കണ്ണീരാണിപ്പോൾ ഇംഗ്ലണ്ടിെൻറ തെരുവും മനസ്സും. സ്വപ്നങ്ങളുടെ രാജരഥമേറി റഷ്യൻ മണ്ണിൽ നിസ്തുല നേട്ടങ്ങളിലേക്ക് പന്തുതട്ടിയവർ ഒടുവിൽ വീണുടഞ്ഞ പളുങ്കുപാത്രമായി മടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടിന് പുറത്ത് ആദ്യ ലോകകപ്പ് ഫൈനലെന്ന മോഹം സഫലമാകാൻ പോകുന്നുവെന്ന് കൊതിപ്പിച്ച് ഹാരി കെയ്നും സംഘവും നടത്തിയ കുതിപ്പാണ് ആഘോഷംപെയ്ത രാവിൽ ഒടുവിൽ മുനയൊടിഞ്ഞ് കണ്ണീരായി തൂകിപ്പരക്കുന്നത്.
ക്രൊയേഷ്യക്കെതിരെ ആശിച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. അഞ്ചാം മിനിറ്റിൽതന്നെ കിരൺ ട്രിപ്പിയറിലൂടെ ഗോളും ലീഡും. നിർഭാഗ്യം വഴിമുടക്കാതിരുന്നുവെങ്കിൽ എന്ന് മോഹിച്ച നിരവധി അവസരങ്ങൾ പിന്നെയും. ഇംഗ്ലണ്ടിലും അങ്ങകലെ ലുഷ്നിക്കി സ്റ്റേഡിയത്തിലും ഇംഗ്ലീഷ് പതാകയും ഒപ്പം ആർപ്പുവിളികളും പറന്നുനടക്കുന്നതിനിടെയായിരുന്നു 68ാം മിനിറ്റിൽ ക്രൊയേഷ്യ ഗോളടിച്ചത്.
ചിരി കൂറുമാറി ഗാലറിയിലെ ക്രൊയേഷ്യൻ ആരാധകരിലേക്കും സാഗ്റബിലേക്കും പടർന്നപ്പോഴും ഇംഗ്ലണ്ടിനു പുറത്തെ ആദ്യ ലോകകപ്പ് ഫൈനൽ അവർ സ്വപ്നംകണ്ടു. അധികസമയത്ത് ആദ്യ 20ാം മിനിറ്റും സ്കോർ ബോർഡ് പഴയപടി തുടർന്നപ്പോൾ, പെനാൽറ്റി വിധി പറയുമെന്നായി പിന്നെ പ്രതീക്ഷ. പക്ഷേ, മൻസുകിച്ചെന്ന യുവൻറസ് പോരാളി എല്ലാം തകർത്ത് 110ാം മിനിറ്റിൽ ജോർഡൻ പിക്ഫോഡിനെ കാഴ്ചക്കാരനാക്കി സ്കോർ ചെയ്തപ്പോൾ നെഞ്ചുതകർന്ന് വിലപിക്കാനായിരുന്നു ഇംഗ്ലീഷ് യോഗം.
ആഘോഷത്തിലെ ചുവപ്പും വെളുപ്പും
28 വർഷത്തിനിടെ ഇംഗ്ലണ്ട് നടത്തിയത് ചരിത്രക്കുതിപ്പായിരുന്നു. ലീഗ് മത്സരങ്ങളിൽ ആദ്യം തുനീഷ്യയെയും പിന്നെ പാനമയെയും അനായാസം മറികടന്നവർ ഗ്രൂപ്പിലെ അപ്രധാന പോരിൽ ബെൽജിയത്തിന് ‘തോറ്റുകൊടുത്ത്’ പഴിയേറെ കേട്ടു. പ്രീക്വാർട്ടറിൽ കൊളംബിയയോട് വിയർത്തെങ്കിലും ക്വാർട്ടറിൽ സ്വീഡൻ എതിരാളിയേ ആയില്ല. ഇൗ സംഘം കപ്പുമായേ മടങ്ങൂ എന്നായി അതോടെ, ഇംഗ്ലണ്ടിലെ ആരവം. പിറന്ന നാട്ടിലേക്ക് തിരികെയെത്തുന്നുവെന്ന് ഉറപ്പിച്ച് ഇംഗ്ലണ്ടിലെ ഒാരോ കളിഭ്രാന്തനും പിന്നെ ചുണ്ടിൽ ‘കമിങ് ഹോം’ ഗാനം മൂളി. 1966ൽ കപ്പുയർത്തിയ സംഘം അന്നും പിന്നെയും കാഴ്ചവെച്ച വലിയ മുഹൂർത്തങ്ങളും അരുതാത്തത് നടന്നതിെൻറ ഒാർമപ്പെടുത്തലുകളും എല്ലാം ചേർത്ത ഗാനം രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ഹിറ്റായി.
സൗത്ത് ഗേറ്റാണ് താരം
കോച്ചുമാരെ അംഗീകരിക്കാൻ മടിക്കുന്ന നാട്ടുകാർ ഇത്തവണ സമൂഹമാധ്യമങ്ങളിൽ സൗത്ത് ഗേറ്റിെൻറ വാഴ്ത്തുപാട്ടുകൾക്ക് മാത്രം സമയം കണ്ടു. റഷ്യയിലേക്ക് പറക്കുംമുന്നേ ഒാരോ താരത്തെയും ഒഫീഷ്യലിനെയും വരാനിരിക്കുന്ന കടുത്ത മത്സരങ്ങൾക്ക് എങ്ങനെ ഒരുക്കിയെന്നും അതാണ് മൈതാനത്ത് കണ്ടതെന്നും കളിയെഴുത്തുകാർ മുതൽ ശരാശരി ആരാധകർ വരെ പുകഴ്ത്തി. ടീമിെൻറ സമൂഹമാധ്യമ വക്താവ് ജിം ലുക്കാസിന് സൗത്ത് ഗേറ്റ് എഴുതിയ വൈകാരികതയേറെ നിറഞ്ഞ കത്ത് ഏറെ കൈയടിവാങ്ങി. ‘ഇൗ ലോകകപ്പ് നിങ്ങൾക്ക് മറക്കാനാവാത്ത ഒാർമകൾ പലതും നൽകാനിരിക്കുന്നുവെന്നായിരുന്നു’ കത്തിലെ ഉള്ളടക്കം. കളി തോറ്റ് മാനം പോയി മടങ്ങിയിട്ടും യുവസംഘത്തിനും കോച്ച് സൗത്ത് ഗേറ്റിനും അഭിവാദ്യമർപ്പിക്കുന്നതിൽ ഇംഗ്ലീഷ് ആരാധകർ ഒരിക്കലും പിശുക്ക് കാണിച്ചതേയില്ല. ‘‘സ്വപ്നം കാണാനും ഇച്ഛ നടപ്പാക്കാനും പഠിപ്പിച്ച ഇൗ കളിസംഘത്തിൽ അഭിമാനിക്കുന്നുവെന്നായിരുന്നു’’ -ഒരു ആരാധകെൻറ ട്വിറ്റർ കുറിപ്പ്. ‘‘മനസ്സ് നിരാശമായിപ്പോയെങ്കിലും ഇൗ ടീം അഭിമാനം നൽകുന്നുവെന്നും നിങ്ങൾക്ക് തലയുയർത്തിത്തന്നെ മടങ്ങാമെന്നും’’ വില്യം രാജകുമാരൻ കുറിച്ചു.
ആദ്യാന്തം ഹാരി കെയ്ൻ
റഷ്യൻ ലോകകപ്പിലെ സുവർണ ബൂട്ടിനരികെ കാര്യമായ എതിരാളികളില്ലാതെ നിൽക്കുന്ന 24കാരനായ ക്യാപ്റ്റൻ ഹാരി കെയ്നും അതിലും ചെറുപ്പമുള്ള യുവ സംഘവും പന്തുതട്ടുന്ന മൈതാനത്ത് മറ്റു ടീമുകൾക്ക് എന്തു കാര്യമെന്ന മട്ടിലായിരുന്നു ക്വാർട്ടർ പിന്നിട്ടതോടെ ടീമിെൻറ ആത്മവിശ്വാസം. അതാണ്, സെമിയിൽ വിനയായതും. ക്രൊയേഷ്യയെ എതിരാളിയായിക്കണ്ട് പ്ലാൻ എയും ബിയും ഒരുക്കുന്നതിനു പകരം ടീം ൈഫനലിലെത്തിയെന്ന തരത്തിൽ വീമ്പു പറഞ്ഞത് പരാജയം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് മുൻ പ്രീമിയർ ലീഗ് താരം റോയ് കീൻ ആണയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.