‘കണ്ണെത്താ ദൂരെ’ സ്വപ്നങ്ങള്‍ നിറം ചാലിച്ച നീലക്കുപ്പായം

മലപ്പുറം: ആദം ഗില്‍ക്രിസ്റ്റും വീരേന്ദര്‍ സെവാഗും ഷാഹിദ് അഫ്രീദിയുമൊക്കെ ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകളെ അനായാസം അടിച്ചുപറത്തുന്നത് കണ്ട് കൂട്ടുകാര്‍ കൈയടിക്കുമ്പോള്‍ ടി.വിക്ക് മുന്നില്‍ കാത് കൂര്‍പ്പിച്ചിരുന്നൊരു ബാലന്‍. ഫോറാണോ സിക്സറാണോയെന്നറിയാന്‍ കമന്‍ററിയോ കൂട്ടുകാരുടെ വാക്കുകളോ കാത്തിരിക്കണം. മരക്കഷ്ണത്തിലോ മട്ടലിലോ വെട്ടിയുണ്ടാക്കിയ ബാറ്റുമായി സമപ്രായക്കാര്‍ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇറങ്ങാന്‍ മോഹമുണ്ടായിരുന്നെങ്കിലും ചുറ്റും ഇരുട്ടായതിനാല്‍ കരക്കിരുന്ന് കാതോര്‍ത്ത് മുഹമ്മദ് ഫര്‍ഹാന്‍ റണ്‍സും വിക്കറ്റും കണക്ക് കൂട്ടി. കാഴ്ചപരിമിതരുടെ ട്വന്‍റി 20 ലോകകപ്പില്‍ വീണ്ടും ജേതാക്കളായ ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായി നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി ഫര്‍ഹാനുണ്ടായിരുന്നു.
 

വലതുകണ്ണിന് പൂര്‍ണമായും അന്ധത ബാധിച്ചയാളാണ് ഫര്‍ഹാന്‍. ഇടതുകണ്ണിന് പകുതി കാഴ്ചശക്തിയേയുള്ളൂ. കുഞ്ഞായിരിക്കെ ചികിത്സിക്കാന്‍ വീട്ടുകാര്‍ ഓടിനടന്നെങ്കിലും കാഴ്ചശക്തി കൂട്ടാന്‍ നിര്‍വാഹമില്ളെന്ന തിരിച്ചറിവില്‍ ഉപേക്ഷിച്ചു. തോറ്റുകൊടുക്കാന്‍ ഫര്‍ഹാനും മനസ്സില്ലായിരുന്നു. പഠിച്ച് വലിയാളാവണവമെന്ന ആഗ്രഹം ഫര്‍ഹാനെ മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലത്തെിച്ചു. എന്നോ ഉള്ളില്‍ മൊട്ടിട്ട ക്രിക്കറ്റ് മോഹം വിരിഞ്ഞത് ഇവിടെ വെച്ചായിരുന്നു. മമ്പാട് എം.ഇ.എസ് കോളജിലായിരുന്നു ബിരുദപഠനം. ഇതിനിടെ ജില്ലാ ടീമും കടന്ന് കേരളതാരമായി മാറിക്കഴിഞ്ഞിരുന്നു ഫര്‍ഹാന്‍. കളിയിലെ മികവിനും നേതൃഗുണത്തിനും സമ്മാനമായി ക്യാപ്റ്റന്‍സിയും കിട്ടി.

കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആസ്ട്രേലിയക്കെതിരെയും മുംബൈയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും വെടിക്കെട്ട് ബാറ്റിങ് നടത്തി അര്‍ധ സെഞ്ച്വറി നേടി. 2009 മുതല്‍ ക്രിക്കറ്റില്‍ സജീവമാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്ന മോഹം കുട്ടിക്കാലത്തേയുണ്ടായിരുന്നു. 2014 ഏപ്രിലില്‍ അത് സഫലമായി. ആസ്ട്രേലിയക്കെതിരെ നീലക്കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. ലോകകപ്പ് നേട്ടത്തിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹികക്ഷേമ വകുപ്പില്‍ ജോലി നല്‍കി. ഇപ്പോള്‍ എടക്കരയിലെ ഐ.സി.ഡി.എസില്‍ ഉദ്യോഗസ്ഥനാണ് 23കാരന്‍. ചാലിയാര്‍ മൈലാടിയിലെ അരഞ്ഞിക്കല്‍ ഹസൈനാറും പരേതയായ ജമീലയുമാണ് മാതാപിതാക്കള്‍.
ബൈ്ളന്‍ഡ് ക്രിക്കറ്റ് ട്വന്‍റി20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം കിരീടവുമായി
 

2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു. രണ്ട് തവണ ലോകകിരീടത്തില്‍ മുത്തമിട്ടെങ്കിലും കയറിക്കിടക്കാന്‍ കൊള്ളാവുന്നൊരു വീടെന്ന സ്വപ്നം സഫലീകരിക്കാനായിട്ടില്ളെന്ന് ഫര്‍ഹാന്‍ പറഞ്ഞു. ഇപ്പോഴത്തെ ഭൂമിയുടെ ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് തടസ്സം. മറ്റൊരു സ്ഥലം വാങ്ങി വീട് വെക്കുകയാണ് ലക്ഷ്യം. സഹായഹസ്തവുമായി ആരെങ്കിലും വരാതിരിക്കില്ല.

Tags:    
News Summary - blind cricket world cup team india- malayali batsman farhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.