടി 23 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കിരീടപ്പോരിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യമിടുന്നില്ല. കരുത്തുറ്റ കളിക്കാരുണ്ടായിട്ടും കോപ്പയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വായിയുടെയുമെല്ലാം നിഴലിലൊതുങ്ങുന്ന കൊളംബിയ ആ പേരുദോഷം മാറ്റലും ലക്ഷ്യമിടുന്നു. 2022 ഫെ​ബ്രു​വ​രി​യി​ൽ അ​ർ​ജ​ന്റീ​ന​യോ​ട് തോ​റ്റ​ശേ​ഷം ര​ണ്ടു വ​ർ​ഷ​​ത്തി​ലേ​റെ​യാ​യി 28 മത്സരങ്ങളിൽ പരാജയമറിയാതെയാണ് കൊളംബിയ എത്തുന്നതെന്നത് അർജന്റീനക്ക് കാര്യങ്ങൾ കടുപ്പമാക്കും. ഇടവേളക്ക് ശേഷം ടീമിൽ നായകന്റെ റോളിൽ ​തിരിച്ചെത്തിയ ജെയിംസ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം അവരുടെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. ടൂർണമെന്റിൽ ആറ് അസിസ്റ്റുമായി ലയണൽ മെസ്സിയുടെ റെക്കോഡ് മറികടന്ന താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ പരഗ്വെയെ 2-1നും കോസ്റ്ററിക്കയെ 3-0ത്തിനും തോൽപിക്കുകയും ബ്ര​സീ​ലി​നെ 1-1ന് ​പി​ടി​​ച്ചു​കെ​ട്ടുകയും ചെയ്ത കൊളംബിയ ക്വാർട്ടറിൽ പാനമയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മുക്കിയത്. സെമിയിൽ ഉറുഗ്വായ് വെല്ലുവിളിയും അതിജീവിച്ചതോടെ അർജന്റീനയെ എങ്ങനെ എതിരിടുമെന്ന ആകാംക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ.

Tags:    
News Summary - The Kopa will be on fire; Will Colombia beat Argentina?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.