തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ക്രിക്കറ്റ് പരിശീലകൻ എം. മനുവിന്റെ പേരുപയോഗിക്കുമ്പോൾ ‘കെ.സി.എ പരിശീലകൻ’ എന്ന് ഉപയോഗിക്കരുതെന്ന അഭ്യർഥനയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. മാധ്യമങ്ങൾക്കായി നൽകിയ പ്രത്യേക വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴിൽ താൽക്കാലിക പരിശീലകനായിരുന്ന മനുവിനെ ഇപ്പോഴത്തെ കേസുകൾ ഉണ്ടാകും മുമ്പ് തന്നെ തൽസ്ഥാനത്തുനിന്ന് നീക്കിയതാണ്. എന്നാൽ, ഇയാളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുടെ വാർത്തകളിൽ ഉൾപ്പെടെ കെ.സി.എ പരിശീലകൻ എന്നുപയോഗിക്കുന്നത് അസോസിയേഷന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതായും ഇയാളുമായി ബന്ധപ്പെട്ട വാർത്തകളിൽ ‘ക്രിക്കറ്റ് പരിശീലകനായിരുന്ന’ എന്ന് മാത്രം ഉപയോഗിക്കണമെന്നുമാണ് സെക്രട്ടറി വിനോദ് എസ്. കുമാറിന്റെ പേരിലുള്ള കുറിപ്പിലെ അഭ്യർഥന.
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെൺകുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. ജൂൺ 12ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മനുവിനെതിരായ നാലു കേസുകളിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. പോക്സോ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയായിരുന്നു കുറ്റങ്ങൾ. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വെച്ചാണ് കേസെടുത്തത്.
2012 ഒക്ടോബര്‍ 12ന് പരിശീലകനായി എത്തിയ മനുവിനെതിരെ 2022ലാണ് ആദ്യ ആരോപണമുണ്ടായതെന്നും അന്ന് ആരും പരാതി നൽകിയിരുന്നില്ലെന്നും കെ.സി.എ ഭാരവാഹികൾ നേരത്തെ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.