മഡ്രിഡ്: മഹാമാരിയായ കോവിഡ്-19ൽ ഫുട്ബാൾ ലോകത്തിന് കളി മുടങ്ങുക മാത്രമല്ല, കീശയും കാലിയാവുകയാണ്. ആഗോള ഫുട്ബാൾ പവർഹൗസായ യൂറോപ്പിലും കോവിഡ് കനത്ത ആഘാതമായി. മത്സരങ്ങൾ മുടങ്ങിയതിനെ തുടർന്ന് കളിക്കാരുടെ വേതനം വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരിക്കുകയാണ് പ്രഫഷനൽ ഫുട്ബാൾ ക്ലബുകൾ. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സ്ക്വാഡുകളുടെ പട്ടികയിലെ ആദ്യ 10 സ്ഥാനവും കൈയടക്കിവെക്കുന്ന യൂറോപ്പിൽ ക്ലബുകൾ ഇതുസംബന്ധിച്ച് താരങ്ങളുമായി ചർച്ചയിലാണ്. ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ടോപ് ഫൈവ് ലീഗുകളിൽ താരങ്ങളുടെ വേതനത്തിന് മാത്രമായി ചെലവിടുന്നത് 900 കോടി യൂറോയാണ് (7.5 ലക്ഷം കോടി രൂപ). ക്ലബുകളുടെ മൊത്തം വരുമാനത്തിെൻറ 62 ശതമാനത്തോളം വരുമിത്.
മികച്ച സാമ്പത്തിക അടിത്തറയുള്ള ക്ലബുകൾപോലും മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടിയതോടെ സാമ്പത്തിക ഞെരുക്കത്തിലമർന്നു. ടെലിവിഷൻ സംപ്രേഷണ അവകാശത്തിലൂടെയും സ്പോൺസർഷിപ്, ടിക്കറ്റ് വിൽപനയിലൂടെ നിലനിന്നിരുന്ന രണ്ടാംനിര ക്ലബുകളുടെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ.
50 ശതമാനം കുറച്ച് ബാഴ്സലോണ
ലയണൽ മെസ്സി, ലൂയി സുവാരസ്, അേൻറായിൻ ഗ്രീസ്മാൻ എന്നീ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ലോകത്തിലെതന്നെ സമ്പന്ന ക്ലബുകളിൽ ഒന്നായ ബാഴ്സലോണ ഈ ആഴ്ച താരങ്ങളോട് ശമ്പളം 70 ശതമാനം കുറക്കാൻ ആവശ്യപ്പെട്ടു. 50 ശതമാനം കുറക്കാൻ താരങ്ങൾ തയാറായി എന്നാണ് റിപ്പോർട്ട്. തൊട്ടുപിന്നാലെ മറ്റു രണ്ട് ലാലിഗ ക്ലബുകളായ എസ്പാന്യോളും അത്ലറ്റികോ മഡ്രിഡും ഇതേ മാതൃക പിന്തുടർന്നു.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തുതട്ടുന്ന യുവൻറസ്, താരങ്ങളുടെ പ്രതിഫലം 30 ശതമാനം കുറക്കാൻ ചർച്ച നടത്തുന്നതായി ഫോബ്സ് റിപ്പോർട്ട് ചെയ്തു.
പ്രീമിയർ ലീഗിലെ 20 മുൻനിര ടീമുകൾ കോവിഡ്മൂലമുള്ള പ്രതിസന്ധി ചർച്ച ചെയ്യാൻ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.
സ്വമേധയാ കുറച്ച് ജർമൻ താരങ്ങൾ
ജർമൻ ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ട്, ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഹ്, ഷാൽക്കെ, വെർഡർ ബ്രമൻ, യൂനിയൻ ബർലിൻ ക്ലബ് താരങ്ങൾ ക്ലബ് അധികൃതരുടെ അവസ്ഥ കണ്ട് ശമ്പളം ത്യജിക്കാൻ സ്വമേധയാ തയാറായി. ബയേൺ മ്യൂണിക്കിെൻറ കളിക്കാർ വേതനത്തിൽ 20 ശതമാനം കുറവ് വരുത്താൻ സമ്മതം മൂളി. ഫ്രാൻസിൽ മാഴ്സെയും ലിയോണും ശമ്പളം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
യൂറോപ്യൻ ലീഗുകളിൽ സീസൺ അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ 400 കോടി യൂറോയുടെ (3.3 ലക്ഷം കോടി രൂപ) നഷ്ടമാണ് കെ.പി.എം.ജി കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.