?????????? ??????? ????? ??????? ????? ?????

ലീ-ലിന്‍ ഫൈനല്‍ ഇത്തവണയില്ല

ബാഡ്മിന്‍റണ്‍ പ്രേമികള്‍ക്ക് കഴിഞ്ഞ രണ്ടു ഒളിമ്പിക്സുകള്‍ സമ്മാനിച്ച വിരുന്നൂട്ടായിരുന്നു പാരമ്പര്യവൈരികളായ മലേഷ്യയുടെ ലീചോങ് വെയും ചൈനയുടെ ലിന്‍ ഡാനും തമ്മിലുള്ള കലാശ മത്സരം. എന്നാല്‍, ഇത്തവണ ഇവര്‍ തമ്മിലൊരു മൂന്നാം ഫൈനല്‍ ഉണ്ടാകില്ല. റിയോ ഫിക്സ്ചര്‍ അനുസരിച്ച് ഇരുവരും ഏറ്റുമുട്ടുകയാണെങ്കില്‍ അത് സെമിഫൈനലിലായിരിക്കും. കഴിഞ്ഞ രണ്ടു ഒളിമ്പിക്സിലും സ്വര്‍ണം  ലിന്‍ ഡാനിനായിരുന്നു. വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ലീ ചോങ് വെയാണ് റിയോയില്‍ ടോപ് സീഡ്. ഇരുവരും നറുക്കെടുപ്പില്‍ ഒരേ പകുതിയില്‍ വന്നതാണ് ചരിത്ര ഫൈനലിനുള്ള സാധ്യത അടച്ചത്.

ലോക ബാഡ്മിന്‍റണിലെ ഏറ്റവും കടുത്ത പോരാട്ടങ്ങളാണ് ലീയും ലിനും തമ്മില്‍. ലോകത്തെ പ്രമുഖ കിരീടങ്ങള്‍ക്കായി ഇരുവരും ഇതുവരെ ഏറ്റുമുട്ടിയത് 36 തവണ. 25ലും ജയം 32കാരനായ ചൈനക്കാരന് ഒപ്പമായിരുന്നു. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്സുകളില്‍ സ്വര്‍ണപോരാട്ടം നടത്തിയ മറ്റു കളിക്കാരില്ല. രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പിലും രണ്ടു തവണ ഏഷ്യന്‍ ഗെയിംസിലും ഇരുവരും പേരാടി. ലീ-ലിന്‍ മത്സരങ്ങള്‍ ബാഡ്മിന്‍റണിന്‍െറ തന്നെ ജനപ്രീതി ഏറെ വര്‍ധിപ്പിച്ചു. പ്രത്യേകിച്ച് ചൈനയിലും മലേഷ്യയിലും. അഞ്ചു തവണ ലോക ചാമ്പ്യനായ ഇടങ്കൈയന്‍ ലിന്‍ ഡാന്‍ ബാഡ്മിന്‍റണിലെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും നിലവില്‍ ലോകറാങ്കിങ്ങില്‍ ലീ ചോങ് വെക്ക് പിറകിലാണ്.

പുരുഷ സിംഗ്ള്‍സില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള 41 കളിക്കാരാണ് മത്സരിക്കുന്നത്. ഇവര്‍ 13 ഗ്രൂപ്പുകളിലായി ആദ്യം റൗണ്ട് റോബിന്‍ ലീഗില്‍ കളിക്കും. ഗ്രൂപ് ജേതാക്കള്‍ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. ലീ ചോങ് വെ ഗ്രൂപ് ‘എ’യിലും ലിന്‍ ഡാന്‍ ഗ്രൂപ് ‘ഇ’യിലുമാണ്.  ഒമ്പതാം സീഡായ ഇന്ത്യയുടെ കെ. ശ്രീകാന്ത് ‘എച്ച്’ഗ്രൂപ്പില്‍ സ്വീഡന്‍െറ ഹെന്‍റി ഹസ്കൈനന്‍, മെക്സികോയുടെ ലിനോ മനോസ് എന്നിവര്‍ക്കൊപ്പമാണ്.

സൈനക്കും സിന്ധുവിനും ആദ്യ കടമ്പ ദുര്‍ബലം

40 പേര്‍ മത്സരിക്കുന്ന വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്വാളിന് ഗ്രൂപ് ‘ജി’യില്‍  യുക്രെയിനിലെ മരിയ ഉലത്തീനയും ബ്രസീലിന്‍െറ ലോഹായ്നിയുമാണ് ആദ്യ എതിരാളികള്‍.   പി.വി. സിന്ധു ഗ്രൂപ് ’എം’ല്‍ കാനഡയുടെ മിഷേല്‍ ലിയും ലോറ സറൂസിയുമായാണ് മത്സരിക്കേണ്ടത്. നിലവില്‍ ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള സൈനക്കും പത്താം സ്ഥാനത്തുള്ള പി.വി. സിന്ധുവിനും താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ഗ്രൂപ് ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറിലും വലിയ വെല്ലുവിളികളില്ല. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ഷൂറായിയെയും സിന്ധുവിന് ലോക രണ്ടാം നമ്പറും ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേത്രിയുമായ വാങ് യിഹാനെയും നേരിടേണ്ടി വരും.

ഡബ്ള്‍സ് ടീമുകള്‍ കടുത്ത ഗ്രൂപ്പില്‍

വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ ജോടിക്ക് ഗ്രൂപ് എയില്‍ കടുത്ത എതിരാളികളാണ്. ജപ്പാനില്‍ നിന്നുള്ള ഒന്നാം നമ്പര്‍ കൂട്ടുകെട്ടായ മിസാകി മത്സുട്ടോമേ-അയാക തകഹാഷി, ഒമ്പതാം റാങ്കുകാരായ ഡച് ടീം ഈഫ്ജെ മസ്കന്‍-സലിന പീക് എന്നിവരും തായ്ലന്‍ഡ് സഖ്യവുമാണ് ഈ ഗ്രൂപ്പിലുള്ളത്. 11ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യത്തിന് ക്വാര്‍ട്ടറിലത്തൊന്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലത്തെണം. പുരുഷ ഡബ്ള്‍സില്‍  സുമീത് റെഡ്ഡി-മനു അത്രി കൂട്ടുകെട്ട് മരണഗ്രൂപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ് ‘ഡി’യിലാണ് പെട്ടത്. ശക്തരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍-ഹെന്‍ഡ്ര സെതിവാന്‍, ചൈനയുടെ ചായ് ബിയാവോ-ഹോങ് വീ, ജപ്പാന്‍െറ കെനിഷി ഹായകാവ-ഹിറോയുകി എന്‍ഡോ എന്നിവരോടാണ് കളിക്കേണ്ടത്. ആഗസ്റ്റ് 11നാണ് ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ ആരംഭിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.