ഓർക്കാപ്പുറത്ത് ഗോൾവല മുത്തംവെക്കുന്ന പന്ത്, കളിയുടെ മാത്രമല്ല ജീവിതത്തിെൻറതന്നെ ഗതി മാറ്റുമെന്ന് തെളിയിച്ചൊരാളുണ്ട്. 2016 നവംബർ എട്ടിന് ഉച്ചയോടെ ബംഗളൂരു എഫ്.സിയിലെ സഹതാരം റിനോ ആേൻറാക്കൊപ്പം മുംബൈയിൽനിന്ന് കൊച്ചിയിൽ പറന്നിറങ്ങുന്നു. വൈകീട്ട് എഫ്.സി ഗോവയുമായി കേരള ബ്ലാസ്റ്റേഴ്സിെൻറ കളി. ഇരു ടീമും ഓരോ ഗോളടിച്ച് മത്സരം സമനിലയിലേക്ക്. അവസാന മിനിറ്റിൽ ഗോവയുടെ ഗോൾ മുഖത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഡിഫൻഡർമാർക്കിടയിലൂടെ ബോക്സിലേക്ക് സെഡ്രിക് ഹെങ്ബർട്ടിൻെറ ഹെഡർ. 10 മിനിറ്റുമുമ്പ് പകരക്കാരനായി കളത്തിലിറങ്ങിയ സി.കെ. വിനീത് കാൽ നീട്ടിവെച്ചുകൊടുക്കുന്നു. പന്ത് ഗോൾവര കടന്നപ്പോൾ മാറിയത് ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീതിെൻറ തലവരയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ കുറിച്ചു, ‘വാട്ട് ആൻ അമൈസിങ് ഗോൾ’. അതൊരു തുടക്കമായി. വിനീതായി അന്നു മുതൽ മലയാളികളുടെ ചങ്ക് ബ്രോ. കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റിൽ സകുടുംബം സസന്തോഷം കഴിയുമ്പോഴും മനസ്സ് നിറയെ ഫുട്ബാളാണ്.
‘‘അന്നത്തെ രസൊന്നും ഇപ്പയില്ലപ്പ’’- എന്ന മുഖവുരയോടെയാണ് കണ്ണൂർക്കാരൻ വിനീത് ഓണമോർമകളിലേക്ക് കടന്നത്. എന്നാണ് അവസാനം വീട്ടിൽ ഓണം കൂടിയതെന്ന് ചോദിച്ചപ്പോൾ പന്ത് അച്ഛൻ വാസു മാഷിന് കൊടുത്തു. അച്ഛെൻറ മൈനസ് പാസ് സ്വീകരിച്ച വിനീതിെൻറ മറുപടിയും ഉടനെത്തി, 10 വർഷം കഴിഞ്ഞുകാണും. എക്സ്ട്രാ ടൈമും ആഘോഷമാക്കി അത് വീട്ടാനുള്ള ഒരുക്കത്തിലാണ്.
കൂത്തുപറമ്പ് വട്ടിപ്രം വെള്ളാനപ്പൊയിലിലെ വീട്ടിൽ ഇക്കുറി ഓണത്തിന് എല്ലാവരുമുണ്ടാവും. വിനീതും സഹധർമിണിയും അച്ഛനും അമ്മ ശോഭനയും ചേട്ടൻ ശരത്തും ഭാര്യയും അമ്മയുടെ സഹോദരങ്ങളുമെല്ലാം കൂടുന്ന സന്തോഷത്തിൻെറ പൊന്നോണം. പാടത്തും പറമ്പിലും കളിച്ചുരസിച്ച് ബാല്യം ആഘോഷിച്ച പത്തു വയസ്സുവരെയുള്ള കാലത്തെ ഓണം നൽകിയ ആഹ്ലാദത്തിന് സ്കൂൾ പഠനം തുടരാൻ ബോർഡിങ്ങിലേക്ക് മാറിയ അന്ന് ചുവപ്പുകാർഡ് കിട്ടിയതാണ്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ നവോദയ സ്കൂളിലായിരുന്നു. രണ്ടോ മൂന്നോ ദിവസമാണ് ഓണത്തിന് വീട്ടിലുണ്ടാവുക. കൂട്ടുകാർക്കൊപ്പം പൂക്കൾ പറിക്കാൻ ഓടി നടക്കാനുള്ള ഉത്സാഹമൊക്കെ പോയി മറഞ്ഞു. പെൺകുട്ടികളില്ലാത്ത വീട്ടിൽ പിന്നെ പൂക്കളമിടലൊക്കെ ചടങ്ങായി.
കണ്ണൂർ എസ്.എൻ കോളജിൽ പഠിക്കുമ്പോഴാണ് വിനീത് അവസാനമായി വീട്ടിൽ ഓണം കൂടിയത്. പിന്നെ കൊൽക്കത്തയിലും ബംഗളൂരുവിലുമൊക്കെയായിരുന്നു. ജൂനിയറായി പഠിച്ച ശരണ്യയെ രണ്ടു വർഷം മുമ്പ് ജീവിതസഖിയാക്കിയതിനുശേഷവും പുറത്തുതന്നെയായിരുന്നു ‘പുയ്യാപ്ല’യുടെ ഓണം.
കഴിഞ്ഞ വർഷം ബംഗളൂരുവിൽ റിനോ ആേൻറാക്കൊപ്പം കൂടി. ഹോട്ടലിലോ മലയാളി സുഹൃത്തുക്കളുടെ വീട്ടിലോ പോയി സദ്യ കഴിക്കുന്നതോടെ തീരും ബംഗളൂരുവിലെ ഓണം. കൊൽക്കത്തയിലാവുമ്പോൾ നാട്ടിൽനിന്ന് ‘മുത്തി’നെ തേടിയെത്തുന്ന ആശംസാസന്ദേശങ്ങളിലും ബന്ധുക്കളുടെയും ചങ്ങാതിമാരുടെയും ഫോൺവിളികളിലും ഒതുങ്ങും. ഓണത്തിന് വീട്ടിലുണ്ടാകണമെന്ന അച്ഛെൻറ നിർബന്ധം സാധിപ്പിച്ചുകൊടുക്കാൻ കഴിയാറില്ല.
ഫുട്ബാൾ കഴിഞ്ഞാൽ കൃഷിയും ഫോട്ടോഗ്രഫിയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ് വിനീത്. ഓണത്തിനടക്കം സ്വന്തം ആവശ്യത്തിനുള്ള പരമാവധി പച്ചക്കറി അച്ഛൻ കൃഷി ചെയ്യാറുണ്ട്. ഏജീസ് ഓഫിസിലെ ജോലിയിൽനിന്ന് വിനീതിനെ പിരിച്ചുവിട്ടത് വലിയ വാർത്തയായതോടെ സർക്കാർ ഇടപെട്ടു. അന്താരാഷ്ട്ര താരത്തിന് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തസ്തികയിൽ നിയമനം നൽകിയിരിക്കുകയാണിപ്പോൾ. നവംബറിലെ ഐ.എസ്.എൽ നാലാം സീസൺ ലക്ഷ്യമിട്ട് പരിശീലനവും തുടങ്ങി. രണ്ടു മാസം മുമ്പായിരുന്നു ചേട്ടൻെറ കല്യാണം. മുംബൈയിൽ എൻജിനീയറായ ശരത്തും ഭാര്യ ശ്രുതിയും കൊച്ചിയിലെത്തി കുടുംബത്തോടൊപ്പം ചേർന്നിരിക്കുകയാണ്. ഇനി നാട്ടിലേക്ക്. ഓണത്തിന് വെള്ളാനപ്പൊയിലിലെ വീട്ടിൽ ഫുൾ ടീം ഉണ്ടാവുമല്ലോയെന്നോർക്കുമ്പോൾ വിനീതിന് ഒരു ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിയ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.