മുംബൈ: ഇന്ത്യൻ ക്രിക്കറ്റിെൻറ നവോത്ഥാന നായകൻ അജിത് വഡേക്കർ ഇനി ഒാർമ. ക്യാപ്റ്റനും പരിശീലകനുമായി ക്രിക്കറ്റ് ക്രീസിൽ ഇന്ത്യയെ കൈപിടിച്ചുനടത്തിയ ഇതിഹാസതാരം മുംബൈയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. 77 വയസ്സായിരുന്നു. 1966നും 1974നുമിടയിൽ ഇന്ത്യൻ കുപ്പായത്തിൽ 37 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും കളിച്ച വഡേക്കർ, 1990കളിലായിരുന്നു പരിശീലകെൻറ കുപ്പായത്തിലെത്തിയത്.
ടെസ്റ്റ് ബാറ്റ്സ്മാൻ, ടീം നായകൻ, കോച്ച്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ തുടങ്ങി ഏറ്റെടുത്ത പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കമിട്ട മുൻ ക്രിക്കറ്റ് ജീനിയസിന് രാജ്യം അർജുന അവാർഡ്, പത്മശ്രീ പുരസ്കാരം, സി.കെ. നായിഡു ലൈഫ്ടൈം അച്ചീവ്മെൻറ് ബഹുമതി എന്നിവ നൽകി ആദരിച്ചിരുന്നു. രേഖയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
‘‘ഇന്ത്യൻ ക്രിക്കറ്റിെൻറ നവോത്ഥാന നായകനായിരുന്നു അജിത് വഡേക്കർ. അദ്ദേഹത്തിെൻറ വേർപാട് ക്രിക്കറ്റിന് നികത്താനാവാത്ത നഷ്ടമാണ്’’ -വഡേക്കറുടെ നിര്യാണത്തിൽ ബി.സി.സി.െഎയുടെ അനുശോചനക്കുറിപ്പ് ഇങ്ങനെയായിരുന്നു. ഇടംകൈയൻ ബാറ്റ്സ്മാനായും നേതൃഗുണമുള്ള നായകനും കോച്ചുമായും ജീവിതം സമർപ്പിച്ച വഡേക്കറിനെ വിശേഷിപ്പിക്കാവുന്ന ഏറ്റവും മികച്ച വാക്കുകളാണിത്.
മകനെ കണക്ക് പഠിപ്പിച്ച് മികച്ചൊരു എൻജിനീയറാക്കാൻ തീരുമാനിച്ച പിതാവിെൻറ സ്വപ്നങ്ങളെ ക്രിക്കറ്റ് ക്രീസിലേക്ക് പറിച്ചുനട്ടായിരുന്നു വഡേക്കറിെൻറ തുടക്കം. ക്രിക്കറ്റിനെ തെൻറ വഴിയായി തിരഞ്ഞെടുത്ത വഡേക്കർ ബോംബെക്കായി 1958ൽ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കുറിച്ചു. 17 വയസ്സായിരുന്നു അന്ന് പ്രായം. ബോംബെയുടെ ബാറ്റ്സ്മാനായി തുടങ്ങിയ കൗമാരക്കാരൻ ഏതാനും വർഷങ്ങൾക്കകം ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിലും അരങ്ങേറി. മൻസൂർ അലിഖാൻ പട്ടൗഡിക്കു കീഴിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിെൻറ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ച്വറിയോടെതന്നെ തുടങ്ങി.
നാലു വർഷത്തിനുശേഷം അതേ വിൻഡീസിനെ അവരുടെ നാട്ടിൽ നേരിട്ടപ്പോൾ വഡേക്കർ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായി മാറി. മരിക്കുേമ്പാഴും വഡേക്കർ എന്ന പേരിനെ ഒാർക്കുന്നത് ഇന്ത്യക്ക് മെരുങ്ങാൻ മടിക്കുന്ന കരീബിയൻ മണ്ണിൽ ചരിത്രംകുറിച്ച ടെസ്റ്റ് പരമ്പര ജയത്തിെൻറ പേരിലാണ്. ഗാരി സോബേഴ്സും ൈക്ലവ് ലോയ്ഡും അണിനിരന്ന വിൻഡീസിനെതിരെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കാനാണ് വഡേക്കറും സഘവുമെത്തുന്നത്.
കളി തുടങ്ങിയപ്പോൾ ദിലീപ് സർദേശായിയുടെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ ഇന്ത്യൻ ബാറ്റിങ് നിര ഫോമിലേക്കുയർന്നു. നാലു കളിയും സമനിലയായി. എന്നാൽ, പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഏഴു വിക്കറ്റിന് ജയിച്ച ഇന്ത്യ 1-0ത്തിന് വിദേശമണ്ണിൽ ചരിത്രമെഴുതി. തൊട്ടുപിന്നാലെ, ഇംഗ്ലണ്ട് മണ്ണിലും വഡേക്കറുടെ ഇന്ത്യൻ സംഘം വിജയക്കൊടി പറത്തി. 1971 ജൂണിൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ത്തിന് ജയിച്ചു. ഒന്നും രണ്ടും ടെസ്റ്റ് സമനിലയായപ്പോൾ മൂന്നാം ടെസ്റ്റിൽ നാലു വിക്കറ്റിനായിരുന്നു ജയം. ഇംഗ്ലണ്ടിലും വിൻഡീസിലും പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന പൊൻതൂവലും വഡേക്കർ അണിഞ്ഞു.
37 ടെസ്റ്റുകളിൽ ഒരു സെഞ്ച്വറിയും 14 അർധസെഞ്ച്വറിയും ഉൾപ്പെടെ 2113 റൺസ് അടിച്ചുകൂട്ടി. രണ്ട് ഏകദിനങ്ങൾ മാത്രമേ കളിച്ചിരുന്നുള്ളൂവെങ്കിലും അത് ഇതിഹാസതാരത്തിെൻറ പടിയിറക്കത്തിൽ കലാശിച്ചു. ഇന്ത്യയുടെ ആദ്യ ഏകദിന ക്യാപ്റ്റനായി ഇംഗ്ലീഷ് പര്യടനത്തിനെത്തിയ അദ്ദേഹം, രണ്ടു തോൽവിയോടെ രാജ്യാന്തര ക്രിക്കറ്റ് കരിയറും അവസാനിപ്പിച്ചു. ശേഷം ഒരു ഫസ്റ്റ്ക്ലാസ് മത്സരംകൂടി കളിച്ച് കളിക്കാരനെന്ന നിലയിലെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു.
ഗോഡ്ഫാദർ
അനുശോചന സന്ദേശത്തിൽ മുൻ ഇന്ത്യൻ നായകന്മാരായ മുഹമ്മദ് അസ്ഹറുദ്ദീനും അനിൽ കുംെബ്ലയും പിതൃതുല്യനായ മനുഷ്യനെ നഷ്ടമായെന്നാണ് വിശേഷിപ്പിച്ചത്. രാജ്യാന്തര കരിയർ അവസാനിപ്പിച്ചശേഷം 1990കളിലാണ് വഡേക്കർ മാനേജറുടെ കുപ്പായത്തിലെത്തുന്നത്. 1991 മുതൽ 1996 വരെ ഇന്ത്യൻ കോച്ചായപ്പോൾ അസ്ഹറുദ്ദീനായിരുന്നു നായകൻ.
1996 ലോകകപ്പ് സെമിയിലെ തോൽവിക്കു പിന്നാലെ രാജിവെക്കുേമ്പാൾ ഇൗ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. സഞ്ജയ് മഞ്ജരേക്കർ, ബിഷൻ സിങ് ബേദി, സചിൻ ടെണ്ടുൽകർ തുടങ്ങിയവരും വഡേക്കറുടെ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.