?????

ഒമാന്‍ ക്രിക്കറ്റിന് ഇനി മലയാളത്തിന്‍െറ പിച്ച്

കല്‍പറ്റ: ഒമാന്‍ ക്രിക്കറ്റിന് ഇനി മലയാളി ക്യുറേറ്റര്‍ പിച്ചൊരുക്കും. ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ ഒൗദ്യോഗിക ക്യുറേറ്ററായി തലശ്ശേരി നിട്ടൂര്‍ സ്വദേശി ചോളത്തുകണ്ടി അനൂപ് നിയമിതനായി. ഒരാഴ്ചക്കുള്ളില്‍ അനൂപ് ഒമാനിലത്തെി ചുമതലയേറ്റെടുക്കും. 2000ത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2014ലാണ് ഐ.സി.സിയുടെ അസോസിയേറ്റ് മെംബറാകുന്നത്. 2015ല്‍ ഐ.സി.സി ലോകകപ്പ് യോഗ്യതാറൗണ്ടില്‍ നമീബിയയെ തോല്‍പിച്ച് ചരിത്രനേട്ടം കൊയ്ത ഒമാന്‍ രാജ്യാന്തര ട്വന്‍റി20യില്‍ മത്സരിക്കാന്‍ യോഗ്യത നേടി. ഈ വര്‍ഷം മാര്‍ച്ച് എട്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെ ഇന്ത്യയില്‍ നടന്ന ട്വന്‍റി20 ലോകപ്പില്‍ ഒമാന്‍ പാഡുകെട്ടിയിറങ്ങിയിരുന്നു. ഈ നേട്ടത്തിനുശേഷം ഒമാന്‍ കൂടുതല്‍ ഗൗരവമായാണ് ക്രിക്കറ്റിനെ സമീപിക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ ക്യുറേറ്ററായി പ്രവര്‍ത്തിക്കുന്ന അനൂപ് കഴിഞ്ഞ വര്‍ഷം കൃഷ്ണഗിരിയില്‍ നടന്ന ഇന്ത്യ-എ, ദക്ഷിണാഫ്രിക്ക-എ ടെസ്റ്റ് പരമ്പരക്ക് പിച്ചൊരുക്കിയിരുന്നു. 2009 മുതല്‍ കേരളത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ക്യുറേറ്ററായി പ്രവര്‍ത്തിച്ചുവരുന്നു. 2013ല്‍ ബി.സി.സി.ഐ രാജ്യവ്യാപകമായി നടത്തിയ ക്യുറേറ്റര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സില്‍ ഒന്നാംറാങ്ക് നേടിയതോടെയാണ് അനൂപ് ശ്രദ്ധിക്കപ്പെട്ടത്.

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ശാന്താ രംഗസ്വാമി വഴിയാണ് ഒമാന്‍ ക്രിക്കറ്റ് അധികൃതര്‍ അനൂപിനെ സമീപിച്ചത്. തുടര്‍ന്ന് മസ്കത്തിലത്തെി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തു. മുന്‍ ശ്രീലങ്കന്‍ താരം ദുലീപ് മെന്‍ഡിസാണ് ഇപ്പോള്‍ ഒമാന്‍ കോച്ച്. മുന്‍ ഇന്ത്യന്‍ താരങ്ങളായ എസ്. ശ്രീറാം, ഋഷികേശ് കനിത്കര്‍ എന്നിവരും സീസണില്‍ ഒമാന്‍ ടീമിന്‍െറ പരിശീലക സംഘത്തിനൊപ്പം ചേരും. നിലവില്‍ രണ്ടു ഗ്രൗണ്ടുകളുള്ള ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്, മൂന്നു ഗ്രൗണ്ടുകള്‍കൂടി നിര്‍മിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ഒ.സി.ബിയുടെ, 80കാരനായ പാക് ക്യുറേറ്റര്‍ക്കു പകരക്കാരനായാണ് അനൂപിന്‍െറ നിയമനം. രാജ്യാന്തര തലത്തില്‍ കൂടുതല്‍ അനുഭവ സമ്പത്താര്‍ജിക്കാന്‍ പുതിയ സ്ഥാനലബ്ധി ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അനൂപ് ‘മാധ്യമ’ത്തോടു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.