പാരിസ്: യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഫ്രഞ്ച് പടക്ക് ജയത്തോടെ തിരിച്ചുവരവ്. കരുത്തരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ദിദിയർ ദെഷാംപ്സിന്റെ സംഘം തകർത്തുവിട്ടത്. ഇറ്റലിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ എട്ടുപേരെ മാറ്റിയാണ് ഫ്രാൻസ് ഇറങ്ങിയത്. നായകനും സൂപ്പർ താരവുമായ കിലിയൻ എംബാപ്പെയെ അടക്കം ബെഞ്ചിലിരുത്തിയപ്പോൾ ഒസ്മാനെ ഡെംബലെ, കോളോ മുവാനി, മാർകസ് തുറാം എന്നിവരെ മുന്നേറ്റത്തിൽ വിന്യസിച്ചു.
തുടക്കത്തിൽ ബെൽജിയം നിറഞ്ഞുകളിച്ചെങ്കിലും ഗോൾപോസ്റ്റിലേക്ക് നിറയൊഴിക്കുന്നതിൽ പരാജയമായി. ആറാം മിനിറ്റിൽ കെവിൻ ഡിബ്രൂയിൻ എടുത്ത ഫ്രീകിക്കിൽ ലൂകെബാകിയോ കാൽവെച്ചെങ്കിലും ഫ്രഞ്ച് ഗോൾകീപ്പർ മെയ്ഗ്നൻ തടസ്സംനിന്നു. രണ്ട് മിനിറ്റിനകം ബെൽജിയം വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ലൂകെബാകിയോയുടെ പാസ് എത്തിപ്പിടിക്കാൻ ഒപേൻഡക്കായില്ല. 29ാം മിനിറ്റിൽ ഫ്രാൻസിന്റെ ഗോളെത്തി. ഡെംബലെയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ പന്തെത്തിയത് കോളോ മുവാനിയുടെ കാലിലേക്കായിരുന്നു. താരത്തിന്റെ ക്ലോസ് റേഞ്ച് പിഴവില്ലാതെ വലയിൽ കയറി.
57ാം മിനിറ്റിലായിരുന്നു ഫ്രാൻസിന്റെ രണ്ടാം ഗോൾ. എൻഗോളോ കാന്റെയിൽനിന്ന് കിട്ടിയ പന്ത് തടയാനെത്തിയ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ഒസ്മാനെ ഡെംബലെ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു. മിനിറ്റുകൾക്കകം സമാന രീതിയിൽ ഡെംബലെ ഷോട്ടുതിർത്തെങ്കിലും ഇത്തവണ പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ ബെൽജിയം ഒന്നുരണ്ട് അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾകീപ്പറെ മറികടക്കാനായില്ല. 67ാം മിനിറ്റിൽ കോളോ മുവാനിക്ക് പകരക്കാരനായെത്തിയ എംബാപ്പെ 73, 86 മിനിറ്റുകളിൽ നിറയൊഴിച്ചെങ്കിലും ബെൽജിയൻ ഗോൾകീപ്പർ കാസ്റ്റീൽസ് തടഞ്ഞിട്ടു.
പന്തടക്കത്തിൽ ബെൽജിയം മികച്ചുനിന്നെങ്കിലും അവസരമൊരുക്കുന്നതിൽ ഫ്രാൻസ് ബഹുദൂരം മുന്നിലായിരുന്നു. 25 ഷോട്ടുകളാണ് അവർ തൊടുത്തുവിട്ടത്. ഇതിൽ ഒമ്പതും ഗോൾവലക്ക് നേരെയായിരുന്നു. ബെൽജിയത്തിന്റെ മറുപടി ഒമ്പത് ഷോട്ടിലൊതുങ്ങി. ഇതിൽ നാലെണ്ണമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി തുടർച്ചയായ രണ്ടാം ജയം കുറിച്ചു. ഇസ്രായേലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. ഡേവിഡ് ഫ്രറ്റേസിയും മോയിസ് കീനുമാണ് ഇറ്റലിക്കായി വല കുലുക്കിയത്. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് അബു ഫാനിയിലൂടെയാണ് ഇസ്രായേൽ ഒരു ഗോൾ തിരിച്ചടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.