സോറി സെവാഗ്, ഈ നന്ദികേടിന്...

ചില സത്യങ്ങള്‍ തുറന്നുപറയേണ്ടതു തന്നെയാണ്. അതു കളിയിലായാലും കാര്യത്തിലായാലും. ഉന്നതര്‍ക്ക് വേദനിക്കുമെന്നു കരുതി അപ്രിയ സത്യങ്ങള്‍ പറയാതെ പോകുമ്പോള്‍ നീതി നിഷേധങ്ങളുടെ കുത്തൊഴുക്കാണുണ്ടാവുക. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അനീതികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതും. നജഫ്ഗഢിന്‍െറ നവാബ് എന്ന് നമ്മള്‍ സ്നേഹത്തോടെ വിളിപ്പേരു ചൊല്ലിയ വീരേന്ദര്‍ സെവാഗ് കളിയുടെ പോര്‍വീര്യങ്ങളില്‍നിന്ന് പാഡഴിച്ച് പിന്‍വാങ്ങുമ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്.

37ാം ജന്മദിനത്തില്‍ വീരു വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍െറ കരിയറിലെ സ്ഥിതിവിരക്കണക്കുകള്‍ നിരത്തി ഇതിഹാസമെന്ന് അടിവരയിടാനുള്ള ഹോംവര്‍ക്കുകളിലാണ് നമ്മള്‍. അപ്പോഴും, കളിയഴകിന്‍െറ പല സൂത്രവാക്യങ്ങളെയും തന്‍െറ കൈക്കരുത്തിനാല്‍ മാറ്റിമറിച്ച ആ മനുഷ്യന്‍ ക്രീസില്‍നിന്ന് തിരിച്ചുനടക്കേണ്ടിയിരുന്നത് ഈ വിധമായിരുന്നോ എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നില്ല. വീരു വിരമിച്ചു എന്നതിനേക്കാള്‍ ആ വിരമിക്കല്‍ പ്രഖ്യാപനത്തിന്‍െറ അനിവാര്യതയിലേക്ക് നയിച്ച കാരണങ്ങള്‍ അപഗ്രഥനം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. നിറഗാലറിയെ ഒന്നര ദശാബ്ധം വിരുന്നൂട്ടിയ ഒരു പ്രതിഭാധനന്‍െറ മടക്കം ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെയാവുന്നതിന്‍െറ ഉത്തരവാദിത്വം കളി നടത്തിപ്പുകാര്‍ക്ക് മാത്രമല്ല, കളിയെ അറിയുന്ന എല്ലാവര്‍ക്കുമുണ്ട്. ഇതുവരെ രാജ്യത്തെ സേവിച്ചതിന്‍െറ നന്ദിസൂചകമായി ഒരൊറ്റ മത്സരമെങ്കിലും കാണികളോട് കൈവീശി യാത്രപറയാന്‍ സെവാഗിന് അനുവദിച്ചു കൊടുക്കേണ്ടിയിരുന്നു. സ്റ്റുവാര്‍ട്ട് ബിന്നി കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ അങ്ങനെയൊരു ഒൗദാര്യം ഏതു ഫോമില്ലായ്മയിലും സെവാഗിനോട് കാണിച്ചാല്‍ അതൊരു ആര്‍ഭാടമേയല്ല.

ഇതൊരു തുടക്കമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍. ഒരു ശീലമായത് മാറുകയാണ്. മഹേന്ദ്ര സിങ് ധോണിയെന്ന നായകന്‍െറ താല്‍പര്യങ്ങളില്‍ ഇടമില്ലാത്തവര്‍ക്കുള്ള ഇടമല്ല മൈതാനങ്ങളെന്ന സൂചന നല്‍കി വി.വി.എസ് ലക്ഷ്മണിനോടാണ് ഇതാദ്യം ചെയ്തത്. താല്‍പര്യമില്ലാത്തവരെ കളത്തിനു പുറത്താക്കുകയെന്ന ആസൂത്രിത നീക്കമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തില്‍ സാക്ഷാല്‍ സൗരവ് ഗാംഗുലിയോടും രാഹുല്‍ ദ്രാവിഡിനോടും അതുതന്നെ ചെയ്തു. ഇതിനിടയില്‍ സചിനും കുംബ്ളെക്കും അല്‍പം ദയ കിട്ടിയതു ഭാഗ്യം. ഒടുവിലിപ്പോള്‍ സഹീര്‍ ഖാനും ഇപ്പോള്‍ സെവാഗും പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഇനി ഹിറ്റ് ലിസ്റ്റിലുള്ള ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരും കളംവിട്ടേ മതിയാവൂ. വീട്ടില്‍ സഹതാരങ്ങള്‍ക്കൊപ്പം നടന്ന പോസ്റ്റ്-റിട്ടയര്‍മെന്‍റ് ആഘോഷത്തില്‍ ധോണിയെ മാത്രം ക്ഷണിക്കാതെ ലക്ഷ്മണ്‍ അതൃപ്തിയുടെ സൂചകള്‍ അന്ന് നല്‍കിയിരുന്നു.

അങ്ങേയറ്റത്തെ നന്ദികേടാണിത്. ധോണിയുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെങ്കിലും 104 ടെസ്റ്റ് കളിച്ച ഒരാളോട് ഈ രീതിയിലല്ല ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പെരുമാറേണ്ടിയിരുന്നത്. പ്രതിദിനം ആറു ലിറ്റര്‍ പാലു കുടിച്ചു വളര്‍ന്ന നീളന്‍ മുടിക്കാരന്‍ ഫുട്ബാള്‍ ഗോളിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പിന്നെ ഇന്ത്യാ സിമന്‍റ് വൈസ് പ്രസിഡന്‍റുമായി വളര്‍ന്ന ധോണിയുടെ പിന്‍ബലം ബോര്‍ഡ് മുതലാളി എന്‍. ശ്രീനിവാസനാണ്. ആ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രീതിയില്‍ അപ്രമാദിത്വം വളര്‍ന്നപ്പോള്‍ ധോണിക്കും മെയ്യപ്പനുമൊക്കെ എന്തും ചെയ്യാമെന്നായി. ആഭ്യന്തര ക്രിക്കറ്റില്‍ എത്ര റണ്‍സടിച്ചു കൂട്ടിയാലും തുറക്കാത്ത ഇന്ത്യന്‍ ടീമിന്‍െറ വാതില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നിടുന്നു. രവീന്ദ്ര ജദജേക്ക് സ്പെഷലിസ്റ്റ് സ്പിന്നറെപ്പോലെ പരിഗണന കിട്ടുമ്പോള്‍ അസ്ഥിരതയുടെ പര്യായമായ സുരേഷ് റെയ്നക്ക് ടീമില്‍ തുടരാന്‍ റണ്‍സമ്പാദ്യമേ വേണ്ടെന്നായിരിക്കുന്നു. ആ സ്ഥാനത്താണ്, വിവിയന്‍ റിച്ചാര്‍ഡ്സിന്‍േറതിന് തുല്യമായ സ്ഥൈര്യവുമായി ഒരുപാടു കാലം നീലക്കുപ്പായത്തില്‍ സേവനമനുഷ്ഠിച്ച പ്രമുഖനെ ഒരു വിടവാങ്ങല്‍ മത്സരം പോലും നല്‍കാതെ നമ്മള്‍ അപമാനിക്കുന്നത്.

ബാറ്റിങ്ങിന്‍െറ കണ്ടുപരിചയിച്ച സൂക്ഷ്മസമീപനങ്ങള്‍ക്കപ്പുറത്ത് ധൈര്യത്തിന്‍െറ ഗാര്‍ഡെടുത്ത് നടുത്തളത്തില്‍ നിറഞ്ഞാടിയിരുന്ന സെവാഗ്, കളിയെ മാത്രമല്ല, കളിയുടെ കാഴ്ചാശീലങ്ങളെക്കൂടിയാണ് ആസാദ്യകരമായ മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ചത്. പച്ചമനുഷ്യനായി ആ ക്രീസില്‍ അയാള്‍ നിലകൊണ്ടു. ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്ന 90 ശതമാനം കാണികളും അയാളുടെ വിസ്ഫോടനാത്മകതയെ പ്രണയിച്ചു. സചിന്‍ ടെണ്ടുല്‍കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ള താരമായി സെവാഗ്. നാട്യങ്ങളില്ലായിരുന്നു വീരുവിന്. അതുകൊണ്ടാണ് നജഫ്ഗഡിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയതാരത്തെ ‘നിഷ്കളങ്കന്‍’ എന്ന് അര്‍ഥം വരുന്ന ‘ഭോലാ’ എന്ന് വിളിക്കുന്നതും. ആ നിഷ്കളങ്കതയില്‍നിന്നുള്ള ആക്ഷനും ട്രാജഡിയും കോമഡിയും ഒക്കെ അടങ്ങിയതായിരുന്നു ക്രീസിലെ വേളകള്‍. സ്ളെഡ്ജ് ചെയ്യുന്ന ശുഐബ് അക്തറിനോട് ‘നിങ്ങള്‍ ബൗള്‍ ചെയ്യുകയാണോ അതോ ബെഗ് ചെയ്യുകയാണോ’ എന്ന സെവാഗിന്‍െറ ചോദ്യം ക്ളോസ് ഇന്‍ ഫീല്‍ഡര്‍മാരില്‍ ചിരി പടര്‍ത്തുന്നതിന്‍െറ കാരണം മറ്റൊന്നുമല്ല. ഇംഗ്ളീഷ് ആക്സന്‍റ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചല്ല, സ്ട്രോക് പ്ളേയുടെ മൂര്‍ച്ച കൂട്ടുന്നതിനെക്കുറിച്ചായിരുന്നു വീരുവിന്‍െറ വേവലാതി. കൃത്രിമ പ്രതിച്ഛായാ നിര്‍മിതിയും താരജാഡയും വശമില്ലാത്തതിനാല്‍ ഉച്ചാരണ ശാസ്ത്രവും സ്വനിമ വിജ്ഞാനവുമൊന്നും അയാളുടെ വിഷയമേ അല്ലായിരുന്നു.

തനിക്ക് തോന്നിയതൊക്കെ ആ 22 വാരക്കുള്ളില്‍ ഡല്‍ഹിക്കാരന്‍ ചെയ്തു കാട്ടി. പദചലനങ്ങളിലും സാങ്കേതികത്തികവിലുമുണ്ടായിരുന്ന ദൗര്‍ബല്യങ്ങളെ സ്വതസിദ്ധമായ ധീരതയാല്‍ ബൗണ്ടറിക്കപ്പുറത്തേക്ക് അടിച്ചുപരത്തി. 99ല്‍നിന്ന് സിക്സറടിച്ചുതന്നെ ശതകം കുറിക്കണമെന്ന് തോന്നിയാല്‍ അതുതന്നെ ചെയ്തു. കണക്കുകൂട്ടലുകള്‍ പാളിയപ്പോള്‍ 195ലും 295ലുമൊക്കെ കളംവിടുകയും ചെയ്തു. അപ്പോഴൊന്നും ശരാശരിക്ക് ഇടിവു പറ്റുമെന്നുള്ള ചിന്തയാല്‍ നഷ്ടബോധം തൂങ്ങിയ മുഖമായിരുന്നില്ല വീരുവിന്.

ക്രീസില്‍ ഇനിയൊരു വീരേന്ദര്‍ സെവാഗ് പിറവി കൊള്ളാന്‍ സാധ്യത തീരെയില്ല്ള. അല്‍പസ്വല്‍പം ബാറ്റുചെയ്യാനറിയുന്ന കുട്ടിക്കാലത്തെ ഓഫ്സ്പിന്നറില്‍നിന്ന് ഇച്ഛാശക്തിയും പ്രതിബദ്ധതയും കൊണ്ടുമാത്രമാണ്് കളി കണ്ട മികച്ച ഓപണര്‍മാരിലൊരാളായി വീരു പേരെടുത്തത്. ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി, രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളുടെ തിളക്കം, ഏകദിനത്തില്‍ ഒരു ഡബ്ള്‍ സെഞ്ച്വറി, 8000ല്‍ അധികം ടെസ്റ്റ് റണ്‍സ്...സര്‍വോപരി ത്രസിപ്പിക്കുന്ന ആ വിസ്ഫോടനാത്മക ശൈലിയും. ഇതെല്ലാം ഒത്തിണങ്ങിയൊരു സെവാഗിനെ ഈ വിധം കളത്തിന് പുറത്തേക്ക് നയിക്കുമ്പോള്‍ ധോണിയെ കാത്തിരിക്കുന്നതും അതുതന്നെയായാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ചരിത്രം സ്വേച്ഛാധിപതികള്‍ക്ക് എന്നും തിരിച്ചടി കൂടി നല്‍കിയിട്ടുണ്ടല്ളോ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.