മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സൗഹൃദ മത്സരത്തിനിറങ്ങിയ പ്രീമിയര്‍ ടയേഴ്‌സ് ക്ലബിന്റെ പഴയകാല താരങ്ങൾ 

അവർ വീണ്ടും ബൂട്ടുകെട്ടി, ചരിത്രം പിറന്ന ഓർമകളിൽ

കൊച്ചി: ചരിത്രത്തിൽ പതിഞ്ഞ ആ കാൽപന്തുകളിക്കാർ വീണ്ടും ബൂട്ടുകെട്ടി. കേരള ഫുട്‌ബാളിന്റെ തലവര മാറ്റിയെഴുതിയ പ്രീമിയര്‍ ടയേഴ്‌സ് ക്ലബിന്റെ പഴയകാല താരങ്ങളുടെ കളിയഴകിന് മഹാരാജാസ് കോളജ് ഗ്രൗണ്ട് വീണ്ടും സാക്ഷിയായി. ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു സൗഹൃദ മത്സരം.

അമ്പതാണ്ട് പിന്നിടുന്ന പ്രീമിയര്‍ ടയേഴ്‌സ് ക്ലബിന്റെ ആവേശകരമായ ഓര്‍മകള്‍ താരങ്ങള്‍ പങ്കുവെച്ചു. എറണാകുളം ബോള്‍ഗാട്ടി ഫുട്‌ബാള്‍ ക്ലബാണ് സുവര്‍ണതാരങ്ങളെ ആദരിച്ചത്. കുടുംബസംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു. പ്രീമിയര്‍ ടയേഴ്‌സിലെയും ബോള്‍ഗാട്ടി ഫുട്‌ബാള്‍ ക്ലബിലെയും മുന്‍താരങ്ങളാണ് അല്‍പസമയം കളത്തിലിറങ്ങിയത്.

പി.പി. പ്രസന്നന്‍, മിത്രന്‍, പി. പൗലോസ്, വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്‍, തമ്പി, സി.സി. ജേക്കബ്, ടി.എ. ജാഫര്‍, ഗുണശേഖരന്‍, മൊയ്തീന്‍, കെ.പി. വില്യംസ്, ധര്‍മരാജന്‍, സി.ഡി. ഫ്രാന്‍സിസ്, ബ്ലാസി ജോര്‍ജ്, സേവ്യര്‍ പയസ്, ദിനകര്‍ എന്നിവര്‍ എത്തി. എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ടെങ്കിലും കോവിഡ് കാരണം മൂന്ന് വര്‍ഷമായി നടന്നിരുന്നില്ല.

കളമശ്ശേരി ആസ്ഥാനമായ പ്രീമിയര്‍ ടയര്‍ ഫാക്ടറി, 1970ലാണ് ഫുട്‌ബാള്‍ ടീം രൂപവത്കരിച്ചത്. 1971ല്‍ ഒളിമ്പ്യന്‍ അബ്ദുൽ റഹ്മാനാണ് പ്രീമിയര്‍ ടയേഴ്‌സിനെ വാര്‍ത്തെടുക്കുന്നത്. 1973 വരെ പരിശീലിപ്പിച്ചു. എട്ട് ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്നെങ്കിലും കിരീടഭാഗ്യമുണ്ടായില്ല. 1974ല്‍ ടീം അഞ്ചു കിരീടങ്ങള്‍ നേടി. ജി.വി രാജ, ചാക്കോള, കൊല്ലം ജൂബിലി, നെഹ്‌റു കപ്പ്, ഡാര്‍ജലിങ് ട്രോഫി എന്നിങ്ങനെ പ്രീമിയര്‍ കിരീടങ്ങളുയര്‍ത്തി.

ചക്കോളാ ട്രോഫിയും ഡാര്‍ജലിങ് ട്രോഫിയും രണ്ടു തവണ സ്വന്തമാക്കി. 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 12 പേര്‍ പ്രീമിയര്‍ ടയേഴ്‌സില്‍നിന്നാണ്. തൊട്ടടുത്തവര്‍ഷം കേരളം കൊല്‍ക്കത്തയില്‍ ബി.സി റോയ് ട്രോഫി കിരീടം നേടിയപ്പോള്‍ 11ല്‍ 10 പേരും പ്രീമിയർ താരങ്ങൾതന്നെ. 1984ല്‍ പ്രീമിയര്‍ ടയര്‍ കമ്പനി എല്ലാ കായിക പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതോടെ ക്ലബും വിസ്മൃതിയിലായി.

Tags:    
News Summary - They tied the boot again, in the memories of the history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.