‘എനിക്കൊരു കുഞ്ഞുണ്ടായാല്‍ ആദ്യം ഉപദേശിക്കുക നീ ഒരിക്കലും ഒരു അത്ലറ്റ് ആവരുതേ എന്നായിരിക്കും...’ -ട്രാക്കുകളെ റെക്കോഡുകള്‍കൊണ്ട് പുളകമണിയിച്ചിരുന്ന ഒരു ദേശീയ താരത്തിന്‍െറ ഹൃദയത്തില്‍ തട്ടിയുള്ള വാക്കുകളാണിത്. 100, 200 മീറ്റര്‍ സീനിയര്‍ വിഭാഗത്തില്‍ ഇപ്പോഴും ആരും മറികടക്കാത്ത ദേശീയ റെക്കോഡിനുടമയും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആറുവര്‍ഷവും ദേശീയ സ്കൂള്‍ കായികമേളയില്‍ നാലു തവണയും വ്യക്തിഗത ചാമ്പ്യനുമായിരുന്ന ഇ.എം. ഇന്ദുലേഖ അത്രമേല്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ട്രാക്കുകള്‍ അവര്‍ക്ക് ജീവിതത്തില്‍ കൊടുത്തത് ദുരിതം മാത്രമായിരുന്നു.
കായിക താരത്തിന് വേണ്ട ശാരീരികക്ഷമതയില്ളെന്നു പറഞ്ഞ് ട്രാക് വിടാന്‍ ഉപദേശിച്ച കായികാധ്യാപകരുടെ കരണത്തേറ്റ അടിയായിരുന്നു 2009 ദേശീയ സ്കൂള്‍ മീറ്റ്. കൊച്ചി മഹാരാജാസിലെ ഹോം ഗ്രൗണ്ടില്‍ നിറഞ്ഞുനിന്ന കാണികളെ സാക്ഷിയാക്കി 11.98 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയത്തെിയപ്പോള്‍ അതൊരു ചരിത്രമായി. 10 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് ഭേദിച്ചതറിയാതെ ട്രാക്കില്‍നിന്ന് കിതച്ച ഇ.എം. ഇന്ദുലേഖയെ അനുമോദിക്കാന്‍ ആദ്യം ഓടിയത്തെിയത് പി.ടി.ഉഷ എന്ന തന്‍െറ മുന്‍ പരിശീലകയായിരുന്നു. തന്‍െറ വിദ്യാലയത്തില്‍നിന്ന് പറഞ്ഞുവിട്ട വിദ്യാര്‍ഥി കണ്‍മുന്നില്‍ വെച്ച് മറുപടി തരുന്നത് അവര്‍ക്ക് കണ്ണുനിറഞ്ഞ് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 24.55 സെക്കന്‍ഡില്‍ ഓടിയത്തെി 200 മീറ്ററിലും ദേശീയ റെക്കോഡ് തന്‍െറ പേരില്‍ കുറിച്ച് മഹാരാജാസിലെ മഹാറാണിയായി ഇ.എം. ഇന്ദുലേഖ കളംനിറഞ്ഞു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആറുവര്‍ഷവും ദേശീയ സ്കൂള്‍ കായികമേളയില്‍ നാലു തവണയും വ്യക്തിഗത ചാമ്പ്യനായിരുന്ന ഇ.എം. ഇന്ദുലേഖ അത്രമേല്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ട്രാക്കുകള്‍ അവര്‍ക്ക് ജീവിതത്തില്‍ കൊടുത്തത് ദുരിതം
മാത്രമായിരുന്നു
പി.ടി. ഉഷയുടെ പിന്‍ഗാമിയെന്ന വിശേഷണവും പേറി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഇ.എം. ഇന്ദുലേഖ പിന്നീട് അധികമാരും അറിയാതെ മാഞ്ഞുപോയി. രാജ്യത്തിന് അഭിമാനമായി മാറേണ്ടിയിരുന്ന അത്ലറ്റിന്‍െറ പിന്മാറ്റം കായികമേഖലയിലുള്ളവര്‍ പോലും അന്വേഷിക്കുകയോ ചര്‍ച്ചയാക്കുകയോ ചെയ്തില്ല. പിന്നീടൊരിക്കലും ഇന്ദുലേഖയെ ട്രാക്കിനകത്തോ പുറത്തോ കണ്ടില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം ദേശീയ സ്കൂള്‍ മീറ്റ് കേരളത്തിലത്തെുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടവരില്‍ ഒരാള്‍ ഇന്ദുലേഖയായിരുന്നു. ട്രാക്കില്‍നിന്ന് മറഞ്ഞ താരത്തെ തേടിയുള്ള യാത്ര കൊച്ചിയിലെ സ്വകാര്യ കമ്പനിയിലത്തെി നിന്നു. മാര്‍ക്കറ്റിങ് കമ്പനിയിലെ ജീവനക്കാരിയായ ഇന്ദുലേഖ ഇന്ന് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.
ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് മഹാരാജാസ് മൈതാനത്തേക്ക് വീണ്ടും വരാന്‍ അവര്‍ തയാറായത്. തന്‍െറ റെക്കോഡുകള്‍ ഇപ്പോഴും ഭദ്രമായിരിപ്പുള്ള മഹാരാജാസിലെ സിന്തറ്റിക് ട്രാക്കിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഇന്ദുലേഖ അറിയാതെ വിതുമ്പി. ആറുവര്‍ഷത്തിനിപ്പുറം ഒരിക്കല്‍പോലും ആ മണ്ണിലേക്ക് എത്തിനോക്കിയിട്ടില്ല. ചിന്മയ വിദ്യാലയത്തിന്‍െറ അത്ലറ്റിക് മീറ്റ് സമാപന ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ മൈതാനത്തേക്ക് എത്തിയത്. പരിചിതഭാവം ആരുടെയും മുഖത്തില്ലാത്തതുകൊണ്ട് മൈതാനത്തിന്‍െറ ഒരു ഭാഗത്തുനിന്ന് നിറകണ്ണോടെ തന്‍െറ ജീവിതം ഇന്ദുലേഖ പറഞ്ഞുതീര്‍ത്തു. കുഞ്ഞുതാരങ്ങളെ വാര്‍ത്തെടുക്കുന്ന മേളയില്‍ വിശിഷ്ടാതിഥിയായി എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഹൈബി ഈഡന്‍ എം.എല്‍.എയുമെല്ലാം മുഖാമുഖം കണ്ടുമുട്ടിയിട്ടും ദേശീയ റെക്കോഡിനുടമയായ അത്ലറ്റിനെ തിരിച്ചറിയാതെപോയതിലുള്ള സങ്കടവും അവര്‍ മറച്ചുവെച്ചില്ല. ‘ഇത്രയേയുള്ളൂ ഒരു അത്ലറ്റിന്‍െറ ജീവിതം. അല്ളേല്‍ സെല്‍ഫ് മാര്‍ക്കറ്റിങ്ങിന് കഴിയണം’ -ഇന്ദുലേഖ പറഞ്ഞുനിര്‍ത്തി.
***
ആലപ്പുഴയിലെ ചേര്‍ത്തലക്കടുത്ത ചാരമംഗലം കല്ലാപ്പുറത്താണ് ഇ.എം. ഇന്ദുലേഖയുടെ വീട്. ഉണ്ണികൃഷ്ണന്‍ നായരുടെയും ഇന്ദിരയുടെയും മൂത്തമകള്‍. ചാരമംഗലം സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നത്. അന്ന് എല്ലാ ഇനത്തിലും ഒന്നാം സമ്മാനം കിട്ടിയ കുട്ടിയെ ക്ളാസ് ടീച്ചര്‍ പ്രതാപനാണ് സ്പോര്‍ട്സിലേക്ക് വഴിതിരിച്ചുവിടുന്നത്. തന്‍െറ സ്വപ്നവും ആഗ്രഹവുംപോലെ എട്ടാം ക്ളാസില്‍ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സില്‍ പ്രവേശവും കിട്ടി. സ്കൂള്‍ മീറ്റിലെ പ്രകടനം കണ്ട് പി.ടി. ഉഷ നേരിട്ടാണ് ഉഷാ സ്കൂളിലേക്ക് ക്ഷണിച്ചത്. അഡ്മിഷനുമുമ്പ് നടത്തിയ ട്രയല്‍ റണ്ണിലെ മികച്ചപ്രകടനം കാര്യങ്ങള്‍ എളുപ്പമാക്കി. അവിടെനിന്ന് സ്കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100, 200 മീറ്ററില്‍ ഒന്നാമതും ദേശീയ മീറ്റില്‍ 100 മീറ്ററില്‍ രണ്ടാമതുമത്തെി. ആയിടക്കാണ് കാലിന് ശക്തമായ വേദന തുടങ്ങിയത്. ഒപ്പം പുറംവേദനയും. അതോടെ പരിശീലനം മുടങ്ങി. ഒമ്പതാം ക്ളാസില്‍ പ്രവേശിച്ച് ഒരു മാസത്തിനകം കുട്ടികളെ ഫീല്‍ഡ് ഒൗട്ട് ആക്കി തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി അക്കൂട്ടത്തില്‍ ഇന്ദുലേഖയും പെട്ടു. ‘പരിക്കുമൂലം പരിശീലനം തുടരാന്‍ പറ്റില്ല, ഇവിടെ ഇനി നിര്‍ത്താനും മാര്‍ഗമില്ല’ -സ്കൂളില്‍നിന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.
ഉഷയോട് നേരിട്ട് കാര്യം പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. വേറെ എവിടെ പോകുമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കോതമംഗലത്തെ സ്കൂളിനെക്കുറിച്ച് അറിയുന്നത്. മാര്‍ ബേസിലും സെന്‍റ് ജോര്‍ജും ഓഫറുമായി വന്നു. പിന്നീട് സെന്‍റ് ജോര്‍ജില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. രാജു പോളായിരുന്നു ഗുരു. മൂന്നുമാസം കൊണ്ട് വേദന പൂര്‍ണമായും മാറിയിരുന്നു. ആദ്യവര്‍ഷം തന്നെ ഉഷ സ്കൂളിലെ കുട്ടികളെ പിന്തള്ളുന്ന പ്രകടനം പുറത്തെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ മൂന്നു വര്‍ഷവും മികച്ച പ്രകടനം പുറത്തെടുക്കാനായി.
ആയിടക്കാണ് ലെന്‍സ് ട്യൂമര്‍ ബാധിച്ച് ഇന്ദുലേഖയുടെ അച്ഛന്‍ മരിച്ചത്. ‘കായികരംഗത്തേക്ക് തന്നെ കൊണ്ടുവന്നതും അതിനുവേണ്ടി കുഞ്ഞുനാളിലേ വിശ്രമമില്ലാതെ പരിശീലിപ്പിച്ചതും അച്ഛനായിരുന്നു. ഞാന്‍ രാജ്യം അറിയുന്ന അത് ലറ്റാവണമെന്ന് എന്നെക്കാള്‍ കൂടുതല്‍ ആഗ്രഹം അദ്ദേഹത്തിനായിരുന്നു. അച്ഛന്‍ പോയതോടെ ഞങ്ങള്‍ ഒറ്റപ്പെട്ടു. കയര്‍ ഫാക്ടറിയിലെ ജോലിക്കാരിയായ അമ്മ അച്ഛന്‍െറ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമത്തിലായിരുന്നു’ -പഴയ ഓര്‍മകളില്‍ കണ്ണുനിറഞ്ഞ് ഇന്ദുലേഖ പറഞ്ഞു.
കുറച്ചുനാള്‍ പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നെങ്കിലും ട്രാക്കിലേക്ക് ശക്തമായി തിരിച്ചുവന്നു. സീനിയറായി മത്സരിച്ച ആദ്യ വര്‍ഷം സംസ്ഥാന മീറ്റിലും ദേശീയ മീറ്റിലും മികച്ച പ്രകടനം പുറത്തെടുത്തു. പിന്നീടുള്ള ഒരു വര്‍ഷം ജീവിതത്തിലെ ഏറ്റവും ശക്തമായ പരിശീലനമായിരുന്നു. രണ്ടാം വര്‍ഷം കൊച്ചിയില്‍ വിരുന്നത്തെിയ ദേശീയ മീറ്റില്‍ പലരുടെയും മുന്‍ധാരണകളെ കാറ്റില്‍ പറത്തി 100 മീറ്ററില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി. അവിശ്വസനീയ പ്രകടനം പുറത്തെടുത്ത ഇന്ദുലേഖയെ സാക്ഷാല്‍ പി.ടി. ഉഷ ഓടിയത്തെി ഉമ്മകൊടുത്തു. ഇറക്കിവിട്ട കൈകള്‍കൊണ്ട് ആശ്ളേഷണം ലഭിച്ചപ്പോള്‍ അതൊരു മധുരപ്രതികാരം കൂടിയായി. 200 മീറ്ററിലും 4x100, 4x400 മീറ്റര്‍ റിലേകളിലും ദേശീയ റെക്കോഡ് തിരുത്തിയെഴുതി മീറ്റിന്‍െറ റാണിയായി ഇന്ദുലേഖ. പത്രങ്ങള്‍ ഫോട്ടോകള്‍ വെച്ച് കുറച്ചു നാള്‍ ആഘോഷിച്ചു.
അവിടെനിന്ന് നേരെ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലേക്ക്. ബി.എ ഹിസ്റ്ററിക്ക് ചേര്‍ന്നു. ഇതിനിടെ, ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷം നീളുന്ന പരിശീലനത്തിന് പുറപ്പെടാനൊരുങ്ങവേ മുംബൈ റെയില്‍വേയില്‍ ജോലി ലഭിച്ചു. പരിശീലനത്തിനുശേഷം ജോലിക്ക് കയറാമെന്ന ധാരണയില്‍ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. പക്ഷേ, അവിടെ കാത്തിരുന്നത് പരിക്കുകളുടെ ലോകമാണ്. വീഴ്ചയില്‍ കാലിന് പരിക്കേറ്റ് പരിശീലനം മുടങ്ങി. കാര്യമായി ഒന്നും ചെയ്യാതെ ആ വര്‍ഷം കടന്നുപോയി. ദക്ഷിണാഫ്രിക്കന്‍ പരിശീലനം സഹതാരങ്ങള്‍ക്കും കാര്യമായ പ്രയോജനമുണ്ടാക്കിയിരുന്നില്ല. നാട്ടിലത്തെി ചികിത്സയാരംഭിച്ചു. ഇതിനിടെ, വെച്ചുനീട്ടിയ റെയില്‍വേ ജോലി തട്ടിത്തെറിപ്പിച്ച പോലെയായി. നട്ടെല്ലിന് പ്രശ്നമുണ്ടെന്നും സ്പോര്‍ട്സ് നിര്‍ത്തുന്നതാണ് നല്ലതെന്നും ഡോക്ടര്‍ ഉപദേശിച്ചു. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തെങ്കിലും ട്രാക്കിലേക്ക് മടങ്ങാനായില്ല. പഠനവും മുടങ്ങി.
പിന്നീട് സ്പോര്‍ട്സ് കേള്‍ക്കുന്നതേ അലര്‍ജിയായി. അങ്ങനെയാണ് എറണാകുളത്തെ സ്വകാര്യ മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുമ്പോഴും സര്‍ക്കാര്‍ സര്‍വിസാണ് മനസ്സുനിറയെ. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എഴുതിയെടുക്കാന്‍ ശ്രമിക്കുകയാണ്. ജീവിതം സ്പോര്‍ട്സിനുവേണ്ടി സമര്‍പ്പിച്ചതായിരുന്നു. വിധി അത് തട്ടിത്തെറിപ്പിച്ചു. ഇനി സ്ഥിരം ജോലിയാണ് ലക്ഷ്യം. മാത്രമല്ല, പുതിയ കുട്ടികളോട് ഒരു ഉപദേശം കൂടിയുണ്ട് ഇന്ദുലേഖക്ക്. ‘വെള്ളിവെളിച്ചം മായുംമുമ്പ് നേടാനുള്ളത് നേടാനാവണം. അത് ട്രാക്കിനകത്തായാലും പുറത്തായാലും. അല്ളേല്‍ തന്നെപ്പോലെ വിധി പഴി പറഞ്ഞ് കാലം കഴിച്ചുകൂട്ടണം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.