മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് നാണംകെട്ട തോൽവി. ടോട്ടൻഹാം ഹോട്‌സ്‌പറാണ് എതിരില്ലാത്ത മൂന്ന് ഗോളിന് എറിക് ടെൻഹാഗിന്റെ സംഘത്തെ വീഴ്ത്തിയത്. ബ്രണ്ണൻ ജോൺസൻ, ദെജാൻ കുലുസേവ്സ്‌കി, ഡൊമിനിക് സോളങ്കി എന്നിവരാണ് ടോട്ടൻഹാമിനായി ലക്ഷ്യംകണ്ടത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 42ാം മിനിറ്റിൽ ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയത് യുനൈറ്റഡിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.
മാഞ്ചസ്റ്റർ തട്ടകമായ ഓൾഡ് ട്രാഫോഡിൽ കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ആതിഥേയരെ ഞെട്ടിച്ച് ടോട്ടൻഹാം ആദ്യ വെടി പൊട്ടിച്ചു. സ്വന്തം ഹാഫിൽനിന്ന് റാഷ്ഫോഡിൽനിന്ന് തട്ടിയെടുത്ത പന്തുമായി ഒറ്റക്ക് കുതിച്ച വാൻ ഡെ വെൻ ഇടതുവിങ്ങിൽനിന്ന് മനോഹരമായി നൽകിയ ക്രോസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ദൗത്യമേ ബ്രണ്ണൻ ജോൺസന് ഉണ്ടായിരുന്നുള്ളൂ. ഏഴ് മിനിറ്റിനകം ടോട്ടൻഹാം ലീഡ് ഇരട്ടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ഗോൾകീപ്പർ ഒനാന ആതിഥേയരുടെ രക്ഷക്കെത്തി. മറ്റൊരിക്കൽ പോസ്റ്റും അവരുടെ വഴിമുടക്കി. ആദ്യപകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ രണ്ടാംമഞ്ഞക്കാർഡും വാങ്ങി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പുറത്തുപോയതോടെ യുനൈറ്റഡിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾക്കും തിരിച്ചടിയായി. ഇടവേള കഴിഞ്ഞെത്തി രണ്ട് മിനിറ്റിനകം കുലുസേവ്സ്‌കിയിലൂടെ ടോട്ടൻഹാം വീണ്ടും വലകുലുക്കി. 77ാം മിനിറ്റിൽ പാപെ സറിന്റെ അസിസ്റ്റിൽ ഡൊമിനിക് സോളങ്കി മൂന്നാം ഗോളും അടിച്ചതോടെ മാഞ്ചസ്റ്ററിന്റെ പതനം പൂർത്തിയായി.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഇപ്‌സ്‌വിച്ച് ടൗൺ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾവീതമാണ് നേടിയത്. വില്ലക്കായി മോർഗാൻ റോജേഴ്‌സും ഒലീ വാറ്റ്കിൻസും ലക്ഷ്യം കണ്ടപ്പോൾ ലിയാം ഡെലപ് ഇപ്‌സ്വിച്ചിനായി ഇരട്ടഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.