പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി; ഗോളില്ലാ കലാശപ്പോര് എക്സ്ട്രാ ടൈമിലേക്ക്

േഫ്ലാറിഡ: ലോകകപ്പ് ജേതാക്കളെന്ന പകിട്ടോടെ കോപ അമേരിക്ക ഫൈനലിനിറങ്ങിയ അർജന്റീനയും ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയും തമ്മിലുള്ള ഹൈവോൾട്ട് പോര് എക്സ്ട്രാ ടൈമിലേക്ക്. നി​ശ്ചിത സമയത്ത് ഇരുനിരക്കും ഗോളടിക്കാനാവാത്തതാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ അർജന്റീന നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് ഒരുപടി മുന്നിൽനിന്നത്.

ഫൈനൽ അരങ്ങേറിയ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികൾ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് ഒരുപടി മുന്നിൽനിന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അർജന്റീന എതിർ ഗോൾമുഖത്ത് ഭീതി വിതച്ചു. വലതു വിങ്ങിൽനിന്ന് മോണ്ടിയേൽ നൽകിയ ക്രോസ് അൽവാരസ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്കായിരുന്നു. ആറാം മിനിറ്റിലാണ് കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടത്. എന്നാൽ, ലൂയിസ് ഡയസിന്റെ ലോങ് ഷോട്ട് എമിലിയാനോ മാർട്ടിനസ് അനായാസം കൈയിലൊതുക്കി. തുടർന്നും അർജന്റീന ബോക്സിലേക്ക് പലതവണ കൊളംബിയൻ താരങ്ങൾ ഇരച്ചുകയറി. ഇതിനിടെ കൊർദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്നാണ് പുറത്തുപോയത്. ​കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.

20ാം മിനിറ്റിൽ അർജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ ഡ്രൈവിൽനിന്ന് മെസ്സി പോസ്റ്റിന് നേരെ ഷോട്ടുതിർത്തെങ്കിലും അർജന്റീന താരത്തിന്റെ കാലിൽതട്ടി പുറത്തായി. 33ാം മിനിറ്റിൽ കൊളംബിയ അക്കൗണ്ട് തുറന്നെന്ന് ​തോന്നിച്ചു. എന്നാൽ, ജെഫേഴ്സൺ ലെർമയുടെ ഉശിരൻ ലോങ് റേഞ്ചർ എമിലിയാനോ മാർട്ടിനസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. ഉടൻ അർജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവിൽ മെസ്സി പരിക്കേറ്റ് ​വീണത് ആശങ്ക പരത്തി. ബോക്സിലേക്ക് ക്രോസ് നൽകാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റി​യാഗോ ആരിയാസിന്റെ ശ്രമത്തിൽ ചവിട്ടേറ്റ മെസ്സി വേദനയിൽ പുളഞ്ഞു. ആശങ്കക്കൊടുവിൽ താരം കളത്തിൽ തുടർന്നത് അർജന്റീന ക്യാമ്പിന് ആശ്വാസമായി.


കണ്ണീരോടെ കളംവിട്ട് മെസ്സി

രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ​കൊളംബിയ അവസരം തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ ഡി മരിയയുടെ ഷോട്ട് കൊളംബിയൻ ഗോൾകീപ്പറും തടഞ്ഞിട്ടു. 64ാം മിനിറ്റിൽ അർജന്റീനക്ക് കനത്ത തിരിച്ചടിയായി നായകൻ മെസ്സി കളം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഡഗൗട്ടിലിരിക്കെ കണ്ണീരടക്കാനാവാതെ ഇരിക്കുന്ന മെസ്സി ഫുട്ബാൾ ആരാധകരുടെയും വേദനയായി. നികൊ ഗോൺസാലസാണ് പകരക്കാരനായെത്തിയത്. 75ാം മിനിറ്റിൽ അർജന്റീനക്കായി ​നികൊ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഡി മരിയയുടെ ക്രോസിൽ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും റൊമോരൊക്ക് ക്ലിയർ ചെയ്യാനായില്ല. അവസാന മിനിറ്റുകളിൽ ഇരുനിരയും ഗോൾ തേടി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ അകന്നുനിന്നതോടെ മത്സരം അധിക സമ​യത്തേക്ക്

Tags:    
News Summary - Messi left the field in tears; Goalless final to extra time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.