മോസ്കോ: തെഹ്റാൻ നഗരത്തിലെ ചപ്പുചവറുകൾ അടിച്ചുവാരിയ കൈകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി തടഞ്ഞിടാൻ പാകത്തിൽ വളർന്ന കഥ ആരെയും പ്രചോദിപ്പിക്കും. പ്രീക്വാർട്ടർ ബെർത്ത് നിശ്ചയിക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ പെനാൽറ്റി തടഞ്ഞിട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇറാനിയൻ ഗോൾ കീപ്പർ അലിറിസ ബെയ്റൻവാദിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കളിക്കളത്തിലെന്നപോെല ത്രസിപ്പിക്കുന്നതാണ് 25കാരനായ അലി റിസയുടെ നാടകീയജീവിതം. കിഴക്കൻ ഇറാനിലെ സറാബിയാസിലെ നാടോടി കുടുംബത്തിൽ 1992ലായിരുന്നു ജനനം. ചെറുപ്പത്തിൽ ആടുമേച്ചു നടക്കുന്നതിനിടെ ഒഴിവു സമയങ്ങളിൽ കൂട്ടുകാരോടപ്പം പന്തുതട്ടിയാണ് കാൽപന്തിനെ കൂട്ടുപിടിച്ചത്. പ്രാദേശിക ക്ലബുകൾക്കുവേണ്ടി ഗോളടിക്കാൻ കളത്തിലിറങ്ങിയ അവൻ കൂട്ടുകാരന് പരിക്കേറ്റതോടെ ഗോളിയുടെ ഗ്ലൗസണിഞ്ഞു. റിസെയുടെ ഫുട്ബാൾ ഭ്രാന്ത് ഇഷ്ടമല്ലാതിരുന്ന പിതാവ് ഗ്ലൗസും മറ്റും നശിപ്പിച്ച്, ജോലിചെയ്യാൻ നിർബന്ധിച്ചുതുടങ്ങി. എന്നാൽ, കളിയെ വിടാൻ തയാറാവാതിരുന്ന കൗമാരക്കാരൻ നാടുവിട്ട് ഫുട്ബാളിനെ കൂട്ടുപിടിച്ചു.
12ാം വയസ്സിൽ സ്വപ്നം നാടും വീടും വിട്ട് തെഹ്റാനിലേക്ക് വണ്ടികയറി. കുടുംബ സുഹൃത്തിൽനിന്നും ബസ് കൂലിക്കുള്ള പണം കടംവാങ്ങിയായിരുന്നു ആ യാത്ര. നഗരത്തിലെത്തിയെങ്കിലും കളിക്കാരനെന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ ഒരുപാട് കഷ്ടപ്പെട്ടു. പ്രാേദശിക ക്ലബിലെ കോച്ചായ ഹുസൈൻ ഫൈസിെൻറ അടുത്ത് എത്തിപ്പെട്ടത് വഴിത്തിരിവായി. അദ്ദേഹം അവന് പരിശീലനം നൽകാമെന്നേറ്റു. എന്നാൽ, 30 യൂറോ പ്രതിഫലമായി ചോദിച്ചു. തലചായ്ക്കാൻ ഇടമില്ലാതെ പരിശീലന മൈതാനത്തിനടുത്ത് തന്നെ താമസിച്ച നാളുകൾ. ഒരിക്കൽ ക്ലബിെൻറ വരാന്തയുടെ മുന്നിൽ അന്തിയുറങ്ങിയ അലിറിസ ഉണർന്നെഴുന്നേറ്റപ്പോൾ ഞെട്ടി. ചുറ്റും ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ. യാചകനെന്ന് കരുതി യാത്രക്കാർ സംഭാവന നൽകിയതായിരുന്നു അവ. എന്നാൽ, ആ സംഖ്യ ഉപയോഗിച്ചാണ് താൻ ഏറെ നാളുകൾക്ക് ശേഷം രുചികരമായ പ്രാതൽ കഴിച്ചതെന്ന് പിന്നീടൊരിക്കൽ ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിനിടെ നിത്യവൃത്തിക്കായി വസ്ത്രനിർമാണ ശാലയിലും, പിസ കടകളിലും തൊഴിലെടുത്തു. കാറുകൾ വരെ കഴുകിക്കൊടുതു. തെൻറ ഉയരക്കൂടുതൽ കാരണം ഏറെയും എസ്.യു.വികൾ കഴുകാനുള്ള ഒാർഡറായിരുന്നു ലഭിച്ചത്. പിന്നീട് നാഫ്തേ തെഹ്റാനിലേക്ക് കൂടുമാറിയ അവൻ താമസസൗകര്യമൊന്നും ലഭ്യമല്ലാത്തതിനാൽ ദീർഘകാലം പ്രാർഥനാ മുറിയിൽ കഴിഞ്ഞുകൂടി. ഇതിനിടെയിലും താരം പിസ കടയിലെ ജോലി വിട്ടില്ല. പിസ വാങ്ങാനെത്തിയേപ്പാഴാണ് കോച്ചിനുപോലും താരത്തിെൻറ കഷ്ടപ്പാടുകൾ മനസ്സിലായത്. ജീവിതചെലവും പരിശീലനവും ഒന്നിച്ചുകൊണ്ടുപോവാൻ തൂപ്പുകാരെൻറ വേഷവുമണിഞ്ഞു.
ഇതിനിടെ പരിശീലനത്തിനിടെ പരിക്കേറ്റുപറ്റിയതോടെ ക്ലബ് കൈവിട്ടു. ഫുട്ബാൾ കരിയർ അവസാനിച്ചെന്ന് കരുതിയ നിമിഷം. എന്നാൽ, ചെറുപ്പക്കാരനായ മനേജർ നാഫ്ത് ക്ലബിൽ ചുമതലയേറ്റതോടെ റിസയുടെ തലവര മാറി. ക്ലബ് പുതിയ കരാറിലെത്തി. കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ താരം ഇറാനിയൻ അണ്ടർ-23 ടീമിൽ കയറിപ്പറ്റിയതോടെ തലവരമാറിത്തുടങ്ങി. ക്ലബിെൻറ ഒന്നാം നമ്പർ ഗോളിയായി. 2015ൽ രാജ്യത്തിെൻറ ഗോൾവലക്ക് കീഴിലെ പ്രഥമ സ്ഥാനം അലിറിസയുടേതായി മാറി. ലോകകപ്പ് യോഗ്യത റൗണ്ടിൽ 12 ക്ലീൻ ഷീറ്റുകളുമായി ടീമിനെ ഫൈനൽ റൗണ്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള ഗോളിയായി വളർന്ന താരത്തിെൻറ ലോങ് ത്രോകൾ റഷ്യയുടെ ഇതിഹാസ ഗോളി ലെവ് യാഷിെൻറ കളി ശൈലിയുമായാണ് താരതമ്യം ചെയ്യുന്നത്. ഇത്രയേറെ കഷ്ടപ്പെട്ട് ഉയരങ്ങൾ കീഴടക്കിയ താരം ഇന്ന് പെർസപോളിസ് ക്ലബിനായി വൻ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.