കര്‍ണം മല്ളേശ്വരി, സൈന നെഹ്വാള്‍, മേരികോം. ആഘോഷിക്കാനൊട്ടും വകയില്ലാത്ത ഇന്ത്യയുടെ ദരിദ്രമായ ഒളിമ്പിക്സ് മെഡല്‍പട്ടികയിലെ തിളങ്ങുന്ന വനിതാ രത്നങ്ങള്‍. രാജ്യം ഇതുവരെ നേടിയ 15 വ്യക്തിഗത മെഡലുകളില്‍ മൂന്നു വെങ്കലപ്പതക്കങ്ങള്‍ സംഭാവന ചെയ്തവര്‍. ഇന്ത്യന്‍ കായിക മേഖലയില്‍ പ്രാതിനിധ്യത്തിലും കരുത്തിലും പുരുഷന്മാരെക്കാള്‍ ഒട്ടും പിറകിലല്ല സ്ത്രീകള്‍ എന്നതിന് പി.ടി. ഉഷ മുതല്‍ ഇപ്പോഴും പോരാട്ടഭൂമിയില്‍ മെഡല്‍പ്രതീക്ഷ നല്‍കുന്ന സാനിയ മിര്‍സയും സൈന നെഹ്വാളും ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരതന്നെ സാക്ഷ്യം. ഇത്തവണ 120 അംഗ റിയോ സംഘത്തില്‍ 54 പേര്‍ വനിതകളാണെന്നറിയുക. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘത്തില്‍ വനിതകളുടെ എണ്ണവും പുതിയ റെക്കോഡാണ്. നിരവധി ഒളിമ്പിക്സുകളില്‍ പ്രാതിനിധ്യം പോലുമില്ലാതിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്.
എന്നെന്നും ഓര്‍ക്കാവുന്ന ഇന്ത്യന്‍ താരങ്ങളില്‍ കേരളത്തിന്‍െറ സംഭാവനകളില്‍ വനിതകള്‍ക്കാണ് മേല്‍ക്കൈ. പി.ടി. ഉഷ, എം.ഡി. വല്‍സമ്മ, ഷൈനി വില്‍സണ്‍, മേഴ്സി കുട്ടന്‍, കെ.സി. റോസക്കുട്ടി, കെ.എം. ബീനമോള്‍, അഞ്ജു ബോബി ജോര്‍ജ്, ജിന്‍സി ഫിലിപ്, ചിത്ര കെ. സോമന്‍, ബോബി അലോഷ്യസ്, പ്രീജ ശ്രീധരന്‍ എന്നിവര്‍ പോയകാലങ്ങളിലെ മലയാളി സാന്നിധ്യമായിരുന്നെങ്കില്‍ ഇത്തവണ ആ ദീപശിഖയേന്താന്‍ ടിന്‍റു ലൂക്ക, ഒ.പി. ജയ്ഷ, അനില്‍ഡ തോമസ്, ജിസ്ന മാത്യു എന്നിവരുണ്ട്. ടേബ്ള്‍ ടെന്നിസ് താരം അംബികാ രാധികയാണ് ഒളിമ്പിക്സില്‍ മാറ്റുരച്ച മറ്റൊരു കേരള വനിത, 1996ല്‍ അറ്റ്ലാന്‍റയില്‍.
ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യന്‍ എന്‍. പോളി എന്ന ടെന്നിസ് കളിക്കാരിയായിരുന്നു. 1924ല്‍ പാരിസില്‍ വനിത സിംഗ്ള്‍സില്‍ പോളി പ്രീക്വാര്‍ട്ടറിലത്തെുകയും ചെയ്തു. പിന്നീട് വനിതകള്‍ ഇന്ത്യക്കുവേണ്ടി ലോകമേളക്കത്തെിയത് സ്വാതന്ത്ര്യാനന്തരമുള്ള രണ്ടാമത്തെ ഒളിമ്പിക്സിലായിരുന്നു. 1952ല്‍ മേരി ഡിസൂസ, നീലിമ ഘോഷ്, നീന്തലില്‍ ഡോളി നാസിര്‍, ആരതി സാഹ എന്നിവരായിരുന്നു അവര്‍. അതിനുശേഷം 1960, 68, 76 ഒളിമ്പിക്സുകളില്‍ വനിതകളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ’56ലും ’64ലും ’72ലും ഒരാള്‍ മാത്രം.
1980 മുതലാണ് വനിതകള്‍ ഇന്ത്യന്‍ സംഘത്തില്‍ സ്ഥിരസാന്നിധ്യമായത്. വനിതാ ഹോക്കി അരങ്ങേറ്റം കുറിച്ച ഒളിമ്പിക്സായതിനാല്‍ അന്ന് 16 വനിതകള്‍ ടീമിലത്തെി. പിന്നീട് 2000ത്തിലാണ് വനിതകളുടെ എണ്ണം രണ്ടക്കത്തിലത്തെുന്നത്. 2000ത്തില്‍ 21, 2004ലും 2008ലും 25 വീതം, 2012ല്‍ 23 എന്നിങ്ങനെയായിരുന്നു വനിതാ പ്രാതിനിധ്യം. ഇത്രയധികം വനിതകള്‍ ടീമിലത്തെിയത് വ്യക്തിഗത ഇനങ്ങളിലൂടെയായിരുന്നു എന്നതാണ് സവിശേഷത. ഈ നാലു ഗെയിംസിലും വനിതാ ഹോക്കി ടീമിന് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍, ബാഡ്മിന്‍റണിലും ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും അമ്പെയ്ത്തിലുമെല്ലാം ഇന്ത്യക്കാരികള്‍ ലോകവേദിയിലേക്ക് രംഗപ്രവേശം ചെയ്തു.
ആദ്യ വനിതാ മെഡല്‍ 2000ത്തില്‍ സിഡ്നിയില്‍ ആന്ധ്രക്കാരി കര്‍ണം മല്ളേശ്വരി മാറിലണിഞ്ഞു. ഭാരോദ്വഹനത്തില്‍ മൊത്തം 240 കിലോ ഉയര്‍ത്തിയാണ് 69 കിലോ വിഭാഗത്തില്‍ കര്‍ണം ചരിത്രം രചിച്ചത്. മറ്റു രണ്ടു മെഡലുകള്‍ കഴിഞ്ഞ തവണ ലണ്ടനിലായിരുന്നു. ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഹൈദരബാദുകാരി സൈന നെഹ്വാളും ബോക്സിങ് ഫൈ്ളവെയ്റ്റില്‍ മണിപ്പൂരില്‍ നിന്നുള്ള മേരികോമും ഒളിമ്പിക്സ് മെഡലുകള്‍ സ്വന്തമാക്കി കായിക രംഗത്ത് ഇന്ത്യന്‍ വനിതകളുടെ കരുത്തിന്‍െറ പ്രതീകങ്ങളായി മാറി. ഇവര്‍ക്ക് റിയോയില്‍ തുടര്‍ച്ചയുണ്ടാകുമോ എന്ന ഉദ്വേഗത്തിലാണ് രാജ്യം. സൈന ഇത്തവണയും വാനോളം പ്രതീക്ഷയില്‍ റിയോയില്‍ ബാറ്റേന്തുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കാനും രണ്ടു വനിതകള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. രണ്ടു പേരും മലയാളികള്‍. 1992ല്‍ ഷൈനി വില്‍സണും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ത്രിവര്‍ണ സംഘത്തെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.