ചെല്‍സി; ലെസ്റ്ററിന്‍െറ വിപരീതം

ലണ്ടന്‍: ഹാ പുഷ്പമേ, അധികതുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ... നശ്വരതയെക്കുറിച്ച് കുമാരനാശാന്‍ പാടിയതാണിത്. ഒരു സമയത്ത് രാജ്ഞിയായി ശോഭിച്ച പൂവ്, ആരാലും വേണ്ടാതെ ഭൂമിയില്‍ വീണുകിടക്കുന്നതിനെക്കുറിച്ചായിരുന്നു കവി പാടിയത്. ഇന്നിപ്പോള്‍ അതേ സ്ഥിതിയാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ചെല്‍സി. ലെസ്റ്റര്‍ സിറ്റി കിരീടമുയര്‍ത്തിയ അതേ അദ്ഭുതം ചെല്‍സിയുടെ വീഴ്ചയിലും ആരാധകര്‍ കാണുന്നു. ഒരിടത്ത് നീലക്കുറുക്കന്മാരുടെ വാഴ്ച, മറ്റൊരിടത്ത് നീലപ്പടയുടെ വീഴ്ച. രണ്ടിലും സൗന്ദര്യമായി നില്‍ക്കുന്നത് ഫുട്ബാളിന്‍െറ അനിശ്ചിതത്വം.

രണ്ടു മത്സരം ശേഷിക്കെ ഈ സീസണില്‍ ചെല്‍സി ഒമ്പതാം സ്ഥാനത്തോ 11ാം സ്ഥാനത്തോ ആയി അവസാനിപ്പിക്കേണ്ടി വരും. രണ്ടായാലും 24 വര്‍ഷത്തിനിടെ ക്ളബിന്‍െറ മോശം അവസ്ഥയിലേക്കാണ് കൂപ്പുകുത്തുന്നത്. ഇതിനു മുമ്പ് കേളികേട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരുന്നു സമാനസാഹചര്യത്തിലൂടെ കടന്നുപോയ വമ്പന്മാര്‍. 2013-14 സീസണില്‍ ഏഴാമതായാണ് ചുവന്ന ചെകുത്താന്മാര്‍ സീസണ്‍ അവസാനിപ്പിച്ചത്.

കാലത്തിന്‍െറ ഒരു മധുരപ്രതികാരം കൂടി ലെസ്റ്ററിന്‍െറ വാഴ്ചയിലും ചെല്‍സിയുടെ വീഴ്ചയിലും മറഞ്ഞു കിടക്കുന്നുണ്ട്. 2004ല്‍ ചെല്‍സി പുറത്താക്കിയ ക്ളോഡിയോ റാനിയേരിക്ക് കീഴില്‍ ലെസ്റ്റര്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അന്ന്, റാനിയേരിക്ക് പകരം നിയോഗിച്ച ജോസ് മൗറീന്യോക്ക് കീഴിലാണ് ചെല്‍സി തിരിച്ചുവരാനാകാത്ത വിധം ലീഗില്‍ പിന്തള്ളപ്പെട്ടുപോയത്. ലെസ്റ്ററിന്‍െറ ശേഷിക്കുന്ന അവസാന മത്സരം ചെല്‍സിക്കെതിരെയെന്നതും യാദൃച്ഛികത.
അപ്രതീക്ഷിതമായിരുന്നു ചെല്‍സിയുടെ തകര്‍ച്ച. കിരീടനേട്ടത്തില്‍ എല്ലാ ഫുട്ബാള്‍ പണ്ഡിതന്മാരുടെ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് മൗറീന്യോയുടെ കീഴിലുള്ള ചെല്‍സി തോല്‍വിയില്‍നിന്ന് തോല്‍വിയിലേക്ക് കൂപ്പുകുത്തി.

സമനില തുടക്കം
നീലപ്പടയുടെ ഗോള്‍വല ഏറെക്കാലം കാത്ത പീറ്റര്‍ ചെക്കിനെ കൈവിട്ടാണ് ഈ സീസണില്‍ ചെല്‍സി ഇറങ്ങിയത്. അതിനൊപ്പം സ്പാനിഷ് ലീഗില്‍ തിളങ്ങിയ റഡാമെല്‍ ഫാല്‍ക്കാവോയെ ടീമിലത്തെിക്കുകയും ചെയ്തു. സീസണിനു മുന്നോടിയായുള്ള കമ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്സനലിനോട് 1-0ത്തിന് തോറ്റ് ചെല്‍സി തകര്‍ച്ചയുടെ ലക്ഷണം കാട്ടി. തൊട്ടടുത്ത മത്സരത്തില്‍ ഫ്ളോറന്‍റീനയോടും ചെല്‍സി 1-0ത്തിന് പരാജയപ്പെട്ടു. സീസണിലെ ആദ്യ മത്സരത്തില്‍ സ്വാന്‍സീ സിറ്റിക്കെതിരെ 2-2 സമനിലയോടെയായിരുന്നു തുടങ്ങിയെങ്കിലും പിന്നീടുള്ള കളികളില്‍ നിരന്തര പരാജയം ഏറ്റുവാങ്ങി.


തുടര്‍ തോല്‍വികള്‍; മൗറീന്യോ പുറത്ത്
ലീഗില്‍ ചെല്‍സിയുടെ കഷ്ടകാലത്തിന്‍െറ തുടര്‍ക്കഥ. തുടര്‍ച്ചയായ തോല്‍വികള്‍ ടീം അംഗങ്ങളെയും മാനേജ്മെന്‍റിനെയും ആരാധകരെയും തളര്‍ത്തി. കോച്ച് ഹോസെ മൗറീന്യോയുടെ കാര്‍ക്കശ്യം താരങ്ങള്‍ക്ക് വൈമനസ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. തുടര്‍ച്ചയായ പത്ത് മത്സരങ്ങള്‍ വിജയിക്കാതെ കടന്നുപോയപ്പോള്‍ മൗറീന്യോയുടെ രക്തത്തിനായി മുറവിളിയുയര്‍ന്നു. തോല്‍വി ഭാരം ടീം ഡോക്ടര്‍ ഇവാ കാര്‍ണിവറുടെ തലയില്‍ കെട്ടിവെക്കാനാണ് മൗറീന്യോ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ രാജിവെക്കുകയും മൗറീന്യോക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഡിസംബറില്‍ മൗറീന്യോ രാജിവെച്ചു.
പകരം ഗസ് ഹിഡിങ്ക് ചുമതലയേറ്റു. മൗറീന്യോ ടീമിലെ പടലപ്പിണക്കത്തിന് കാരണക്കാരനായെന്ന് തെളിയിക്കുന്നതായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള പ്രകടനം. മൗറീന്യോ പോകുമ്പോള്‍ പോയന്‍റ് പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്ന ചെല്‍സി അധികം വൈകാതെ ആദ്യ പത്തില്‍ തിരിച്ചത്തെി. ഏറെക്കാലം ടീമിന്‍െറ കപ്പിത്താനായിരുന്ന ജോണ്‍ ടെറിയും ക്ളബ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത സീസണില്‍ ടെറി ചെല്‍സിയുടെ കുപ്പായമിടില്ല.

തിളങ്ങാത്ത താരത്തിളക്കം
ഏഡന്‍ ഹസാര്‍ഡ്, ഓസ്കാര്‍, വില്യന്‍, ഡീഗോ കോസ്റ്റ, ഫാല്‍ക്കാവോ, പെഡ്രോ, ടെറി തുടങ്ങിയ വന്‍ താരനിരയുണ്ടായിട്ടും വിജയഫോര്‍മുലയായില്ല എന്നതാണ് തോല്‍വിയുടെ കാരണങ്ങളിലൊന്ന്. ഫ്രാങ്ക് ലാംപാര്‍ഡ്, ദിദിയര്‍ ദ്രോഗ്ബ, പീറ്റര്‍ ചെക്ക് തുടങ്ങിയ താരങ്ങള്‍ സൃഷ്ടിച്ച വിടവ് നികത്താന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചില്ല. കൊട്ടിഘോഷിച്ച് മൗറീന്യോ ടീമിലേക്കത്തെിച്ച ഫാല്‍ക്കാവോ ഏറെ സമയവും പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്നു. ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് ഫാല്‍ക്കാവോ കളത്തിലിറങ്ങിയത്. അതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് 90 മിനിറ്റും കളിച്ചത്. ഇറങ്ങിയ മത്സരത്തില്‍ തിളങ്ങാനും ഈ കൊളംബിയന്‍ സ്ട്രൈക്കര്‍ക്കായില്ല. 12 ഗോള്‍ നേടിയ ഡീഗോ കോസ്റ്റയാണ് അല്‍പമെങ്കിലും പ്രതിഭയോട് നീതി പുലര്‍ത്തിയത്. ഹസാര്‍ഡിനും പരിക്ക് വിനയായി.  

അടുത്ത സീസണില്‍ പുതിയ ചെല്‍സിപുതിയ സീസണില്‍ മാനേജര്‍ ഹിഡിങ്കിന് പകരം ഇറ്റലി ടീം കോച്ച് ആന്‍േറാണിയോ കോന്‍െറയെ പരിശീലകനായി നിയമിച്ചേക്കും. അടുത്ത സീസണില്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജോണ്‍ ടെറി കോന്‍െറയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഡീഗോ കോസ്റ്റ, ഹസാര്‍ഡ് തുടങ്ങിയ മുന്‍നിരയെ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.