അത്​ലറ്റിക്സിലെ ഇന്ത്യന്‍ ദാരിദ്ര്യരേഖ

ഒരു നിമിഷത്തെ വീണ്ടും നൂറു കഷണമാക്കാമെന്ന അറിവ് ഇന്ത്യക്കാരെ ഓര്‍മപ്പെടുത്തിയത് പി.ടി. ഉഷയാണ്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സെക്കന്‍ഡിന്‍െറ നൂറിലൊരംശത്തിന് ഉഷക്ക് മെഡല്‍ നഷ്ടമായ വാര്‍ത്ത നിരാശക്കൊപ്പം നല്‍കിയ വിസ്മയം കൂടിയായിരുന്നു അത്. ഇലക്ട്രോണിക് ടൈമര്‍ സെക്കന്‍ഡിനെ നൂറാക്കി നുറുക്കിയപ്പോള്‍ ഇന്ത്യയുടെ മൊത്തം ഹൃദയമാണ് വേദനിച്ചത്. രാജ്യം അത്രമാത്രം കൊതിച്ചിരുന്നു ആ വെങ്കലം. 120 കൊല്ലത്തെ ആധുനിക ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ഒരു ഇന്ത്യന്‍ താരം വിജയപീഠം കയറുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. 1900ത്തില്‍ രണ്ടാമത് ഒളിമ്പിക്സില്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ആംഗ്ളോ-ഇന്ത്യക്കാരന്‍ നേടിയ രണ്ടു വെള്ളിമെഡലുകളാണ് ഇന്ത്യയുടെ വരവില്‍ ഇപ്പോഴുമുള്ളത്. 200 മീറ്ററിലും 200 മീ. ഹര്‍ഡ്ല്‍സിലും രണ്ടാമതത്തെിയ ഈ കൊല്‍ക്കത്തക്കാരന്‍ സ്വന്തംനിലക്ക് മത്സരിക്കാന്‍ പോയതായിരുന്നു. ട്രാക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ അന്നു തുടങ്ങിയ മെഡല്‍ കാത്തിരിപ്പ് തുടരുക തന്നെയാണ്.

ഒന്നു രണ്ടു തവണ മാത്രമാണ് മെഡല്‍ മോഹിക്കാന്‍പോലും ഇന്ത്യന്‍ ജനതക്ക് അവസരമുണ്ടായുള്ളൂ. 1948ല്‍ ലണ്ടനില്‍ ഹെന്‍റി റിബെലോ ആയിരുന്നു ആദ്യ ഹതഭാഗ്യന്‍. സ്വപരിശ്രമത്താല്‍ ട്രിപ്പ്ള്‍ ജംപില്‍ 52 അടി വരെ ചാടി സ്വര്‍ണപ്രതീക്ഷ നല്‍കിയാണ് ബംഗളൂരുവില്‍ നിന്നുള്ള ഈ 19കാരന്‍ ഒളിമ്പിക്സ് പിറ്റിലത്തെിയത്. എന്നാല്‍, ഫൈനല്‍ റൗണ്ടില്‍ പേശീവലിവ് കാരണം മത്സരത്തില്‍നിന്ന് പിന്മാറാനായിരുന്നു വിധി. 1960 റോം ഒളിമ്പിക്സില്‍ സാക്ഷാല്‍ മില്‍ഖാ സിങ്ങിലൂടെ പ്രതീക്ഷിച്ചു. 400 മീറ്ററില്‍ പറക്കും സിങ്ങിന് വെങ്കലം നഷ്ടമായത് സെക്കന്‍ഡിന്‍െറ പത്തിലൊരംശത്തിന്. ഫോട്ടോ ഫിനിഷ് മത്സരത്തില്‍ മില്‍ഖ സ്ഥാപിച്ച 45.73 സെക്കന്‍ഡ് സമയം 38  വര്‍ഷം ദേശീയ റെക്കോഡ് പുസ്തകത്തില്‍ തുടര്‍ന്നു. 1998ല്‍ പരംജിത് സിങ് 45.70 സെക്കന്‍ഡ് സമയത്തില്‍ ഓടിയാണ് മില്‍ഖയെ തിരുത്തിയത്. എന്നാല്‍, ഈ റെക്കോഡ് മില്‍ഖാ സിങ് മാത്രം അംഗീകരിച്ചില്ല. കൈവാച്ചിലെ സമയമനുസരിച്ച് മില്‍ഖ റോമില്‍ ഓടിയ സമയം 45.60 സെക്കന്‍ഡ് ആയിരുന്നു. അത് തകര്‍ത്തിട്ടില്ളെന്നാണ് മില്‍ഖയുടെ വാദം.

1964ല്‍ ടോക്യോവില്‍ 110 മീ. ഹര്‍ഡ്ല്‍സില്‍ ഗുര്‍ബച്ചന്‍ സിങ് രണ്‍ധാവ അഞ്ചാം സ്ഥാനത്തത്തെിയതാണ് മറ്റൊരു ഇന്ത്യന്‍ ‘നേട്ടം’. ലോക നിലവാരത്തിലുള്ള അടുത്ത പ്രകടനം പി.ടി. ഉഷയുടേത്. 1984 ആഗസ്റ്റ് ഒമ്പതിന് ലോസ് ആഞ്ജലസിലെ കൊളീസിയത്തില്‍ കുതിച്ച ‘പയ്യോളി എക്സ്പ്രസ്’ റുമേനിയയുടെ ക്രിസ്റ്റീന കൊളോകാര്യക്കു പിന്നില്‍ നാലാമതായത് രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. എന്നിട്ടും മെഡലണിഞ്ഞ താരത്തെപ്പോലെ ഉഷയെ നാട് വരവേറ്റു. 55.42 സെക്കന്‍ഡിന്‍െറ ആ ദേശീയ റെക്കോഡിന് ഇന്നും ഇളക്കമില്ല. ഉഷയോളം മെഡലിനടുത്തത്തെിയവര്‍ അത്ലറ്റിക്സില്‍ പിന്നീടുണ്ടായുമില്ല.
ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ ഇന്ത്യ റിയോയിലേക്കയക്കുമ്പോള്‍ അംഗബലത്തില്‍ മേധാവിത്വം അത്ലറ്റിക്സിനാണ്. ആകെ 121 താരങ്ങളില്‍ 36 പേര്‍ ആഗസ്റ്റ് 12 മുതല്‍ 21 വരെ റിയോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്രാക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ അണിനിരക്കും.
മലയാളികളായ  മുഹമ്മദ് അനസ് (400 മീ, 4x400 റിലേ), ജിന്‍സണ്‍ ജോണ്‍സന്‍ (800 മീ), രഞ്ജിത് മഹേശ്വരി (ട്രിപ്പ്ള്‍ ജംപ്), ടി. ഗോപി (മാരത്തണ്‍), കുഞ്ഞുമുഹമ്മദ് (4x400 റിലേ), ടിന്‍റു ലൂക്ക (800 മീ, 4x400 റിലേ), ഒ.പി. ജയ്ഷ (മാരത്തണ്‍), അനില്‍ഡ തോമസ് (4x400 റിലേ), ജിസ്ന മാത്യു (4x400 റിലേ) എന്നീ മലയാളികളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ട്രാക്കും ഫീല്‍ഡും വാഴുന്ന ലോക രാജാക്കന്മാരും രാജ്ഞിമാരും പുതിയ സമയവും വേഗവും ദൂരവും തിരുത്തിയെഴുതുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ദാരിദ്ര്യം മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് സ്ഥിതിവിവര രേഖകള്‍ അനുകൂല ഉത്തരമല്ല നല്‍കുന്നത്. മെഡല്‍ ഉറപ്പിക്കാവുന്ന ഒരു ഇനംപോലും ഇല്ളെങ്കിലും സെക്കന്‍ഡുകളുടെയും മില്ലിമീറ്ററുകളുടെയും അംശവ്യത്യാസത്തില്‍ വിജയപരാജയങ്ങള്‍ മാറിമറിയുന്ന മത്സരങ്ങളില്‍ പൊരുതിനോക്കാന്‍ പ്രാപ്തരായ താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ പട്ടികയിലുണ്ട്. ട്രിപ്പ്ള്‍ ജംപില്‍ ദിവസങ്ങള്‍ക്കുമുമ്പ് അവസാനമായി യോഗ്യത നേടിയ കോട്ടയം ചാന്നാനിക്കാട് സ്വദേശി രഞ്ജിത് മഹേശ്വരി ഈ സീസണിലെ മൂന്നാമത്തെ മികച്ച ദൂരമാണ് ചാടിയത്- 17.30 മീറ്റര്‍. എന്നാല്‍, 2014 മേയ് മുതലുള്ള കണക്കെടുത്താല്‍ രഞ്ജിത് പത്താം സ്ഥാനത്താണ്.

പുരുഷ റിലേ ടീമിന്‍േറതും ഈ വര്‍ഷത്തെ മികച്ച മൂന്നാമത്തെ സമയമാണ്. ഷോട്ട്പുട്ടില്‍ ഇന്ദര്‍ജിത് സിങ്, ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡ, 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ സുധാ സിങ്, 400 മീറ്ററില്‍ നിര്‍മല ഷിയോറാന്‍ എന്നിവരും 4x400 വനിതാ റിലേ ടീമും പ്രതീക്ഷാ പട്ടികയിലുണ്ടെങ്കിലും മികച്ചവരുടെ നീണ്ടനിര ഇവരെക്കാള്‍ മുന്നിലുണ്ടെന്നതാണ് സത്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.