ബൽബിർ സിങ് ദൊസാഞ്ജിെൻറ ജീവിതത്തിലേക്ക് ആദ്യമായി ഹോക്കി സ്റ്റിക്ക് എത്തുേമ്പാൾ വയസ്സ് അഞ്ച്. പിറന്നാൾ സമ്മാനമായി പിതാവ് സമ്മാനിച്ച സ്റ്റിക്കിന് കുഞ്ഞു ബൽബീറിനെക്കാൾ നീളം. 1928ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ധ്യാൻചന്ദിെൻറ ഇന്ത്യ ചരിത്രത്തിലെ ആദ്യ സ്വർണമെഡലണിഞ്ഞ വർഷമായിരുന്നു അത്. ധ്യാൻചന്ദിനും കൂട്ടുകാർക്കും ബോംബെ തുറമുഖത്ത് ജനലക്ഷങ്ങൾ നൽകിയ സ്വീകരണത്തിെൻറ ഒലികൾ ഇന്ത്യയിെലമ്പാടം അലയടിച്ചു.
ആ ആവേശവുമായാണ് ബൽബീറിെൻറ സ്വാതന്ത്ര്യ സമര സേനാനിയായ പിതാവ് ദാലിപ് സിങ് ദൊസാഞ്ജ് മകന് ഹോക്കി സ്റ്റിക്ക് പിറന്നാൾ സമ്മാനം നൽകുന്നത്. ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനെപോലെ മകനെയും കാണാൻ ആ പിതാവ് കണ്ട സ്വപ്നം വൈകാതെ സാക്ഷാത്കരിക്കപ്പെട്ടു. പഞ്ചാബിലെ ജലന്ധറിൽ ഹരിപുർ ഖൽസയിൽ പിറന്ന ബൽബീർ അമൃത്സറിലെ ഖൽസ കോളജിലെത്തിയതോടെ മികച്ചൊരു ഹോക്കിതാരമായി മാറി. 1943മുതൽ പഞ്ചാബ് സർവകലാശാലാ ടീം തുടർച്ചയായി മൂന്നു തവണ ഇൻറർവാഴ്സിറ്റി ഹോക്കി കിരീടം ചൂടുേമ്പാൾ ടീമിനെ നയിച്ച്, ആ വഴി ഇന്ത്യൻ ടീമിലുമെത്തി. തുടർച്ചയായി മൂന്ന് ഒളിമ്പിക്സിൽ ഹോക്കി സ്വർണത്തിലേക്ക് നയിച്ച ബൽബീറിനെ കായിക ഇന്ത്യ ‘ആധുനിക ധ്യാൻചന്ദ്’ എന്നു വിളിച്ചപ്പോൾ അഞ്ചാം വയസ്സിൽ മകനെ നോക്കി ഒരു പിതാവ് കണ്ട സ്വപ്നം പൂവണിഞ്ഞു.
ഗോൾകീപ്പറിൽനിന്ന് സെൻറർ ഫോർവേഡിലേക്ക്
പിതാവ് ദാലിപ് സിങ് കുത്തിവെച്ച ഹോക്കി അഭിനിവേശം ബൽബീറിൽ ലഹരിപടർത്തുകയായിരുന്നു. 1936 ബെർലിനിൽ ഹിറ്റ്ലറെ വെല്ലുവിളിച്ച ധ്യാൻചന്ദ് മാജികിെൻറ ന്യൂസ് റീലുകൾ കണ്ട് 12 വയസ്സുകാരൻ തുള്ളിച്ചാടി. ധ്യാൻചന്ദിനും ധാരക്കും രൂപ് സിങ്ങിനും ഒാരോ ഗോളിനും ജയങ്ങൾക്കും ലഭിക്കുന്ന പിന്തുണകണ്ട് ഗോൾകീപ്പറുടെ പൊസിഷനിൽ നിന്നും ബൽബീർ സെൻറർ ഫോർവേഡിലേക്ക് സ്ഥാനംമാറ്റി. ആ തീരുമാനം ഇന്ത്യൻ ഹോക്കിയുടെ തലവരയും മാറ്റി.
1948 ലണ്ടൻ ഒളിമ്പിക്സ് ടീമിൽ ഇടം നേടുേമ്പാൾ 23 വയസ്സായിരുന്നു. അർജൻറീനയെ 9-1ന് ഇന്ത്യ തരിപ്പണമാക്കിയപ്പോൾ ഡബ്ൾ ഹാട്രിക്കുമായി യുവതാരം ശ്രദ്ധനേടി. വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഗാലറിക്കു മുമ്പാകെ സ്വർണ മെഡൽ മത്സരം. എതിരാളി ആതിഥേയരായ ബ്രിട്ടൻ. ധ്യാൻചന്ദിെൻറ പകർപ്പായി മാറിയ ബൽബീറിെൻറ സ്റ്റിക്കിൽ നിന്നും വീണ്ടും ഇന്ദ്രജാലം പിറന്നു. ഇരട്ട ഗോൾ. ഇന്ത്യക്ക് 4-0ത്തിന് ജയവും സ്വർണവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ ജയത്തെ രാജ്യം ഉത്സവമാക്കി. ബൽബീർ വീരപുരുഷനായി.
1952 ഹെൽസിങ്കിയിൽ ആ സ്റ്റിക്കുകൾ വീണ്ടും ധ്യാൻചന്ദിനെ ഓർമിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ടീമിെൻറ പതാകയേന്തിയ ബൽബീർ കളമുണർന്നപ്പോൾ ഗോളുകൾ അടിച്ചുകൂട്ടി. ഫൈനലിൽ നെതർലൻഡ്സിനെതിരെ ആ സ്റ്റിക്ക് നിറഞ്ഞാടി. അഞ്ചുതവണ ഡച്ച് ഗോൾകീപ്പർ ബൽബീറിെൻറ മാജിക്കിൽ പതറി. ഇന്ത്യ 6-1ന് ജയിച്ച് വീണ്ടും ഒളിമ്പിക്സ് സ്വർണം ചൂടിയപ്പോൾ ബൽബീർ മായ്ക്കാനാവാത്ത റെക്കോഡും കുറിച്ചു. ഒളിമ്പിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി അദ്ദേഹം മാറി. അടുത്ത കാഴ്ച 1956 െമൽബണിൽ. ഇന്ത്യൻ ക്യാപ്റ്റനും, പതാകവാഹകനും ബൽബീർ തന്നെ. ഫൈനലിൽ പാകിസ്താനെ 1-0ത്തിന് തോൽപിച്ച് ഇന്ത്യയുടെ തുടർച്ചയായ ആറാം സ്വർണം.
മൂന്ന് ഒളിമ്പിക്സ് സ്വർണത്തിനു പിന്നാലെ 1958 ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. കളിമതിയാക്കിയശേഷം 1971ൽ പരിശീലക വേഷത്തിൽ ഇന്ത്യൻ ടീമിനൊപ്പമെത്തിയപ്പോഴും ടീമിനെ മെഡൽപോഡിയത്തിലേക്ക് നയിച്ചു. 1975 ലോകകപ്പിലെ കിരീടം തന്നെ അവയിൽ ശ്രദ്ധേയം. 1971ൽ ടീം വെങ്കലവും നേടി. 1957ൽ പത്മശ്രീയും, 2015ൽ ധ്യാൻചന്ദ് പുരസ്കാരവും ലഭിച്ചു. 1977ൽ ‘ദി ഗോൾഡൻ ഹാട്രിക്: മൈ ഹോക്കി ഡെയ്സ്, 2008ൽ ‘ഗോൾഡൻ യാർഡ് സ്റ്റിക്: ഇൻക്വസ്റ്റ് ഓഫ് ഹോക്കി എക്സലൻസ്’ എന്നീ ആത്മകഥാംശമുളള രണ്ടു പുസ്തകങ്ങളുടെ രചയിതാവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.