പണ്ടുകാലത്ത് കായിക മത്സരങ്ങള്‍ അതത് പ്രദേശത്തെ ടീമുകള്‍ തമ്മില്‍ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാല്‍, ലോകം വികസിക്കുകയും സൗകര്യങ്ങള്‍ കൂടുകയും ചെയ്തതോടെ രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും അന്തര്‍ദേശീയ പോരാട്ടങ്ങള്‍ സാര്‍വത്രികമാകുകയും ചെയ്തു. ആകാശയാത്രയുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടതോടെ ലോകത്തിന്‍െറ ഏതുഭാഗത്തുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതും ടീമുകള്‍ക്ക് പ്രയാസകരമല്ലാതായി. എന്നാല്‍, ഇതോടൊപ്പം നിഴലായി എപ്പോഴും ദുരന്തങ്ങളുണ്ടായിരുന്നു. വിമാനാപകടങ്ങള്‍ ഇടക്കെങ്കിലും കായികലോകത്തെ കണ്ണീരണിയിച്ചു. ചില ദുരന്തങ്ങളില്‍ ടീം ഒന്നടങ്കം തന്നെ ഇല്ലാതാവുന്നതിന് ലോകം സാക്ഷിയായി.
20 ദുരന്ത ചിത്രങ്ങളിലൂടെ
1949 ടൊറീനോ എ.സി സോക്കര്‍ ടീം
മേയ് നാലിലെ സൂപ്പര്‍ഗ വിമാന ദുരന്തം എന്നറിയപ്പെടുന്ന അപകടത്തില്‍ നാമാവശേഷമായത് അക്കാലത്ത് ഇറ്റലിയിലെ മികച്ച ടീമുകളിലൊന്നായ ടൊറീനോ എ.സി സോക്കര്‍ ടീം. ലിസ്ബണിലെ പ്രദര്‍ശന മത്സരം കഴിഞ്ഞ് ഇറ്റലിയിലെ ടൂറിന്‍ നഗരത്തിലേക്ക് മടങ്ങവെ പെട്ടെന്നുള്ള കാറ്റില്‍പെട്ട വിമാനം മേഘക്കൂട്ടങ്ങള്‍ക്ക് താഴേക്ക് പറത്താനുള്ള പൈലറ്റിന്‍െറ ശ്രമത്തിനിടെ സൂപ്പര്‍ഗ മലക്ക് മുകളിലെ ബസലിക്കയുടെ മതിലിലിടിച്ചാണ് തകര്‍ന്നത്. 18 കളിക്കാരും രണ്ടു പരിശീലകരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 31 പേരും മരിച്ചു.
1956 സസ്കെറ്റ്ഷിവാന്‍ റഫ്റൈഡേഴ്സ്
ഡിസംബറില്‍ ബ്രിട്ടീഷ് കൊളംബിയക്ക് സമീപം വിമാനം തകര്‍ന്ന് കനേഡിയന്‍ ഫുട്ബാള്‍ ലീഗിലെ സസ്കെറ്റ്ഷിവാന്‍ റഫ്റൈഡേഴ്സ് ടീമിലെ അഞ്ചു പേരടക്കം 62 യാത്രക്കാര്‍ മരിച്ചു.
1958 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ടീം
വിഖ്യാത പരിശീലകന്‍ മാറ്റ് ബസ്ബിയുടെ പേരില്‍ ‘ബസ്ബി ബേബീസ്’ എന്നറിയപ്പെട്ട ടീം. 1958ല്‍ റെഡ്സ്റ്റാര്‍ ബല്‍രേഗഡിനെതിരായ യൂറോപ്യന്‍ കപ്പ് മത്സരശേഷം മ്യൂണിക് വിമാനത്താവളത്തില്‍വെച്ച് ഇന്ധനം നിറച്ചശേഷം പറന്നുയരാന്‍ ശ്രമിക്കവെ വിമാനം തകര്‍ന്ന് 44 യാത്രക്കാരില്‍ 23 പേര്‍ മരിച്ചു. ഇതില്‍ എട്ടു പേര്‍ മാഞ്ചസ്റ്റര്‍ താരങ്ങളും മൂന്നു പേര്‍ ഒഫീഷ്യല്‍സുമായിരുന്നു. ബബ്സിയടക്കം മിക്കവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായിരുന്ന പ്രമുഖതാരം ഡങ്കന്‍ എഡ്വേര്‍ഡ്സും പിന്നീട് മരിച്ചു. ക്ളബിനെ ഇന്നും പിടിച്ചുലക്കുന്നതാണ് മ്യൂണിക് ദുരന്തം.
1960 കാള്‍ പ്ളോയ് സാന്‍ലൂയിസ് ഒബിസ്പോ
ഒക്ടോബറില്‍ കാലിഫോര്‍ണിയക്കുസമീപം മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാള്‍ പ്ളോയ് സാന്‍ലൂയിസ് ഒബിസ്പോ ഫുട്ബാള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്ന് 48 യാത്രക്കാരില്‍ 22 പേര്‍ മരിച്ചു. ഇതില്‍ 16 പേരും ടീമംഗങ്ങളായിരുന്നു. പ്രതികൂല കാലാവസ്ഥയിലും പൈലറ്റ് വിമാനം പറത്താന്‍ തയാറായതായിരുന്നു അപകടത്തിനിടയാക്കിയത്.
1961 യു.എസ് ഫിഗര്‍ സ്കേറ്റിങ് ടീം
ഫെബ്രുവരിയില്‍ പ്രാഗിലെ ലോകചാമ്പ്യന്‍ഷിപ്പിനായി ബ്രസല്‍സില്‍ വിമാനമിറങ്ങുന്നതിനിടെ തകര്‍ന്ന് 16 കളിക്കാരും പരിശീലകരും ഒഫീഷ്യലുകളും കുടുംബാംഗങ്ങളുമുള്‍പ്പെടെ 16 പേരും മരിച്ചു. കാര്‍ഗോക്കിടയിലായിരുന്ന നായ മാത്രമാണ് രക്ഷപ്പെട്ടത്. ദുരന്തത്തെ തുടര്‍ന്ന് ലോകചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി.
1970 കാള്‍ പ്ളോയ് സാന്‍ലൂയിസ് ഒബിസ്പോ
ഡൊമനിക്കന്‍ റിപ്പബ്ളിക് ടീമുമായുള്ള സൗഹൃദ മത്സരത്തിനുശേഷം സാന്‍േറാ ഡൊമിന്‍ഗോ വിമാനത്താവളത്തില്‍നിന്ന് പ്യൂര്‍ട്ടോറികോ ദേശീയ വനിത വോളിബാള്‍ ടീം അംഗങ്ങളുമായി പറന്നുയര്‍ന്ന വിമാനം കരീബിയന്‍ കടലില്‍ തകര്‍ന്നുവീണ് എല്ലാവരും മരിച്ചു.
വിഷിറ്റ സ്റ്റേറ്റ് ഫുട്ബാള്‍ ടീം
ഉറ്റ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ടീമുമായുള്ള മത്സരത്തിനായി തിരിച്ച വിഷിറ്റ സ്റ്റേറ്റ് ഫുട്ബാള്‍ ടീം കയറിയ വിമാനം ക്ളിയര്‍ ക്രീക്ക് വാലിക്ക് സമീപം പര്‍വതത്തില്‍ ഇടിച്ച് 40 പേരില്‍ 31 പേര്‍ മരിച്ചു. വിഷിറ്റ സ്റ്റേറ്റ് ഫുട്ബാള്‍ ടീമിലെ 14 പേരാണ് മരണത്തിന് കീഴടങ്ങിയത്.
മാര്‍ഷല്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ ടീം
നവംബറില്‍ നോര്‍ത്ത് കരോലൈനയില്‍നിന്ന് മടങ്ങുകയായിരുന്ന മാര്‍ഷല്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ ടീം സഞ്ചരിച്ച വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 37 പേര്‍ മരിച്ചു. മാര്‍ഷല്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ ടീമിലെ 25 പേര്‍ മരിച്ചവരിലുണ്ടായിരുന്നു.
1972 ഓള്‍ഡ് ക്രിസ്റ്റ്യന്‍സ് ക്ളബ് ഉറുഗ്വായ്
ഉറുഗ്വായ് റഗ്ബി ടീമായ ഓള്‍ഡ് ക്രിസ്റ്റ്യന്‍സ് ക്ളബ് സഞ്ചരിച്ച വിമാനം ചിലിയിലെ ഒറ്റപ്പെട്ട ആന്‍ഡസ് പര്‍വതനിരകളില്‍ തകര്‍ന്നുവീണത്. 45 യാത്രക്കാരില്‍ 18 പേരാണ് അപകടത്തില്‍ മരിച്ചത്. എന്നാല്‍, രക്ഷപ്പെടാനാവാതെ ഒറ്റപ്പെട്ട പ്രദേശത്ത് കുടുങ്ങിക്കിടന്ന ബാക്കി 27 പേരില്‍ എട്ടുപേര്‍ ദിവസങ്ങള്‍ക്കുശേഷമുണ്ടായ ആവലാഞ്ചില്‍ മരിച്ചു. തുടര്‍ന്നും അവിടെ കുടുങ്ങിയവര്‍ രണ്ടു മാസത്തെ ഏറെ കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തിനുശേഷമാണ് പുറം ലോകംകണ്ടത്.
1976 ക്യൂബ ദേശീയ ഫെന്‍സിങ് ടീം
ഒക്ടോബര്‍ വെനിസ്വേലയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ക്യൂബ ദേശീയ ഫെന്‍സിങ് ടീം കയറിയ വിമാനം ബാര്‍ബഡോസിലെ സീവെല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന് 73 യാത്രക്കാരും മരിച്ചു. സ്ഫോടനമുണ്ടായ ഉടന്‍ പൈലറ്റ് വാട്ടര്‍ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഡിസംബര്‍ 13ന് അമേരിക്കയിലെ മിഡ്ല്‍ ടെന്നസി ബ്ളൂ റൈഡേഴ്സ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി യാത്രതിരിച്ച ഇവാന്‍സ്വില്ളെ പര്‍പ്ള്‍ എയ്സസ് യൂനിവേഴ്സിറ്റി ബാസ്കറ്റ്ബാള്‍ ടീമിന് പക്ഷേ ആ ഭാഗ്യമുണ്ടായില്ല. വിമാനം പറന്നുയര്‍ന്ന ഉടന്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ ടീമിലെ എല്ലാവരും ചാരമായി. ടീമിനൊപ്പമില്ലാതിരുന്ന ഡേവിഡ് ഫര്‍ മാത്രമാണ് രക്ഷപ്പെട്ടത്. എന്നാല്‍, ദുരന്തം വിടാതെ പിന്തുടര്‍ന്ന ഫറും സഹോദരനും രണ്ടാഴ്ചക്കകം ഒരു റോഡപകടത്തില്‍ മരിക്കുകയും ചെയ്തു.
1979 പാക്തകോര്‍ എഫ്.കെ
സോവിയറ്റ് ഒന്നാം ലീഗിലെ മുന്‍നിര ക്ളബായ ഉസ്ബെക് ടീം പാക്തകോര്‍ എഫ്.കെ, ഡൈനാമോ മിന്‍സ്കിനെതിരായ മത്സരത്തിനായുള്ള യാത്രക്കിടെ യുക്രെയ്ന്‍ നഗരമായ നെപ്രോസെന്‍ഷികില്‍വെച്ച് മറ്റൊരു യാത്രാവിമാനവുമായി ആകാശത്ത് കൂട്ടിയിടിച്ച് 178 പേര്‍ മരിച്ചു. പാക്തകോര്‍ എഫ്.കെ ടീമിലെ 17 പേരും മരിച്ചു.
1980 യു.എസ് ബോക്സിങ് ടീം
മാര്‍ച്ച് 14ന് ന്യൂയോര്‍ക്കില്‍നിന്ന് വാഴ്സോയിലേക്കുള്ള യാത്രക്കിടെ ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമായ വിമാനത്തിലുണ്ടായിരുന്ന 87 പേരും മരിച്ചപ്പോള്‍ അമേരിക്കന്‍ ബോക്സിങ് ടീമിലെ 14 പേരും എട്ടു ഒഫീഷ്യലുകളും അതിലുണ്ടായിരുന്നു.
1985 ഇയോവ സ്റ്റേറ്റ് വിമന്‍സ് ക്രോസ് കണ്‍ട്രി ടീം
നവംബറില്‍ എന്‍.സി.എ.എ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയോവ സ്റ്റേറ്റ് വിമന്‍സ് ക്രോസ് കണ്‍ട്രി ടീം സഞ്ചരിച്ച വിമാനം ഡെസ് മോയിന്‍സ് വിമാനത്താവളത്തിന് സമീപം തകര്‍ന്ന് ഏഴു ടീമംഗങ്ങളടക്കം എല്ലാവരും മരിച്ചു.
1987 അലിയന്‍സ ലിമ പെറു സോക്കര്‍ ടീം
ഡിസംബറില്‍ പെറു ലീഗ് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന അലിയന്‍സ ലിമ സോക്കര്‍ ടീം സഞ്ചരിച്ച വിമാനം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണ് 29 കളിക്കാരും പരിശീലകരും ഒഫീഷ്യലുകളുമടക്കം 43 പേര്‍ മരിച്ചു.
1989 ‘കളര്‍ഫുള്‍ ഇലവന്‍’ സോക്കര്‍ ടീം
ജൂണ്‍ ലാറ്റിനമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മുന്‍ ഡച്ച് കോളനിയായ സുരിനാമിലെ ഫുട്ബാള്‍ താരങ്ങളുടെ കൂട്ടായ്മയായ ‘കളര്‍ഫുള്‍ ഇലവന്‍’ സോക്കര്‍ ടീം സഞ്ചരിച്ച വിമാനം ആംസ്റ്റര്‍ഡാമില്‍നിന്ന് സുരിനാമിലേക്കുള്ള യാത്രയില്‍ ലാന്‍ഡിങ്ങിനിടെ എന്‍ജിനും ചിറകും മരത്തിനിടിച്ച് തീപിടിച്ച് 187 യാത്രക്കാരില്‍ 176 പേരും മരിച്ചു. ‘കളര്‍ഫുള്‍ ഇലവന്‍’ സോക്കര്‍ ടീം എല്ലാവരും മരിച്ചവരില്‍പ്പെടുന്നു.
1993 സാംബിയ ദേശീയ ഫുട്ബാള്‍ ടീം
ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദുരന്തം. 1988ലെ സോള്‍ ഒളിമ്പിക്സില്‍ കരുത്തരായ ഇറ്റലിയെ 0-4ന് തകര്‍ത്ത് ഏറെ പ്രതീക്ഷയേകിയ സാംബിയ ഫുട്ബാള്‍ ടീം 1993ലുണ്ടായ വിമാനാപകടത്തിലാണ് ഒന്നാകെ ഇല്ലാതായത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനായി സെനഗലിലേക്ക് പുറപ്പെട്ട ടീം സഞ്ചരിച്ച വിമാനത്തിന്‍െറ ഇടതുഭാഗത്തെ എന്‍ജിന് തീപിടിച്ചപ്പോള്‍ പൈലറ്റ് അബദ്ധത്തില്‍ വലതുഭാഗത്തെ എന്‍ജിന്‍ കൂടി ഓഫ് ചെയ്തതോടെ ലിബര്‍വില്ളെ തീരത്തിന് 500 വാരയകലെ വിമാനം സമുദ്രത്തിലേക്ക് കൂപ്പുകുത്തി. ടീമംഗങ്ങളായ 18 പേര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 30 പേരും മരിച്ചു.
2004 ഹെന്‍ഡ്രിക് മോട്ടോര്‍ സ്പോര്‍ട്സ്
ഒക്ടോബറിലുണ്ടായ വിമാന ദുരന്തത്തില്‍ നോര്‍ത്ത് കരോലൈനയിലെ ജോണ്‍ ഹെന്‍ഡ്രിക്കിന്‍െറ കുടുംബം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. ഹെന്‍ഡ്രിക് മോട്ടോര്‍ സ്പോര്‍ട്സിന്‍െറ സ്വകാര്യവിമാനമാണ് അപകടത്തില്‍പെട്ടത്.
2008 അപെക്സ് മോട്ടോര്‍ സ്പോര്‍ട്സ് ടീം
മാര്‍ച്ച് 30ന് ബ്രിട്ടനിലെ റേസ് കാര്‍ ഡ്രൈവറായ റിച്ചാര്‍ഡ് ലോയ്ഡും അദ്ദേഹത്തിന്‍െറ അപെക്സ് മോട്ടോര്‍ സ്പോര്‍ട്സ് ടീം ഫ്രാന്‍സിലെ കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെ ഫാണ്‍ബറോയില്‍നിന്ന് പറന്നുയര്‍ന്നെങ്കിലും എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തൊട്ടടുത്ത വീടിന് മുകളിലേക്ക് വീണ് കത്തിയമര്‍ന്ന് എല്ലാവരും മരിച്ചു.
2012 ലോകോമോട്ടീവ് യാരോസ്ളവ്ല്‍
റഷ്യയിലെ മുന്‍നിര ഹോക്കി ക്ളബായ ലോകോമോട്ടീവ് യാരോസ്ളവ്ല്‍ ബെലാറസിലേക്കുള്ള യാത്രക്കായി ടേക്ക് ഓഫ് ചെയ്യവെ റണ്‍വേയില്‍നിന്ന് വേണ്ടത്ര ഉയരാതെ സമീപത്തെ ടവറില്‍ ഇടിച്ചശേഷംതുനോഷ നദിയിലേക്ക് കൂപ്പുകുത്തി 45ല്‍ 43 പേരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.