സെമി കാണാതെ പുറത്തായ ബ്രസീൽ താരങ്ങളുടെ നിരാശ

കോപ്പയിൽ സെമി കാണാതെ ബ്രസീൽ പുറത്ത്, ഷൂട്ടൗട്ടിൽ മഞ്ഞപ്പടയെ വീഴ്ത്തി ഉറുഗ്വെ

ലാസ് വേഗാസ്: കിരീട വരൾച്ചക്ക് അറുതി വരുത്താനുറച്ച് ഇക്കുറി കോപ അമേരിക്കയുടെ കളത്തിലിറങ്ങിയ ബ്രസീൽ സെമിഫൈനലിലെത്താതെ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഉറുഗ്വെയോടാണ് മുൻ ചാമ്പ്യന്മാർ അടിയറവു പറഞ്ഞത്. നിശ്ചിത സമയത്ത് ഗോളടിക്കാതെ മുന്നേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തുകയായിരുന്നു. എഡേർ മിലി​റ്റാവോയും ഡഗ്ലസ് ലൂയിസും കിക്കുകൾ പാഴാക്കിയതോടെ ഷൂട്ടൗട്ടിൽ 2-4നാണ് മുൻ ലോക ചാമ്പ്യന്മാരുടെ നിരാശാജനകമായ പടിയിറക്കം.

74-ാം മിനിറ്റിൽ നാൻഡെസ് ചുകപ്പുകാർഡ് കണ്ട് പുറത്തായി ആളെണ്ണം കുറഞ്ഞിട്ടും തളരാതെ പിടിച്ചുനിന്നാണ് ഉറുഗ്വെ വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. അവസാന ഘട്ടത്തിൽ എതിരാളികൾക്ക് അംഗസംഖ്യ കുറഞ്ഞ ആനുകൂല്യം മുതലെടുക്കാൻ മഞ്ഞപ്പടക്ക് കഴിഞ്ഞില്ല. സെമിഫൈനലിൽ കൊളംബിയയാണ് ഉറുഗ്വെയുടെ എതിരാളികൾ. ഇക്കുറി കോപ്പയിൽ കളിച്ച നാലിൽ ഒരു കളി മാത്രം ജയിച്ചാണ് ബ്രസീൽ നാട്ടിലേക്ക് മടങ്ങുന്നത്.

ഉറുഗ്വെക്കായിരുന്നു ഷൂട്ടൗട്ടിൽ ആദ്യകിക്ക്. ഇടതുമൂലയിലേക്കുള്ള വാൽവെർദെയുടെ ഗ്രൗണ്ടറിന് അലിസൺ കൃത്യമായി ചാടിയെങ്കിലും കൈയെത്തിപ്പിടിക്കാനായില്ല. ബ്രസീലിനായി തുടക്കമിട്ടത് മിലിറ്റാവോ. എന്നാൽ, ആ കിക്ക് പാഴായത് അവരുടെ ആത്മവിശ്വാസത്തിന് പോറലേൽപിച്ചു. റോച്ചെയുടെ തകർപ്പൻ സേവാണ് പന്തിന് വലയിൽനിന്ന് പുറത്തേക്ക് വഴി കാട്ടിയത്. റോഡ്രിഗോ ബൈന്റാൻകർ വലതുവശത്തേക്ക് തൊടുത്ത അടുത്ത കിക്കിനും അലിസണിന്റെ കണക്കുകൂട്ടൽ ശരിയായിരുന്നുവെങ്കിലും ഇക്കുറിയും പന്തിൽ തൊടാനായില്ല. ബ്രസീലിന്റെ രണ്ടാം കിക്കെടുത്ത ആന്ദ്രിയാസ് പെരീറ ഇത്തവണ റോച്ചെക്ക് അവസരമൊന്നും നൽകിയില്ല. ഉയർത്തിയടിച്ച കിക്കിലൂടെ അലിസണെ കീഴടക്കി ഡി അരാസ്കേറ്റ ഉറുഗ്വെക്ക് 3-1ന്റെ മുൻതൂക്കം നൽകി. ബ്രസീലിന് കടുത്ത നിരാശ സമ്മാനിച്ച് ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റിനിടിച്ച് പുറത്തേക്ക് വഴിമാറുന്നതായിരുന്നു അടുത്ത കാഴ്ച. ഉറുഗ്വെ വിജയം ഏറക്കുറെ ഉറപ്പിച്ച നിമിഷം. എന്നാൽ, ജോസ് മരിയ ​ജിമെനെസ് ​എടുത്ത അടുത്ത കിക്ക് തടഞ്ഞിട്ട് അലിസൺ ബ്രസീലിനെ പ്രതീക്ഷകളിൽ തിരിച്ചെത്തിച്ചു. ഗബ്രിയേൽ മാർട്ടിനെല്ലി അനായാസം ലക്ഷ്യം കണ്ടതോടെ സ്കോർ 2-3. എന്നാൽ, നിർണായകമായ അഞ്ചാം കിക്ക് മാനുവൽ ഉഗാർത്തെ ഒന്നാന്തരമായി വലക്കുള്ളിലെത്തിച്ചു. ഇക്കുറി അലിസൺ ചാടിയത് മറുവശത്തേക്ക്. ഉറുഗ്വെക്കാർ ആഘോഷങ്ങൾക്ക് തുടക്കമിടുകയായിരുന്നു.

കളിയഴകിന്റെ ചരിത്രവും പാരമ്പര്യവുമൊന്നുമല്ല ലാസ് വെഗാസിൽ പാരഡൈസിലെ പുൽമൈതാനത്ത് വിരിഞ്ഞത്. ഫൗളും കൈയാങ്കളികളും വിരസമാക്കിയ മത്സരത്തിൽ ചുകപ്പുകാർഡിന്റെ അലങ്കാരവും ‘ജോഗോ ബോണിറ്റോ’യെന്ന ആകർഷക പാരമ്പര്യത്തിന്റെ നിറംകെടുത്തി. തെക്കനമേരിക്കയിലെ കരുത്തർ ഏറ്റുമുട്ടിയ കളി ആകർഷണീയ നീക്കങ്ങളും അഴകുറ്റ പന്തടക്കവുമൊന്നുമില്ലാതെ അധിക സമയവും വിരസമായി. കളിക്കുന്നതിനേക്കാളേറെ കൈയാങ്കളിക്ക് കൂടുതൽ താരങ്ങളും താൽപര്യം കാട്ടിയപ്പോൾ മിന്നുന്ന നീക്കങ്ങൾ മത്സരത്തിൽനിന്നകന്ന കാഴ്ചയായിരുന്നു.

ആക്രമണങ്ങളിൽ ഉറുഗ്വെയാണ് മികച്ചുനിന്നത്. ബ്രസീലിന്റെ ഹാഫിലേക്ക് നിരന്തരം കയറിയെത്തിയെങ്കിലും അവരുടെ മുന്നേറ്റ നിരക്ക് ഒട്ടും ലക്ഷ്യബോധമില്ലാതെ പോയി.ആദ്യ ഒരുമണിക്കൂറിനിടെ ഒരുഡസൻ മുന്നേറ്റങ്ങൾ വല ലക്ഷ്യമിട്ട് നടത്തിയെങ്കിലും നെറ്റിനു​നേരെ അവർ പന്തുതൊടുത്തത് ഒരുതവണ മാത്രം. ബ്രസീലിന്റെ കണക്കിൽ ഈ സമയത്ത് അഞ്ചു​ മുന്നേറ്റങ്ങൾ മാത്രം. അവയിൽ രണ്ടും പക്ഷേ, ടാർഗറ്റിലേക്കായിരുന്നു. റോഡ്രിഗോയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്തിയതിനാണ് അർജന്റീനക്കാരൻ റഫറി 74-ാം മിനിറ്റിൽ വാൻഡേസിനെ ചുകപ്പുകാർഡ് കാട്ടി പുറത്താക്കിയത്. അതിനുശേഷം പന്തിന്മേൽ മേധാവിത്വം സ്ഥാപിക്കാനായെങ്കിലും മൂർച്ചയേറിയ മുന്നേറ്റങ്ങൾ ബ്രസീലിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ആദ്യപകുതിയിൽ ഉറുഗ്വെക്ക് ലഭിച്ച സുവർണാവസരം ഡാർവിൻ നൂനെസിന് വലയിലെത്തിക്കാനാകാതെ പോയി. വലതു വിങ്ങിൽനിന്ന് എഡ്ഗാർ മിലിറ്റാവോയെ കബളിപ്പിച്ച് നാൻഡെസ് നൽകിയ ക്രോസിൽ വലക്കുമുന്നിൽനിന്ന് നൂനെസ് തൊടുത്ത ഹെഡർ പുറത്തേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ റാഫിഞ്ഞയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോളി സെർജിയോ റോച്ചെ ഉറുഗ്വെയുടെ രക്ഷകനായി. സസ്​പെൻഷനിലായ വിനീഷ്യസ് ജൂനിയറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. 

Tags:    
News Summary - Brazil knocked out in Copa America, Uruguay Enters semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.