തങ്കത്തമിഴ്

പിറന്ന മണ്ണും മാതൃഭാഷയും തമിഴന്‍െറ വികാരമാണ്. രാഷ്ട്രീയത്തിലും ഭക്ഷണത്തിലും വേഷത്തിലും തമിഴ്തനിമക്കായി ഉയിര്‍കൊടുത്ത് വളര്‍ന്നാണ് അവന്‍െറ പാരമ്പര്യം. അത് കളിക്കളത്തിലായാലും മാറ്റമില്ളെന്ന് ക്രിക്കറ്റിലൂടെയും ഏറ്റവും ഒടുവിലായി ഫുട്ബാളിലൂടെയും തെളിയിച്ചു. ട്വന്‍റി20 ക്രിക്കറ്റിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗായി രാജ്യം നെഞ്ചേറ്റിയപ്പോള്‍ തമിഴന്‍െറ മണ്ണായിരുന്നു മുന്നില്‍. പുതിയൊരു ഫുട്ബാള്‍ ലീഗിന് രാജ്യം പരവതാനി വിരിച്ചപ്പോഴും പതിവ് തെറ്റിയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് ഗോവയിലെ ഫട്ടോര്‍ഡയില്‍ മേളപ്പെരുക്കത്തോടെ കൊടിയിറങ്ങിയപ്പോള്‍ കിരീടമണിഞ്ഞ് മച്ചാന്‍സ് നാട്ടിലേക്ക് മടങ്ങുന്നത് ഈയൊരു പാരമ്പര്യത്തിലേക്ക് പുതിയൊരു താള്‍കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. 

അവിശ്വസനീയമായിരുന്നു ഐ.എസ്.എല്‍ രണ്ടാം സീസണില്‍ തമിഴന്‍െറ ടീം ചെന്നൈയിന്‍െറ കുതിപ്പ്. ഗ്രൂപ് റൗണ്ട് ആദ്യ പാതി കടന്നപ്പോള്‍ അവസാന സ്ഥാനക്കാരായവര്‍ പ്രവചനങ്ങളെയും വിലയിരുത്തലുകളെയും കാറ്റില്‍പറത്തി മൂന്നാം സ്ഥാനക്കാരായി സെമിയിലത്തെിയപ്പോള്‍ അതിശയിച്ചുപോയതാണ് ആരാധകലോകം. പക്ഷേ, ആ കുതിപ്പിലെ വിസ്മയം ഫട്ടോര്‍ഡയില്‍ വിളക്കണഞ്ഞ ഞായറാഴ്ച രാത്രിയില്‍ മാത്രമേ അവസാനിച്ചുള്ളൂ. സെമിയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നിലംതൊടാതെ പറത്തിയവര്‍, ചാമ്പ്യന്മാരെന്ന് ഭൂരിപക്ഷം പ്രവചിച്ച സീകോയുടെ എഫ്.സി ഗോവയെ മലര്‍ത്തിയടിച്ചതിനു പിന്നിലുമുണ്ട് ചില തമിഴ് മാതൃകകള്‍.

കണ്ടുപഠിക്കണം മച്ചാന്‍സിനെ
മൈതാനത്ത് ഗോളടിക്കുമ്പോള്‍ ഗാലറിയില്‍ ലുങ്കി ഡാന്‍സ് ചെയ്യുന്ന ടീം ഉടമ അഭിഷേക് ബച്ചന്‍. പണ്ട് സിദാനോട് കൊമ്പുകോര്‍ത്ത അതേ വീര്യവുമായി കുമ്മായവരക്ക് പുറത്തുനിന്ന് കളിക്കാരോട് ആക്രോശിക്കുന്ന കോച്ച് മാര്‍കോ മറ്റെരാസി. മൈതാനത്തെ ഓരോ ചലനങ്ങള്‍ക്കുമൊപ്പം ഗാലറിയില്‍ ആവേശത്തിന്‍െറ കനല്‍ ഊതിക്കത്തിക്കുന്ന കാണികള്‍. സാമൂഹികമാധ്യമങ്ങളില്‍ എതിരാളിയെ കൂവിത്തോല്‍പിക്കാന്‍ മടിയില്ലാത്ത ആരാധകര്‍. രണ്ടാം സീസണ്‍ അവസാനിക്കുമ്പോള്‍ വെറുമൊരു ഫുട്ബാള്‍ ക്ളബല്ല ചെന്നൈയിന്‍ എന്ന് എതിരാളികളെക്കൊണ്ടും പറയിപ്പിക്കുകയാണ് ഈ മച്ചാന്‍സ് സംഘം. കാശിറക്കുന്ന മുതലാളിയും കളിക്കുന്ന താരവും ഗാലറിയിലത്തെുന്ന കാണിയും ഇവിടെ ഒന്നാണ്. കേരളമോ ഗോവയോ കൊല്‍ക്കത്തയോ പോലൊരു ഫുട്ബാള്‍ സംസ്കാരമില്ലാഞ്ഞിട്ടും അദൃശ്യമായൊരു കണ്ണി ചെന്നൈയിന്‍ എന്ന വികാരത്തെ ആളികത്തിക്കുന്നുണ്ടായിരുന്നു. ഒരു കുടുംബംകണക്കെയുള്ള ആത്മബന്ധമായിരുന്നു കളിക്കാര്‍ക്കും ടീം മാനേജ്മെന്‍റിനും ആരാധകര്‍ക്കുമിടയിലെന്ന് ചെന്നൈയിന്‍ എഫ്.സിയിലെ മലയാളി സാന്നിധ്യം എം.പി. സക്കീര്‍ അടിവരയിടുന്നു. കളി നാട്ടിലും മറുനാട്ടിലുമായാലും ഗാലറിയില്‍ ആവേശവും പ്രോത്സാഹനവുമായി ടീം ഉടമകളുണ്ടാകും. പരിശീലനമൈതാനത്തും താമസസ്ഥലത്തും കുടുംബമെന്ന ബോധ്യം ഒന്നുകൂടി ഓര്‍മപ്പെടുത്താന്‍ അവരത്തെും. മലയാളിയുടെ സ്വന്തം കേരള ബ്ളാസ്റ്റേഴ്സ് കണ്ടുപഠിക്കേണ്ടതും ഈ സമീപനംതന്നെ.

കഴിഞ്ഞ സീസണില്‍ സെമിയില്‍ ബ്ളാസ്റ്റേഴ്സിനു മുന്നില്‍ തകര്‍ന്നുപോയ ചെന്നൈയിന്‍ ഇക്കുറി കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് തുടങ്ങിയത്. എലാനോ മാര്‍ക്വീ താരമായപ്പോള്‍, പ്രഥമ സീസണില്‍ കളിക്കാരനായും വേഷമിട്ട മാര്‍കോ മറ്റെരാസി പരിശീലകന്‍ മാത്രമായി. സീസണിന് കിക്കോഫായപ്പോള്‍ എലാനോ നിറംമങ്ങുകയും അതേ സ്ഥാനത്തേക്ക് കൊളംബിയന്‍ ജൂനിയര്‍ ടീം അംഗമായിരുന്ന സ്റ്റീവന്‍ മെന്‍ഡോസ ഉയരുകയും ചെയ്തതോടെ ചെന്നൈയിന്‍ റൈറ്റ് ട്രാക്കിലായി. തുടക്കത്തില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിയോടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് തിരിച്ചുകയറി. ആദ്യ പകുതി കടന്നപ്പോള്‍ മൂന്ന് തോല്‍വിയുമായി അവസാന സ്ഥാനത്തായിരുന്നു. പക്ഷേ, അടുത്ത ഏഴ് കളികൂടി കഴിഞ്ഞതോടെ തുടര്‍ച്ചയായി നാല് ജയവുമായി ചെന്നൈയിന്‍ സെമിയില്‍ ഇടംനേടി. നാട്ടിലെ പ്രളയം കാരണം പുണെയിലേക്ക് മാറ്റിയ ആദ്യ ഹോം മാച്ചില്‍ കൊല്‍ക്കത്തയെ 3-0ത്തിന് തരിപ്പണമാക്കിയവര്‍, രണ്ടാം പാദത്തില്‍ തോറ്റെങ്കിലും അഗ്രഗേറ്റ് മിടുക്കില്‍ (4-2) ഫൈനലിലത്തെി. കിരീടപ്പോരാട്ടത്തില്‍ പിന്നിലായിട്ടും, ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുമായി മച്ചാന്‍സ് ഇന്ത്യന്‍ ഫുട്ബാളിന്‍െറ പുതു അവകാശികളുമായി. 

വിദേശ താരങ്ങള്‍ക്കൊപ്പം അതേ മിടുക്കുമായി പോരടിച്ച ഇന്ത്യന്‍താരങ്ങളും ശ്രദ്ധേയരായി. മുന്‍നിരയില്‍ മെന്‍ഡോസക്കും എലാനോക്കുമൊപ്പം നിറഞ്ഞാടിയ ജെജെ ലാല്‍ പെഖ്ലുവയായിരുന്നു ശ്രദ്ധേയ സാന്നിധ്യം. മധ്യനിരയില്‍ ഗോഡ്വിന്‍ ഫ്രാങ്കോ, തോയ് സിങ്, ഹര്‍മന്‍ജോത് ഖബ്ര, എം.പി. സക്കീര്‍ എന്നിവരും നന്നായി കളിച്ചു. കുറ്റിയുറപ്പുള്ള പ്രതിരോധവുമായി മെഹ്റാജുദ്ദീന്‍ വാദു നിറഞ്ഞുനിന്നു. ഗോള്‍കീപ്പര്‍ കരണ്‍ജിത്തും ആദ്യ റൗണ്ടുകളില്‍ നന്നായി കളിച്ചു.
ലേലത്തില്‍ കോടികള്‍ എറിഞ്ഞ് സൂപ്പര്‍താരങ്ങള്‍ക്കു പിന്നാലെ പോകാതെ ശരാശരി താരങ്ങളുമായി ചെന്നൈയിന്‍ നടപ്പാക്കിയ മെന്‍റല്‍ ഗെയിമിന്‍െറ വിജയമായി ഈ കിരീടനേട്ടം.


മിന്നിത്തെളിയുന്ന പ്രതീക്ഷകള്‍
രണ്ടാം സീസണിന് ആവേശത്തോടെ കൊടിയിറങ്ങുമ്പോള്‍ പ്രതീക്ഷകളുടെ കോര്‍ട്ടിലാണ് ഇന്ത്യന്‍ ഫുട്ബാള്‍.  ലോക ഫുട്ബാളിലെ സൂപ്പര്‍താരങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, നികളസ് അനല്‍ക, ജോണ്‍ ആര്‍നെ റീസെ, ഫ്ളോറന്‍റ് മലൂദ, ലൂസിയോ, സിമാവോ സബ്രോസ, ഹെല്‍ഡര്‍ പോസ്റ്റിഗ, കാര്‍ലോസ് മാര്‍ച്ചേന തുടങ്ങിയവരുടെ സംഗമംകൂടിയായിരുന്നു പോരാട്ടം. പ്രഥമ സീസണിനേക്കാള്‍ ആരാധക സാന്നിധ്യവും ടെലിവിഷന്‍ വരുമാനവും നേടിയ ചാമ്പ്യന്‍ഷിപ് മികച്ച കളിവിരുന്നൊരുക്കിയും ശ്രദ്ധനേടി. കഴിഞ്ഞ കുറി ആകെ പിറന്നത് 121 ഗോളുകളാണെങ്കില്‍ ഇക്കുറി 186 ഗോളുകളാണ് 61 മത്സരങ്ങളില്‍ കണ്ടത്. വിദേശ താരങ്ങള്‍ക്കൊപ്പം പന്തുതട്ടി മിടുക്ക് തെളിയിക്കാന്‍ ഏതാനും ഇന്ത്യന്‍താരങ്ങള്‍ക്കുമായി. നോര്‍ത് ഈസ്റ്റ് ഗോളി ടി.പി. രഹനേഷ്, ഡല്‍ഹിയുടെ അനസ് എടത്തൊടിക, കേരള ബ്ളാസ്റ്റേഴ്സിന്‍െറ മുഹമ്മദ് റാഫി, ചെന്നൈയിന്‍െറ എം.പി. സക്കീര്‍, കൊല്‍ക്കത്തയുടെ റിനോ ആന്‍േറാ എന്നിവരാണ് അവസരം മുതലാക്കിയ മലയാളികള്‍. സുനില്‍ ഛേത്രി,  അര്‍ണബ് മൊണ്ഡല്‍, മെഹ്റാജുദ്ദീന്‍ വാദു, മന്ദര്‍ റാവു ദേശായ്, ജെജെ ലാല്‍, അരാറ്റ ഇസുമി, സന്ദേശ് ജിങ്കാന്‍, കാല്‍വിന്‍ ലോബോ, യൂജിന്‍സണ്‍ ലിങ്ദോ എന്നിവര്‍ മിന്നിത്തിളങ്ങിയ ഇന്ത്യന്‍താരങ്ങളില്‍ ചിലര്‍ മാത്രം.

വേണം ചില മാറ്റങ്ങള്‍
രണ്ടാം സീസണ്‍ കൊടിയിറക്കത്തിനു പിന്നാലെ ഇന്ത്യയുടെ പ്രഫഷനല്‍ ലീഗ് ഏതെന്ന ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. മൂന്ന് മാസം മാത്രം ദൈര്‍ഘ്യമുള്ള ഐ.എസ്.എല്ലിനെ ആരാധകരും താരങ്ങളും ഏറ്റെടുക്കുമ്പോള്‍ ഫെഡറേഷന്‍െറ സ്വന്തം ടൂര്‍ണമെന്‍റായ ഐ ലീഗ് ദാരിദ്ര്യാവസ്ഥയിലാണ്. ഐ ലീഗിന് മരണമണി മുഴങ്ങിയതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് കോച്ചുമാര്‍ക്കു കീഴില്‍ പരിശീലിക്കുന്നതിന്‍െറ അനാരോഗ്യം അടുത്തിടെ ഇന്ത്യന്‍ കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്‍ൈറനും പറഞ്ഞു. രണ്ട് ലീഗും ഒന്നാക്കി, ഐ.എസ്.എല്ലിന്‍െറ കാലാവധി കൂട്ടി ദേശീയ ലീഗാക്കിമാറ്റിയാല്‍ പുതിയ തുടക്കത്തിന്‍െറ മാറ്റം ഇന്ത്യന്‍ ഫുട്ബാളിനും വൈകാതെ അനുഭവിച്ചുതുടങ്ങാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.