നക്ഷത്രശോഭയുള്ള നഗരപാതകൾക്കും കണ്ണഞ്ചിക്കുന്ന നഗരോല്ലാസങ്ങൾക്കും വേദനയുടെ ചില ഓർമകളുണ്ടാകുമെന്നുറപ്പാണ്. റഷ്യൻ ഫെഡറേഷനിലെ പ്രധാന സുഖവാസ കേന്ദ്രങ്ങളിലൊന്നായ സോച്ചിയിൽ നിൽക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കാതെ വയ്യ. ജർമനി-സ്വീഡൻ മത്സരം കാണാനാണ് ഞങ്ങൾ സോച്ചിയിലെത്തിയത്.
പല ഘട്ടങ്ങളിലായി കണ്ണിചേർക്കപ്പെട്ട അഡ്ലറും ലാസറെവ്സ്ലോഗുമടക്കം മൂന്നു ജനപഥങ്ങൾ ചേർന്നതാണ് സോച്ചി. 2014 വിൻറർ ഒളിമ്പിക്സിനും 2017 കോൺഫെഡറേഷൻ കപ്പിനും ഒടുവിൽ, 2018ൽ ലോകകപ്പ് ഫുട്ബാളിനും വേദിയായ ഫിഷ്റ്റ് സ്േറ്റഡിയം സോച്ചി നഗരകേന്ദ്രത്തിൽനിന്ന് 35 കിലോമീറ്റർ മാറി അഡ്ലറിലാണ്. വിമാനത്താവളവും യൂറോപ്പിലെ മികച്ച റെയിൽവേ സ്റ്റേഷനുകളിലൊന്നും ഇവിടെയാണ്.
കരിങ്കടലിെൻറ ഓരങ്ങളിൽ ചിതറിക്കിടക്കുന്ന അനേകം ബീച്ചുകളും റിസോർട്ടുകളും േകാക്കസസ് പർവതനിരകളിലേക്ക് നീളുന്ന ട്രക്കിങ് പാതകളും ശൈത്യകാല വിനോദകേന്ദ്രങ്ങളും സോച്ചിയെ യൂറോപ്പിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കിയിരിക്കുന്നു.
ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന േകാക്കസസ് പർവതനിരകളുടെ തുടർച്ചയായ സോച്ചി ലക്ഷത്തിലേറെ വർഷംമുമ്പുതന്നെ ജനവാസമുള്ള പ്രദേശമായാണ് കണക്കാക്കുന്നത്. മെഡിറ്ററേനിയൻ ചൂടുറവകൾ കരിങ്കടലിലേക്കു നീണ്ട് കിഴക്കൻ യൂറോപ്പിെൻറ അതിശൈത്യത്തിൽനിന്നു വ്യത്യസ്തമായി സോച്ചിയെ മിതശീതോഷ്ണ മേഖലയാക്കിയിട്ടുണ്ട്.
അതിനാൽ, ഏഷ്യാമൈനർ കടന്നെത്തിയവരും കരിങ്കടൽ കടന്നെത്തിയ ഗ്രീക്കുകാരും സോച്ചി മേഖലയിൽ അധിവാസമുറപ്പിക്കുകയും അതുവഴി ഒരു സങ്കര സംസ്കാരം പിറവിയെടുക്കുകയും ചെയ്തു. സവിശേഷതകളേറെയുള്ള സോച്ചിക്കുമേൽ അതിനിടെ, റഷ്യൻ സാമാജ്യത്തിെൻറയും ഓട്ടോമൻ തുർക്കിയുടെയും ഭരണാധികാരികളുടെ കണ്ണുവീണു. സുഖവാസം മാത്രമല്ല, രാഷ്ട്രീയ പ്രാധാന്യവും സോച്ചിക്കുണ്ടെന്ന് അവർ മനസ്സിലാക്കി. സൈനിക ബലതന്ത്രങ്ങളും ചെറുത്തുനിൽപുകളും ഗോത്ര ജനതകളുടെ ഉന്മൂലനത്തിനും കൂട്ടപ്പലായനങ്ങൾക്കുമാണ് വഴിവെച്ചത്.
1817 മുതൽ 1864 വരെ നീണ്ട കൊക്കേഷ്യൻ യുദ്ധം, 1830-39ലെ റഷ്യ തുർക്കി യുദ്ധം, 1853-56െല ക്രീമിയൻ യുദ്ധം എന്നിവ സോച്ചിയുടെ സാമൂഹിക ബന്ധങ്ങളെയും രാഷ്ട്രീയത്തെയും സാരമായി ബാധിച്ചവയാണ്. ഇതിലെല്ലാം ആത്യന്തിക വിജയം റഷ്യക്കായിരുന്നു.
അരനൂറ്റാണ്ട് നീണ്ട കോക്കേഷ്യൻ യുദ്ധം േകാക്കസസ് ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപിന് പ്രശസ്തമാണെങ്കിലും യുദ്ധാവസാനം തദ്ദേശീയർ തുടച്ചുനീക്കപ്പെടുന്നതിലാണ് കലാശിച്ചത്. ഇതോടെ, ഈ ദേശത്തിെൻറ ഭാഷയും സംസ്കാരവും അരികുകളിലൊടുങ്ങി. 19ാം നൂറ്റാണ്ടു മുതൽ ക്രമാനുഗതമായി റഷ്യൻ കുടിയിരിപ്പുകൾ പെരുകി വന്നു. മെഡിറ്ററേനിയൻ കറൻറ് സാധ്യമാക്കുന്ന ശീതോഷ്ണത്തെ ഉപയോഗിച്ച് 20ാം നൂറ്റാണ്ടോടെ സോച്ചിയിൽ വൻകിട തേയിലത്തോട്ടങ്ങൾ വരുകയും ചുരുങ്ങിയ കാലംകൊണ്ട് അത് മികച്ച തേയില ബ്രാൻഡാവുകയും ചെയ്യുന്നുണ്ട്.
ഈ ദേശത്തിന് സോച്ചി എന്നു പേരിടുന്നതും റഷ്യൻ അധിനിവേശകരാണ്. പതിയെ സാനറ്റോറിയങ്ങളും ആശുപത്രികളും ഉയരാൻ തുടങ്ങിയ പ്രദേശം രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കൻ മുന്നണിയുടെ ആശുപത്രിയായി. 111 ആശുപത്രികളിലായി അഞ്ചു ലക്ഷം പട്ടാളക്കാരാണത്രേ അക്കാലത്ത് സോച്ചിയിൽ ചികിത്സ തേടിയത്. മികച്ച പട്ടാള സേവനത്തിന് സ്റ്റാലിൻ പ്രതിഫലമായി അനുവദിച്ചത് സോച്ചിയിലെ സുഖവാസമായിരുന്നു. പ്രകൃതിക്കും മനുഷ്യനും മേലുള്ള അവസാനിക്കാത്ത അധിനിവേശങ്ങളുടെ തുടർച്ചയാണ് 2014ലെ വിൻറർ ഒളിമ്പിക്സ് സ്റ്റേഡിയങ്ങളും ഒളിമ്പിക് വില്ലേജും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.