ന്യൂകാംപല്ലിത് സൗഹൃദപ്പൂങ്കാവനം

വെറും കാറ്റുനിറഞ്ഞൊരു കാല്‍പന്തല്ല, സൗഹൃദ ശ്വാസംകൊണ്ട് ഊതിവീര്‍ത്ത ഹൃദയമാണവര്‍ക്കത്. അവരുടെ കളിമുറ്റത്തുയരുന്നത് താരകപ്പോരിന്‍െറ താന്‍പോരിമയല്ല. ഒത്തുചേരലിന്‍െറ, പങ്കുവക്കലിന്‍െറ കളിചിരിയാണ്. എങ്ങും മനംനിറഞ്ഞൊഴുകുന്ന ആഘോഷം. ബാഴ്സലോണയെന്ന ആ അമ്മക്കളിത്തട്ടില്‍ സൗഹൃദമെന്തെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു കളിച്ചുനടക്കുന്നവര്‍ ചില്ലറക്കാരല്ല. ആ കളിക്കൂട്ടം മുഴുവന്‍ സൗഹൃദത്തിന്‍െറ ആലിംഗനങ്ങളില്‍ വിജയാഘോഷങ്ങള്‍ നടത്തുന്നവരാണെങ്കിലും എടുത്തുപറയേണ്ടത് ഒരു മൂവര്‍ സംഘത്തെക്കുറിച്ചാണ്. ഫുട്ബാള്‍ ചരിത്രത്തെ ഏറ്റവും അപകടകാരികളായ മുന്നേറ്റമെന്ന് രണ്ട് സീസണുകള്‍ കൊണ്ട് തന്നെ പേരെടുത്ത ‘എം എസ് എന്‍’ എന്ന ത്രിമൂര്‍ത്തികളെക്കുറിച്ച്. മെസ്സിയും സുവാരസും നെയ്മറും, ലോകത്തിന്‍െറ ഏറ്റവും വിലപിടിച്ച ഫുട്ബാള്‍ മാന്ത്രികര്‍. ഫുട്ബാള്‍ സ്വാര്‍ഥന്‍മാരുടെ കളിയല്ല, ഒത്തൊരുമയുടെ സന്ദേശമാണെന്ന് മൂന്നു ജോടി ബൂട്ടുകളിലൂടെ പുല്‍മൈതാനങ്ങളില്‍ ആഴത്തില്‍ കോറിയിടുന്ന മൂന്നു ആത്മാര്‍ഥ സുഹൃത്തുക്കള്‍. പൊന്‍തൂക്കം വിലയുള്ള താരങ്ങള്‍ എന്ന ഗര്‍വില്ലാതെ തോളില്‍കൈയിട്ട് പരസ്പരം പ്രോത്സാഹിപ്പിച്ച് അവര്‍ കളിക്കുന്നു, കളിപ്പിക്കുന്നു, ഗോളടിക്കുന്നു, ഗോളടിപ്പിക്കുന്നു. മൂവരും ഒത്തുചേര്‍ന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ കുതിപ്പ് തെളിവുനല്‍കുന്നു ആ സൗഹൃദത്തിന്‍െറ സത്യസന്ധതക്ക്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സെല്‍റ്റ ഡി വിഗോക്കെതിരെ നടന്ന മത്സരത്തില്‍ പിറന്ന ‘ചരിത്ര പെനാല്‍റ്റി പാസ്’ ആ സൗഹൃദച്ചെപ്പിലെ ഏറ്റവും പുതിയ അടയാളപ്പെടുത്തലാണ്. സെല്‍റ്റ കളിക്കാരെ കബളിപ്പിക്കാനോ കളിയാക്കാനോ അല്ല, കൂട്ടുകാരന്‍െറ ചുണ്ടില്‍ ഒരു സ്പെഷ്യല്‍ പുഞ്ചിരിയും അവനൊരു ഹാട്രിക്കും മാത്രമാണ് മെസ്സി മോഹിച്ചതെന്ന് പറയാം (നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് അത് നടപ്പാക്കുകയും ചെയ്തു). അതുമല്ളെങ്കില്‍, 1982ല്‍ അയാക്സിനായി കളിക്കവേ  ഹെല്‍മണ്ട് സ്പോര്‍ട്ടിനെതിരെ കൂട്ടുകാരനൊപ്പം സമാന ഗോള്‍ നേടിയ, ഇപ്പോള്‍ കാന്‍സറിനോട് പൊരുതുന്ന ബാഴ്സ ഇതിഹാസം യൊഹാന്‍ ക്രൈഫിനൊരു ഓര്‍മപുതുക്കല്‍. ആ പാസും ഗോളും കണ്ട് സാക്ഷാല്‍ ക്രൈഫ് തന്നെ ഉത്തേജിതനായി എന്ന റിപ്പോര്‍ട്ടുകളും ചേര്‍ത്തുവായിക്കാം.  എതിരാളിയെ കബളിപ്പിച്ച് തന്‍െറ ടീമിനൊരു ഗോള്‍ നേടിക്കൊടുക്കേണ്ട ‘ഗതികേടൊന്നും’ മെസ്സി എന്ന ലോകതാരത്തിനില്ളെന്നത് വിമര്‍ശകര്‍ക്കുള്ള ഏറ്റവും വലിയ മറുപടി.

Full View


സ്പാനിഷ് ലാ ലിഗയില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ലിനെ കാത്തിരിക്കാന്‍ വിട്ടാണ് മെസ്സി കൂട്ടുകാരന് പന്ത് മറിച്ചു നല്‍കിയത് എന്നത് ആ നിമിഷത്തിലെ ഹൈലൈറ്റ്. ഇതിനൊരു മറുവശവുമുണ്ട്. മെസ്സിയുടെ പാസ് തന്നെ ഉദ്ദേശിച്ചായിരുന്നെന്നാണ് നെയ്മര്‍ പിന്നീട് പറഞ്ഞത്. പരിശീലന വേളയില്‍ തങ്ങളിരുവരും ആ പാസിങ് ട്രിക് പരീക്ഷിച്ചതാണെന്നും സുവാരസ് അടുത്തായിരുന്നതിനായി അവന് സ്കോര്‍ ചെയ്യാന്‍ അവസരം കിട്ടി എന്നുമാണ് നെയ്മര്‍ പറഞ്ഞത്. ഒപ്പം ഒന്നുകൂടിപ്പറഞ്ഞു, ‘ഞങ്ങളുടെ സൗഹൃദത്തിനാണ് കൂടുതല്‍ പ്രാധാന്യം. ആര് സ്കോര്‍ ചെയ്യുന്നു എന്നതിലല്ല, ഞങ്ങള്‍ ജയിക്കുന്നതാണ് കാര്യം.’ അതെ, ആരെ ഉദ്ദേശിച്ചായിരുന്നെന്നോ ലക്ഷ്യം മാറിപ്പോയെന്നോ എന്നതൊന്നും അവിടെ പ്രസക്തമല്ല, അവരുടെ സൗഹൃദത്തിന്‍െറ വിശാലതയാണ് കൈയടിനേടേണ്ടത്. മെസ്സി സാധാരണരീതിയില്‍ ആ ഗോള്‍ സ്കോര്‍ ചെയ്തിരുന്നെങ്കില്‍ നൂറുകണക്കിന് വലകുലുക്കലുകളിലൊന്നു മാത്രമായി അത് കടന്നുപോകുമായിരുന്നു. അങ്ങനെ ഒന്നുണ്ടാകാതിരുന്നതിനാല്‍ തന്നെ ചരിത്രം എന്നും ആ നിമിഷത്തെയും ഗോളിനെയും അവരുടെ സൗഹൃദത്തെയും ഓര്‍മകളുടെ സുവര്‍ണതാളില്‍ സൂക്ഷിക്കുമെന്ന് ഉറപ്പാണ്.

ആഴ്ചകള്‍ക്ക് മുമ്പ് വലന്‍സിയക്കെതിരെ ഇരുവരും ഹാട്രിക് നേടിയപ്പോള്‍ തനിക്കുനേരെ മാച്ച് ബാള്‍ നീട്ടിയ ബാഴ്സ ഒഫീഷ്യലിനോട് അതിനര്‍ഹന്‍ നാലു ഗോള്‍ നേടിയ സുവാരസാണെന്ന് പറഞ്ഞും മെസ്സി അതിശയിപ്പിച്ചിരുന്നു. അന്ന് രണ്ടാള്‍ക്കും ഓരോ പന്ത് വീതം നല്‍കിയാണ് ബാഴ്സ തങ്ങളുടെ താരകങ്ങളെ ആദരിച്ചത്. കഴിഞ്ഞവര്‍ഷം കോര്‍ഡോബക്കെതിരായ മത്സരത്തില്‍, ഹാട്രിക് നേടാന്‍ അവസരമുണ്ടായിരുന്ന മെസ്സി പെനാല്‍റ്റി കിക്ക് തനിക്ക് വച്ച് നീട്ടിയ നിമിഷം നെയ്മര്‍ക്ക് പ്രിയപ്പെട്ടൊരോര്‍മയാണ്. സുവാരസും നെയ്മറുമായുള്ള ഓഫ്ഫീല്‍ഡ് സൗഹൃദമാണ് ലോകം പുകഴ്ത്തുന്ന ബാഴ്സയുടെ തകര്‍പ്പന്‍ ഫോമിന് കാരണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ മെസ്സി പറഞ്ഞിരുന്നു. ബാഴ്സലോണയിലെ കാസ്റ്റല്‍ഡെഫെല്‍സില്‍ മെസ്സിയും സുവാരസും താമസിക്കുന്നതിന് തൊട്ടടുത്ത് നെയ്മര്‍ പുതിയ വീടുവാങ്ങിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ്. മെസ്സിക്കൊപ്പം കളിക്കുന്നത് ഭാഗ്യമെന്ന് കരുതി റയല്‍ മഡ്രിഡിനെ തള്ളി ബാഴ്സയെ തെരഞ്ഞെടുത്ത നെയ്മര്‍, എതിരാളികളെ കടിച്ചും കൈയാങ്കളി നടത്തിയും വില്ലനായിരുന്ന സുവാരസിന്‍െറ ഇപ്പോഴത്തെ നല്ലകുട്ടിയുടെ നിറപ്പുഞ്ചിരി,...ഇങ്ങനെ പുറത്തറിഞ്ഞതും അല്ലാത്തതുമായ എത്രയോ സൗഹൃദമുഹൂര്‍ത്തങ്ങള്‍, മാറ്റങ്ങള്‍.

കളത്തിലെ കൊലയാളികള്‍
ഫുട്ബാള്‍ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര എന്ന് മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തെ ലോകം വാഴ്ത്തുമ്പോള്‍ എതിരാളികള്‍ക്ക് പോലും മറിച്ചൊരു അഭിപ്രായമില്ല.  ഒമ്പത്, പത്ത്, പതിനൊന്ന് എന്ന ജഴ്സി നമ്പര്‍ തുടര്‍ച്ച പോലെതന്നെ എതിര്‍ഗോള്‍മുഖങ്ങളില്‍ അവരുടെ ചലനവും ഒന്നിനൊന്നു പൊരുത്തപ്പെട്ട് നീങ്ങുന്നു. എണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തിന്‍െറ മൂന്നു ഭാഗങ്ങളായി..എപ്പോള്‍, എങ്ങനെ തീതുപ്പുമെന്നത് മാത്രം അപ്രവചനീയം. 2014-15 സീസണില്‍ അവര്‍ മാത്രം ബാഴ്സക്കായി നേടിയത് 122 ഗോളുകള്‍. മറ്റുടീമുകളുടെയെല്ലാം ഇലവനുകള്‍ സീസണ്‍ മുഴുവന്‍ നേടിയത് പിന്നില്‍ നില്‍ക്കുന്ന കണക്ക്. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റമായി അവരെ പ്രതിഷ്ഠിച്ച റെക്കോഡ്. അസിസ്റ്റുകളുടെ കണക്ക് പറയുകയും വേണ്ട. അടുത്തടുത്തുനില്‍ക്കുന്ന വ്യക്തിഗത ഗോള്‍നേട്ടങ്ങള്‍. അതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ക്ളബായി ബാഴ്സയുടെ വാഴ്ച. ചരിത്രത്തിലെ രണ്ടാം ട്രെബ്ള്‍ കിരീടനേട്ടം. ഒരു സീസണിലെ അപ്രതീക്ഷിത കുതിപ്പായിരുന്നില്ല ആ പ്രകടനങ്ങളെന്ന് അടിവരയിടുന്നു ഈ സീസണിലും തുടരുന്ന ബാഴ്സയുടെ തച്ചുതകര്‍ക്കലുകള്‍.അടുത്ത ബാലണ്‍ ഡിഓര്‍ അവസാന മൂന്നില്‍ അവര്‍ പരസ്പരം മത്സരിച്ചാലും ആരും അതിശയിക്കില്ല. കഴിഞ്ഞതില്‍ തന്നെ പലരും അത് പ്രതീക്ഷിച്ചിരുന്നു.

മെസ്സിക്കൊപ്പം പോന്നവന്‍ എന്ന പേരുമായത്തെിയ നെയ്മറും കയ്യിലിരിപ്പ് ശരിയല്ളെന്ന് ഏവര്‍ക്കും ഉത്തമബോധമുണ്ടായിരുന്ന സുവാരസും ന്യൂ കാംപിലത്തെുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയായിരിക്കില്ല എന്ന മുന്‍വിധിയിലായിരുന്നു ഫുട്ബാള്‍ ലോകം. സ്വീഡിഷ് സ്ട്രൈക്കര്‍ സ്ളാട്ടന്‍ ഇബ്രാഹിമോവിചിന് പിരിഞ്ഞുപോകേണ്ടിവന്നതുപോലുള്ള ഗതി വീണ്ടും പ്രതീക്ഷിച്ചവരുമേറെ. എന്നാല്‍, എല്ലാം സംശയം മാത്രമായൊതുങ്ങി. അന്ന് പുരികം ചുളിച്ചവര്‍ ഇന്ന് ആ കൂട്ടിനെ വാഴ്ത്തുന്നു, ആരാധിക്കുന്നു. ബാഴ്സലോണയുടെ ഫുട്ബാള്‍ പൈതൃകത്തിനുമുണ്ടാകും ആ കൂട്ടുകെട്ടിലൊരു പങ്ക്. ‘ഒരു ക്ളബ്ബിനപ്പുറം’ എന്ന മന്ത്രമോതുന്ന ന്യൂകാംപില്‍ സൗഹൃദങ്ങള്‍ക്കെന്നും പൊന്നുവിലയാണ്. അവരുടെ മുന്നേറ്റനിരയില്‍ ലോകം ദര്‍ശിക്കുന്നത് ആ കളിക്കൂട്ടത്തിന്‍െറ മൊത്തം സ്വഭാവം തന്നെയാണ്. ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വെ ഇവാന്‍ രകിടിച്, ആന്ദ്രെ ഇനിയേസ്റ്റ എന്നിവരില്‍ തുടങ്ങി മുന്‍ താരങ്ങളായ റൊണാള്‍ഡീന്യോ, സാവി, കാര്‍ലോസ് പുയോള്‍, സെസ്ക് ഫാബ്രിഗാസ് തുടങ്ങിയവരിലൂടെ പെപ് ഗ്വാര്‍ഡിയോളയിലേക്കും യൊഹാന്‍ ക്രൈഫിലേക്കും വരെ ആ സൗഹൃദക്കണ്ണികള്‍ നീണ്ടുപോകുന്നു. ആ സൗഹൃദക്കൂട്ടില്‍ ബാഴ്സയുടെ വളര്‍ച്ചയും.
 

ഇനിയേസ്റ്റയും സാവിയും ചേര്‍ന്ന് അവസരങ്ങളൊരുക്കുന്നത്കൊണ്ട് മെസ്സി ഗോളടിക്കുന്നു എന്ന കുത്തുവാക്കുകളില്‍ നിന്ന് സുവാരസിനും നെയ്മര്‍ക്കുമൊപ്പം ചേര്‍ന്ന് മെസ്സി ലോകം വാഴുന്നതിലേക്ക് കാലം വളര്‍ന്നിരിക്കുന്നു.  ഇനിയുള്ള സീസണുകളിലും അത് കാണാനിരിക്കുന്നതേയുള്ളു. അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വായ് എന്നീ ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ‘ശത്രുരാജ്യ’ങ്ങളില്‍ നിന്നുള്ള അവരുടെ സൗഹൃദത്തിന് കളിയുടെ നിലവാരമുയര്‍ത്താന്‍ കഴിയുന്നു എന്നതിന് വേറെന്ത്  തെളിവ് വേണം, പുല്‍മൈതാനങ്ങളില്‍ നിറയുന്ന എണ്ണമറ്റ ആലിംഗനങ്ങളല്ലാതെ.

സോഷ്യല്‍മീഡിയ ഒരു ദൃഷ്ടാന്തം
കളത്തിനപ്പുറത്ത് താരങ്ങളുടെ ജീവിതത്തെ വിരല്‍ത്തുമ്പിലത്തെിക്കുന്ന സോഷ്യല്‍മീഡിയ പേജുകളിലേക്ക് തന്നെ കണ്ണോടിക്കാം. പരസ്പരം ഫോളോ ചെയ്യുന്നുണ്ടോ അണ്‍ഫ്രണ്ട് ചെയ്യുന്നുണ്ടോ എന്നതെല്ലാം നോക്കി ബന്ധങ്ങളുടെ സ്ഥാനവും അസ്ഥാനവുമൊക്കെ നിര്‍ണയിക്കുന്ന ഇക്കാലത്ത് മെസ്സിയുടെയും സുവാരസിന്‍െറയും നെയ്മറുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ നിറയുന്നത് ആത്മബന്ധത്തിന്‍െറ ചിത്രക്കുറിപ്പുകളാണ്. കളത്തിനകത്തും ഡ്രസിങ് റൂമിലുമുള്ള നിമിഷങ്ങള്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പരസ്പരം നല്‍കുന്ന സ്നേഹത്തിന്‍െറയും ബഹുമാനത്തിന്‍െറയും ഓര്‍മപ്പെടുത്തലുകളും അവരുടെ പേജുകളിലുണ്ട്.

നെയ്മറുടെ ട്വിറ്റർ പേജിൽ നിന്നും
 

ഗോളടിച്ച കൂട്ടുകാരന്‍െറ മികവും അവനുള്ള അഭിനന്ദനവും ബാഴ്സ മത്സരങ്ങള്‍ക്ക് പിന്നാലെ മൂവരുടെയും പോസ്റ്റുകളായത്തെും. ഒരാള്‍ക്ക് പരിക്കേറ്റാല്‍ ആശ്വാസത്തിന്‍െറ സന്ദര്‍ശന മുഹൂര്‍ത്തങ്ങള്‍ പിറക്കും. സുവാരസ് സമ്മാനിച്ച പൈജാമയും അണിഞ്ഞുനില്‍ക്കുന്ന മെസ്സി, സുവാരസിനെ തടിയനെന്നും സഹോദരനെന്നും വിളിക്കുന്ന നെയ്മര്‍, നമുക്ക് വയസാകുകയാണെന്നും കുറച്ച് തിന്നാല്‍ മതിയെന്നും പിറന്നാള്‍ ദിനത്തില്‍ നെയ്മറിനെ ഉപദേശിക്കുന്ന സുവാരസ്, സുവാരസാണ് ലോകത്തിലെ മികച്ച സ്ട്രൈക്കര്‍ എന്നു പറയുന്ന മെസ്സി, തന്‍െറ രണ്ട് സുഹൃത്തുക്കളും മഹാന്മാരാണെന്നും അവരില്‍ അഭിമാനിക്കുന്നെന്നും പറയുന്ന സുവാരസ്, മെസ്സിയെ ഹീറോയായി കണ്ട് ആരാധിക്കുന്ന നെയ്മര്‍, മെസ്സി ലോകത്തിലേക്കും വച്ച് മികച്ചവനെന്ന് കുറിക്കുന്ന സുവാരസ്.. നമുക്കിടയിലുള്ള ‘നന്‍ബന്‍സ്’ പിള്ളേരാണോ ലോകം കണ്ട ഏറ്റവും മികച്ച താരകങ്ങളാണോ എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റംപറയാനാകില്ല.

എന്ത് കൊണ്ട് ഇതെല്ലാം വലിയ കാര്യമായി ചര്‍ച്ചചെയ്യപ്പെടണം എന്നചോദ്യത്തിനുള്ള ഉത്തരം, ലോക ഫുട്ബാളിനെ ഭരിക്കുന്ന വ്യക്തികേന്ദ്രീകൃത ജാടകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ട ഒരു കാരണവും ഈ മൂന്നു പേര്‍ക്കും ഇല്ല എന്നുള്ളതാണ്. കഴിവും പണവും താരത്തിളക്കവും നിയന്ത്രണശക്തിയുമെല്ലാം വേണ്ടതിലുമധികം മൂന്നാള്‍ക്കും സ്വന്തമായി തന്നെയുണ്ട്. ഇന്ന് ഫുട്ബാളിന്‍െറ തലപ്പത്താണവര്‍. മോഹവിലനല്‍കി സ്വന്തമാക്കാന്‍ വന്‍കിട ക്ളബുകള്‍ രണ്ടാമതൊന്ന് ആലോചിക്കില്ല എന്ന സ്റ്റാമ്പു പതിഞ്ഞ താരങ്ങള്‍. പല വന്‍കിടക്കാരും ഫുട്ബാളിന് ടീം ഗെയിം എന്ന മാന്യത നല്‍കാന്‍ പലപ്പോഴും മറക്കുന്നതിന് ആരാധകര്‍ സാക്ഷികളാണ്. എന്നാല്‍, ആ പലരെയും പോലെ (ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലുള്ളവരുമായി സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല!) താനെന്നഭാവം തങ്ങളെ ഭരിക്കാനനുവദിക്കാതെ ഗെയിമിന്‍െറ സ്പിരിറ്റിനൊപ്പം ചേര്‍ന്ന മാതൃകാബിംബങ്ങളാകുന്നതാണ് അവരുടെ സൗഹൃദം ഫുട്ബാളിനും ലോകത്തിനും നല്‍കുന്ന ഏറ്റവും വലിയ നന്മ. മറ്റൊരു ലോകക്ളബിനും അവകാശപ്പെടാനില്ലാത്ത ഈ കൂട്ടുകെട്ടില്‍ ബാഴ്സലോണക്ക് അഭിമാനിക്കാം. അവര്‍ പണം നല്‍കി വാങ്ങിയത് പ്രതിഭകളെ മാത്രമല്ല, മനുഷ്യരെക്കൂടിയാണ് എന്നകാര്യത്തില്‍ കറ്റാലന്‍ പടക്ക് സ്തുതി പാടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.