കല്‍പറ്റ: റിയോ ഒളിമ്പിക്സിനുശേഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഒളിമ്പ്യന്‍ ഒ.പി. ജെയ്ഷ. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് തന്നെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ജെയ്ഷ പറഞ്ഞു. മീഡിയവണ്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പഴയ ആരോപണങ്ങള്‍ക്കൊപ്പം പുതിയ വെളിപ്പെടുത്തലും നടത്തിയത്.
മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍ ബൂത്തുകളില്‍ എവിടെയും ആരുമുണ്ടായിരുന്നില്ല. കുടിവെള്ളമോ റിക്കവറി ഡ്രിങ്കുകളോ മറ്റു സംവിധാനങ്ങളോ ഉണ്ടായില്ല. ദേശീയപതാക പോലും സ്ഥാപിച്ചില്ല. 25 കി.മീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ വീഴുമെന്നു തോന്നി. മരിച്ചുവീണാലും അത് ഫിനിഷിങ് പോയന്‍റിലായിരിക്കണമെന്ന് തീരുമാനിച്ചാണ് പിന്നീട് ഓടിയത്. മരണം പോലും മുന്നില്‍ കണ്ടു. ദേശീയപതാക പുതപ്പിച്ചുള്ള തന്‍െറ മൃതദേഹംപോലും കണ്‍മുന്നില്‍ തെളിഞ്ഞു. പരിശീലകന്‍പോലും താന്‍ മരിച്ചുവെന്നാണ് കരുതിയത്. ആരോപണങ്ങള്‍ സത്യമാണെന്നു തെളിയിക്കാന്‍ റിയോയിലെ മാരത്തണ്‍ വിഡിയോ ദൃശ്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി.
ബംഗളൂരുവില്‍ തിരിച്ചത്തെിയ ശേഷം പലരുടെയും നിര്‍ബന്ധപ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് എച്ച്1എന്‍1 ബാധിച്ചിരുന്നില്ല. ബംഗളൂരുവില്‍ തിരിച്ചത്തെിയ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപറഞ്ഞൂവെന്ന് വാര്‍ത്തകളുണ്ടായി. ഇതു തെറ്റാണ്. പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നു. കുടിവെള്ള സംവിധാനം ഒരുക്കണോയെന്ന് ഫെഡറേഷന്‍ കോച്ചിനോട് ചോദിച്ചിരുന്നു. ഇതു വേണ്ടെന്നാണത്രെ കോച്ച് അറിയിച്ചത്. എന്നാല്‍, 42 കി.മീറ്റര്‍ ഓടുന്ന തന്നോട് ഇതാരും ചോദിച്ചില്ല. ഒരു പക്ഷേ, സംഘാടകര്‍ ഒരുക്കുന്ന വെള്ളമുണ്ടാകുമെന്ന് കോച്ച് കരുതിയതായിരിക്കാം. മാരത്തണിനു പുറമെ 5000 മീറ്ററിലും ഒളിമ്പിക്സ് യോഗ്യതയുണ്ടായിരുന്നു. എന്നാല്‍, നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് മാരത്തണില്‍ വീണ്ടും ഇറങ്ങിയതെന്നും ജെയ്ഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.