കൊച്ചി: ഒടുവിൽ ആരാധകർ വേദനയോടെ കാത്തിരുന്ന ആ വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണമെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നുംതാരം സഹൽ അബ്ദുൽ സമദ് ഇനി മഞ്ഞക്കുപ്പായത്തിൽ കളിക്കില്ല. കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് പോവുന്ന സഹലിന് ബ്ലാസ്റ്റേഴ്സ് ടീം ഔദ്യോഗികമായി വിടചൊല്ലി. ഇതോടൊപ്പം ബഗാൻ നായകൻ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചിട്ടുമുണ്ട്.
കുറെ ദിവസങ്ങളായി വാർത്തകളിലും ആരാധകരുടെ ചർച്ചകളിലുമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് സഹലിന്റെ കൂടുമാറ്റവും പ്രീതത്തിന്റെ വരവും കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചത്. സഹലിനെ മോഹൻ ബഗാന് നൽകുമ്പോൾ പ്രീതം കോട്ടാലിനെ പകരം കൈമാറുമെന്നായിരുന്നു ഇരു ടീമിന്റെയും ധാരണ. സഹലിന്റെയും പ്രീതം കോട്ടാലിന്റെയും കൈമാറ്റ തുകയോ പ്രതിഫലമോ സംബന്ധിച്ച വിവരങ്ങൾ ഇരു ക്ലബും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബഗാനിൽ അഞ്ചുവർഷ കരാറിൽ പോകുന്ന സഹലിന് പ്രതിവർഷം രണ്ടരക്കോടി രൂപയാണ് പ്രതിഫലമെന്നാണ് സൂചന. പ്രീതത്തിന്റെ കരാർ മൂന്നുവർഷത്തേക്കാണ്. പ്രതിവർഷം രണ്ടുകോടി രൂപയാണ് പ്രതിഫലം. പ്രീതം കോട്ടാലിനെ കൈമാറിയതിന് പുറമെ 90 ലക്ഷം രൂപയും ബ്ലാസ്റ്റേഴ്സിന് ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്. 2018 മുതലാണ് പ്രീതം കോട്ടാൽ എന്ന 29കാരൻ ബഗാന്റെ പ്രതിരോധ നിര കാത്തത്.
2017 മുതൽ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അനിവാര്യ ഭാഗമായ സഹലിന് വേദനിക്കുന്ന ഹൃദയത്തോടെയാണ് ക്ലബ് യാത്രയയക്കുന്നതെന്ന് ടീം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘കലൂരിൽ പുലിയിറങ്ങിയിരിക്കുന്നു’ എന്നാണ് പ്രീതത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ ടീം വിശേഷിപ്പിച്ചത്.
ഇന്ത്യൻ ആരോസ്, എഫ്.സി പുണെ സിറ്റി, ഡൽഹി ഡൈനാമോസ് തുടങ്ങിയ ക്ലബുകളിലും പ്രീതം കളിച്ചിട്ടുണ്ട്. മൂന്നുതവണ ഐ.എസ്.എൽ, ഓരോ തവണ ഐ ലീഗ്, ഫെഡറേഷൻ കപ്പ് തുടങ്ങിയ കിരീട നേട്ടങ്ങളും കരിയറിലുണ്ട്. ഇന്ത്യൻ ഫുട്ബാളിലെതന്നെ റെക്കോഡ് തുകക്കുള്ള ട്രാൻസ്ഫറുകളിലൊന്നാണ് ഇരുവരുടേതും. പ്രീതത്തിന്റെ വരവോടെ ടീമിന്റെ മികവ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റും ആരാധകരും.
ചില വിടപറയലുകൾ കഠിനമാണെന്നും തങ്ങളുടെ ഹൃദയം കവർന്നവനാണ് സഹലെന്നും ‘കെ.ബി.എഫ്.സി മഞ്ഞപ്പട’ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.‘ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ!’ -മഞ്ഞപ്പട ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.