നീ ഇല്ലാത്ത പുൽ മൈതാനങ്ങൾ, മന്ത്രികനെ അടക്കം ചെയ്ത ശവക്കല്ലറകൾ മാത്രം

കളി തുടങ്ങുമ്പോൾ ഉള്ളിൽ അർജൻറീന വിജയിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും അമിത പ്രതീക്ഷകൾ കൊണ്ട് കാര്യമില്ലെന്നും മെസ്സി ഒഴികെ ശരാശരിക്കാരായ ഈ ടീം ലോകകപ്പിലെ തന്നെ  മികച്ച ടീം ലൈനപ്പുള്ള ഫ്രാൻസിനെ മറികടക്കാൻ മാത്രമില്ലെന്നും മറ്റേത് ആരാധകനെയും പോലെ അറിയാമായിരുന്നു. എന്നാൽ അർജൻറീന വിജയിക്കുമെന്ന് ഞാൻ വിശ്വസിച്ചു, കാരണം ഞാൻ തലചോറിന് പകരം ഹൃദയം കൊണ്ട് ചിന്തിചാണ് കളി കാണാൻ തുടങ്ങിയത്. ലോകമെമ്പാടുമുള്ള ആൽബിലസെൽറ്റക്കാരും അതെ ഹൃദയം കൊണ്ടായിരിക്കും ചിന്തിച്ചിട്ടുണ്ടായിരിക്കുക.

ഗ്രൂപ്പ്‌ മത്സരങ്ങളിലെ ആവറേജ് കളിയിൽ നിന്നും ചിലപ്പോൾ ആവറേജിലും താഴെ  കളിച്ച ടീം ഭാഗ്യത്തി​​​​െൻറ അകമ്പടിയോട് കൂടിയാണ് പ്രീക്വാർട്ടറിൽ എത്തിയത്. ഒന്നുമില്ലായ്മയിൽ നിന്ന് പ്രതീക്ഷയുടെ നീലാകാശത്തിലേക്ക് ഞങ്ങളെ പറത്തിവിട്ടവരാണ് നിങ്ങൾ. കരുത്തരായ ഫ്രാൻസിനോട് അവസാന നിമിഷം വരെ പോരാടിയ ഈ മത്സരം കാലമെത്ര കഴിഞ്ഞാലും ഞങ്ങൾ  മറക്കില്ല. പുതിയ പ്രതീക്ഷയുടെ പ്രത്യാശയുടെ കിരണങ്ങളായി നാളെ അത് ഭൂമിയിൽ  പുനർഗമിക്കും.

ശത്രുവി​​​​െൻറ സൗന്ദര്യം ആസ്വദിക്കരുതെന്ന് പറയാറുണ്ട്, എംബാപ്പേ.. വെറും പത്തൊമ്പത്കാര​​​​െൻറ പിന്നിൽ മുൻനിര ക്ലബ്ബുകൾ  വലവീശുന്നതിൽ കാര്യമുണ്ടെന്ന് നീ തെളിയിച്ചു.

മെസ്സി... ഒരു ഫുട്ബോൾ പ്രേമിക്ക് നൽകാവുന്നതിലപ്പുറം നീ തന്നു, ആകാശ നീലിമയണിഞ്ഞ ആ കുപ്പായത്തിൽ നീ ഉയർത്തുന്ന ലോകകിരീടം ഞങ്ങളുടെ അതിമോഹമായിരുന്നോ... മെസ്സി..നിങ്ങൾ ഇനി  വിമർശനശരങ്ങൾ കൊണ്ട് മൂടപ്പെട്ടേക്കാം. ചാനലുകളുടെ അന്തിചർച്ചകളിലും ഫുട്ബോൾ വിദഗ്ദ്ധരുടെ പത്ര കോളങ്ങളിലും നിങ്ങളുടെ കരിയർ വീണ്ടും പോസ്റ്റ്‌ മോർട്ടത്തിന് വിധേയമായേക്കാം. മറഡോണമാരുടെയും പേലെമാരുടെയും ലിസ്റ്റിൽ നീ അധികപറ്റായിരിക്കാം, അധികമാരും വാഴ്​ത്തപെടാത്ത പുഷ്കാസൻറുമാരുടെയും ക്രായ്ഫുമാരുടെയും ലിസ്റ്റിലേക്ക് നിന്നെ ചേർക്കപ്പെട്ടേക്കാം. എന്നാൽ ഞങ്ങളുടെ ഹൃദയത്തോട്​ചേർന്നാണ് നി​​​​െൻറ കളിമികവിന് സ്ഥാനം.

വിമർശകർക്ക്​ പോലും മെസ്സി ഫുട്ബാളിന​​​​െൻറ ദൈവമാണ്. മെസ്സി ഒരിക്കലും ഫുട്ബാൾ കൊണ്ട് തന്നെ ആനന്ദിപ്പിച്ചിട്ടില്ലെന്ന് ഒരു ഫുട്ബോൾ പ്രേമിക്ക്  പറയാനാവുമോ. ചില അന്ധമായ, സീസണൽ ഫാൻസി​​​​െൻറ ചെയ്തികളാണ് മെസ്സിക്ക് നേരെയുള്ള വിമർശനത്തി​​​​െൻറ സിംഹഭാഗത്തി​​​​െൻറയും ഉറവിടം എന്ന് ഞാൻ പറയുന്നു. മെസ്സി... നീ ഇല്ലാത്ത പുൽ മൈതാനങ്ങൾ മന്ത്രികനെ അടക്കം ചെയ്ത വെറും ശവക്കല്ലറകൾ മാത്രമായിരിക്കും

സഫലമാകാത്ത പ്രണയം പോലെ... എനിക്ക് വീണ്ടും തലചോറ് മാറ്റിവെച്ച് ഹൃദയം കൊണ്ട് ചിന്തിക്കേണ്ടിരിക്കുന്നു. മെസ്സി ഖത്തർ ലോകകപ്പിൽ കളിക്കുമെന്ന് വിശ്വസിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു. ലോകകപ്പ് കിരീടമെന്ന പൂർണ്ണതയിൽ എത്തിപ്പിടിക്കാൻ അവിടെ കഴിയുമെന്ന് വിശ്വസിക്കുന്നു.

ഹാവിയർ മഷറാനോ... നീലയും വെള്ളയും നിറഞ്ഞ ആ ജെഴ്​സിയിൽ ഇനി നിങ്ങളില്ലെന്ന വസ്തുത അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇനി എന്നായിരിക്കും ഇത് പോലെയുള്ള ഒരു പോരാളിയെ അർജൻറീനക്ക്​ കിട്ടുന്നത്.

ഫുട്ബാൾ കാണാൻ തുടങ്ങിയത് മുതൽ ഇഷ്ട്ട ടീം കപ്പുയർത്തുന്നത് കാണാൻ എനിക്കായിട്ടില്ല. അത് കൊണ്ട് തന്നെ ഒരു തോൽവിക്കിപ്പുറം ഈ നീല പടയെ വെറുക്കാൻ ഞാനില്ല. യുവത്വവും പ്രതിഭയും അനുഭവസമ്പത്തുള്ള സന്തുലിതമായ പുതിയ ടീം വരട്ടെ.. കഴിഞ്ഞ ലോകകപ്പിൽ സ്വന്തം നാട്ടിൽ വെറും ചാരമായി ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ലൈനപ്പൊട് കൂടി തിരിച്ചു വന്ന ബ്രസീലിനെ പോലെ ഒരു ഫീനിക്സ് പക്ഷിയായി കുതിച്ചുയരട്ടെ.

Tags:    
News Summary - argentina fan about his teams defeat-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.