തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ സംസ്ഥാന-ജില്ലതലങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഏകീകൃത സ്വഭാവത്തിൽ ഓൺലൈനായി നൽകും.
സർട്ടിഫിക്കറ്റുകൾ പല നിറത്തിലും ഡിസൈനുകളിലും നൽകുന്നതിനാൽ ആധികാരികത ഉറപ്പുവരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലി, സെക്രട്ടറി എ. ലീന എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയിൽ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്.
കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകൾ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്ക് ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാണ് ഏകീകൃത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി വിതരണം ചെയ്യുന്നത്. ഇതിന് സ്പോർട്സ് കൗൺസിൽ വെബ്സൈറ്റിൽ പ്രത്യേക സോഫ്റ്റ്വെയറും തയാറാക്കി.
ഓൺലൈൻവഴി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ അസോസിയേഷനുകൾക്ക് പ്രിന്‍റൗട്ട് എടുത്ത് നൽകാൻ കഴിയും. മുൻകാലങ്ങളിൽ നൽകിയ സർട്ടിഫിക്കറ്റുകളും പുതിയ സംവിധാനത്തിലേക്ക് അടുത്തഘട്ടത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.