ജോർജ് വിയ: ഇതിഹാസതുല്യം ഈ ജീവിതം

1970 കളിൽ മൊൺറോവിയയുടെ ചെളി നിറഞ്ഞ ചേരികളിൽ നിന്നും ദാരിദ്ര്യത്തോടും ഇല്ലായ്മയോടും ഏറ്റുമുട്ടിയ എല്ലുന്തിയ ഒരു കറുത്ത പയ്യൻ പിന്നീട് കാൽപന്തുകളിയുടെ ലോകത്തെ എക്കാലത്തേയും ഇതിഹാസങ്ങളുടെ പട്ടികയിൽ വന്നു. ഇന്നിതാ, ചെളി നിറഞ്ഞ ചേരികളുടെ ഇടമായ മൊൺറോവിയ തലസ്ഥാനമായ ലൈബീരിയ എന്ന ആഫ്രിക്കൻ രാഷ്ട്രത്തിന്റെ പ്രസിഡൻറായി അന്നത്തെ ആ പയ്യൻ തെരഞ്ഞെടുക്കപ്പെടുമ്പോൾ അക്ഷരാർഥത്തിൽ ഇതിഹാസമാവുകയാണ് ആ ജീവിതം. പേര് ജോർജ് വീയ!! കളിക്കളത്തിലെ കിങ് ജോർജ്‌ ഇനി മുതൽ പ്രസിഡൻറ് ജോർജ്. അതെ ! ആഫ്രിക്കയുടെ ചരിത്ര നായകൻമാരിൽ ജോർജ് വിയയുടെ സ്ഥാനം അതുല്യമാവുകയാണ്.

ദിവസക്കൂലിക്കാരനായ വില്യം.ടി.വിയയുടേയും ഭാര്യ അന്ന ക്വവേയുടെയും മകനായി 1967ൽ ജനിച്ച ജോർജ് വിയയുടെ ജീവിതം സമാനതകളില്ലാത്ത ഇഛാശക്തിയുടേയും പോരാട്ട വീര്യത്തിന്റെയും പ്രതിഭയുടേയും ഉത്തമോദാഹരണമാണ്. കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശി എമ്മ ബ്രൗണിന്റെ സംരക്ഷണയിൽ കഴിഞ്ഞ ജോർജ് വിയ കൗമാരമെത്തിയപ്പോൾ അഷ്ടിക്ക് വക തേടി സ്വിച്ച് ബോർഡ് ടെക്നീഷ്യന്റെ ജോലി ചെയ്തു. മുത്തശ്ശി വാങ്ങിക്കൊടുത്ത ബൂട്ടുകളുമിട്ട് ലൈബീരിയയുടെ പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ മുൻനിര കളിക്കാരനായി പേരെടുത്ത വിയയുടെ ജീവിതം മാറി മറയുന്നത് ബാല്യകാല സുഹൃത്തുക്കളുടെ ഉപദേശപ്രകാരം യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതോട് കൂടിയാണ്.
   

ആഴ്സണൽ എഫ്.സിയുടെ പരിശീലകനും ആധുനിക ഫുട്ബോൾ ചരിത്രത്തിൽ അദ്വിതീയ സ്ഥാനവുമുള്ള ഫ്രഞ്ച് ഇതിഹാസം ആഴ്സീൻ വെൻഗറുടെ കണ്ണിൽ പെടുന്നതോടു കൂടിയാണ് ജോർജ് വിയ കളിക്കളത്തിലെ അശ്വമേധത്തിന് തുടക്കം കുറിക്കുന്നത്.എ.എസ്. മൊണോക്കോയുടെ പരിശീലകനായിരിക്കെ 1988ൽ വെൻഗർ ജോർജ് വിയയെ തന്റെ ടീമിന്റെ പ്രധാന സ്ട്രൈക്കറായി തെരഞ്ഞെടുക്കുകയായിരുന്നു.പിതൃതുല്യമായ സ്നേഹമാണ് തനിക്ക് വെൻഗർ തന്നതെന്ന് ജോർജ് അവസരം കിട്ടുമ്പോഴൊക്കെ പറഞ്ഞു കൊണ്ടേയിരിക്കാറുണ്ട്.
 

 

അസാധാരണമായ വേഗതയും കരുത്തും ഡ്രിബ്ലിങ് മികവും അത്യധ്വാനവും മൈതാനങ്ങളിൽ പ്രകടിപ്പിച്ച വിയ മൊണോക്കോയിലെ ആദ്യ വർഷം തന്നെ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡിനർഹനായി.1991 ൽ എ.എസ്. മൊണോക്കോ ഫ്രഞ്ച് കിരീടം ചൂടിയപ്പോൾ പടനായകനായത് ജോർജ് വീയ തന്നെ. 1992 ൽ എ.എസ്. മൊണോക്കോ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പിൽ റണ്ണർ അപ്പായപ്പോൾ ജോർജ് വിയയുടെ പ്രതിഭാ ധാരാളിത്തം യൂറോപ്പ് മുഴുവൻ ഖ്യാതി നേടി. വമ്പൻ ക്ലബ്ബുകൾ വിയയുടെ പിന്നാലെ വലവിരിച്ച് ഓടി നടന്നു.1992 മുതൽ 95 വരെ പാരീസ് സെയ്ന്റ് ജർമനിൽ കളം വാണ വിയ കരിയറിലാദ്യമായി ഫ്രാൻസ് വിടുന്നത് 1995 ൽ ഇറ്റലിയിലെ ഭീമനായ എ.സി.മിലാനിൽ ചേരുന്നതോടെയാണ്. ലോകത്തിലെ ഏറ്റവും ടഫ് ലീഗായ ഇറ്റാലിയൻ സീരി എ യിൽ ആദ്യ സീസണിൽ തന്നെ ടോപ്പ് സ്കോററായ വിയ ആ വർഷം നേടിയത് സമാനതകളില്ലാത്ത നേട്ടങ്ങൾ .ഫിഫ ഫുട്ബോളർ ഓഫ് ദി ഇയർ, ബാലൺ ദി ഓർ, ഇറ്റാലിയൻ സീരി എ ഗോൾഡൻ ബൂട്ട്...... പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടേയും മാഞ്ചസ്റ്റർ സിറ്റിയുടേയും കളറണിഞ്ഞ വിയ അവിടെയും താരങ്ങളുടെ താരമായി.

മൂന്ന് തവണ ആഫ്രിക്കൻ ഫുട്ബോളർ പട്ടം, 1995 ൽ ഫിഫ ഫുട്ബോളർ പുരസ്കാരം, ബാലൺ ഡി ഓർ അവാർഡ്, 2 ഫ്രഞ്ച് കപ്പുകൾ, 2 ഇറ്റാലിയൻ സീരി എ കിരീടം, ഇംഗ്ലണ്ടിൽ എഫ്.എ കപ്പ് ... നേട്ടങ്ങളുടെ പട്ടിക നീണ്ടു കിടക്കുകയാണ്.2 പതിറ്റാണ്ട് നീണ്ട ഫുട്ബോൾ കരിയർ 2003 ൽ യു.എ.ഇ ക്ലബ്ബായ അൽ ജസീറക്ക് വേണ്ടി കളിച്ചാണവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നുമല്ലാത്ത ലൈബീരിയ എന്നും അറിയപ്പെട്ടത് ജോർജ് വിയയുടെ രാജ്യം എന്നാണ്. 60 മൽസരങ്ങളിൽ നിന്ന് രാജ്യത്തിനായി 22 ഗോളടിച്ച വിയ എല്ലാമായി മാറി. ഒരേ സമയം പരിശീലകനും ക്യാപ്റ്റനും സ്ട്രൈക്കറുമായി ലൈബീരിയൻ ദേശീയ ടീമിന്റെ ആത്മാവായി മാറിയ വിയ, ഒരിക്കൽ പോലും ലോകകപ്പ് ഫുട്ബോൾ വേദിയിൽ കളിക്കാൻ തനിക്കോ തന്റെ രാജ്യത്തിനോ സാധിച്ചില്ലെന്ന കഠിനമായ ദുഖം പേറിയാണ് കളത്തിൽ നിന്നും ഒഴിഞ്ഞത്.മഹാരഥൻമാരായ ഫുട്ബോളർമാരായ ഡിസ്റ്റഫാനോ, ജോർജ് ബെസ്റ്റ്, റ്യാൻ ഗിഗ്സ് തുടങ്ങിയവരുടെ അതേ ദുഖം തന്നെയാണ് വിയക്കും ഇക്കാര്യത്തിലുണ്ടായത്.സാമ്പത്തിക ശേഷി തീരെ കുറഞ്ഞ രാജ്യമായ ലൈബീരിയയുടെ ഗവൺമെന്റിന് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലനവും മൽസരങ്ങളും യാത്രകളും ഏറ്റെടുക്കാൻ കഴിയാതെ വന്നപ്പോൾ കോടിക്കണക്കിന് രൂപയുടെ ഈ ചെലവുകളെല്ലാം വഹിച്ച് തന്റെ രാജ്യത്തെ ലോകകപ്പിലെത്തിക്കാനുള്ള  കഠിനശ്രമം വിയ നടത്തിയെങ്കിലും 2002 ജപ്പാൻ - കൊറിയ ലോകകപ്പ് യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെ കാലിടറി വീഴാനായിരുന്നു വിധി. ലോകം കണ്ട മികച്ച താരം പെലെ ചരിത്രത്തിലെ ഏറ്റവും മികച്ച 100 കളിക്കാരെ തെരഞ്ഞെടുത്തപ്പോൾ ജോർജ് വിയക്ക് സ്ഥാനം മുന്നിൽ തന്നെയായിരുന്നു. ലോകോത്തര ഡിഫൻഡർ ഇറ്റലിക്കാരനായ ഫ്രാങ്കോ ബറേസി തെരഞ്ഞെടുത്ത ബെസ്റ്റ് ഇലവനിലെ ഏക സ്ട്രൈക്കറും വിയ തന്നെയായിരുന്നു.
 

  

2003 ൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചതിന് ശേഷമാണ് 2005ൽ ജോർജ് വിയ ലൈബീരിയൻ രാഷ്ട്രീയത്തിൽ ജഴ്സിയണിയുന്നത്.പതിറ്റാണ്ടുകളോളം അമേരിക്കൻ കോളനിയായിരുന്ന രാഷ്ട്രം 1980 വരെ അമേരിക്കോ - ലൈബീരിയൻ ഭരണത്തിന് കീഴിലായിരുന്നു. 1989 മുതൽ 96 വരെ നീണ്ട ഒന്നാം ലൈബീരിയൻ ആഭ്യന്തര യുദ്ധവും 1997 മുതൽ 2003 വരെ നീണ്ട രണ്ടാം ആഭ്യന്തര യുദ്ധവും ആ രാഷ്ട്രത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ക്രമങ്ങളെയാകെ തച്ചുതകർത്തിരുന്നു. അരാജകത്വവും അനിശ്ചിതത്വവും കൊടികുത്തി വാണ ലൈബീരിയയിൽ സമാധാനം വാഗ്ദാനം ചെയ്തു കൊണ്ട് ജോർജ് വിയ കോൺഗ്രസ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് എന്ന രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തി.2005 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും രാഷ്ട്രീയത്തിൽ ഗോളടിക്കൽ എളുപ്പമുള്ള ജോലിയല്ലെന്ന യാഥാർഥ്യം വിയ തിരിച്ചറിഞ്ഞു. രാജ്യത്തെ പ്രഥമ വനിത പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നൊബേൽ സമ്മാന ജേത്രി എലൻ ജോൺസൺ സർലീഫിന് പിന്നിൽ 40 ശതമാനം വോട്ട് നേടി രണ്ടാമതെത്താനേ വിയക്ക് കഴിഞ്ഞുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിരാളികളിൽ നിന്നും വിയ നേരിട്ട കടുത്ത ആക്രമണം വിയയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായിരുന്നു.

ചേരികളിൽ പട്ടിണിയോട് പൊരുതുന്നതിനിടെ വിദ്യാഭ്യാസം അന്യമായിപ്പോയ ലക്ഷക്കണക്കിന് ലൈബീരിയൻ ജനങ്ങളുടെ പ്രതിനിധിയായ ജോർജ് വിയ പക്ഷേ കീഴടങ്ങാൻ കൂട്ടാക്കിയില്ല. വിദ്യാഭ്യാസ യോഗ്യതയാണ് തന്റെ കുറവെങ്കിൽ അത് മറികടക്കാൻ ജോർജ് തീരുമാനിച്ചു.അങ്ങനെ 39 ആം വയസിൽ വിദ്യാർഥിയുടെ വേഷമിട്ട വിയ മിയാമിയിലെ ഡെവറി യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഉന്നത ബിരുദ വിജയം നേടി ലൈബീരിയയിൽ തിരിച്ചെത്തി സജീവ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. മൊൺറോവിയ എഫ്.സി എന്ന ഫുട്ബോൾ ക്ലബ്ബ് രൂപവത്കരിച്ചു. തന്റെ ക്ലബ്ബിൽ ചേരണമെങ്കിൽ, പരിശീലനം നേടണമെങ്കിൽ സ്കൂൾ പ്രവേശനം നേടണമെന്ന വിയയുടെ പ്രഖ്യാപനം ലൈബീരിയയിലെ ചേരികളിലെ യുവാക്കൾക്ക് ശക്തമായ സന്ദേശമായി മാറി.

ഇന്ത്യൻ സംരംഭകനായ ദിയ ഗ്രൂപ്പ് ചെയർമാൻ നീരജ് ത്രിപാഠിയുമായി യോജിച്ച് മൂന്നാം ലോക രാഷ്ട്രങ്ങളിൽ ഫുട്ബോൾ വളർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ഫുട്ബോളിന്റെ രാഷ്ട്രീയം വിയക്ക് ലൈബീരിയൻ രാഷ്ട്രീയത്തിൽ വലിയ ഇടം നൽകി. എങ്കിലും 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തോൽവി തന്നെയായിരുന്നു ഫലം.ജനിച്ച നാൾ മുതൽ പോരാട്ടം മാത്രം ജീവിതത്തിൽ കണ്ട ജോർജ് വിയ അനിതരസാധാരണമായ വീര്യത്തോടെ രാഷ്ട്രീയത്തിൽ പൊരുതി. ലോക ഫുട്ബോളിൽ ഇതിഹാസമായി മാറി, എന്നും വിജയങ്ങളെ മാത്രം സ്വപ്നം കണ്ട ജോർജ് വിയക്ക് രാഷ്ട്രീയത്തിൽ തോറ്റു കൊണ്ടേ യിരിക്കാൻ കഴിയുമായിരുന്നില്ല. മൊൺറോവിയയുടെ ചേരികൾ സൃഷ്ടിച്ച ആ പോരാട്ട വീര്യം കണ്ടില്ലെന്ന് നടിക്കാൻ ഏറെ നാൾ ലൈബീരിയൻ ജനതക്ക് സാധിക്കുമായിരുന്നില്ല.


 2014ൽ ജോർജ് വിയ ആദ്യമായി തെരഞ്ഞെടുപ്പ് വിജയം നേടി.2005 ൽ തന്നെ പരാജയപ്പെടുത്തിയ പ്രസിഡൻറ് സർലീഫിന്റെ മകൻ ആൽബർട്ടിനെ പോൾ ചെയ്തതിൽ 78 ശതമാനം വോട്ട് നേടി ജോർജ് വീയ പരാജയപ്പെടുത്തി സെനറ്റ് മെംബറായി.ഇപ്പോളിതാ 2017 ഡിസംബറിൽ നിലവിലെ വൈസ് പ്രസിഡൻറ് ജോസഫ് ബക്കായിക്കെതിരെ 61.5 ശതമാനം വോട്ട് വാങ്ങി ലൈബീരിയയുടെ ചരിത്രത്തിലെ ഇരുപത്തഞ്ചാമത്തെ പ്രസിഡൻറായിരിക്കുന്നു മുൻ ലോക ഫുട്ബോളർ.13/15 പ്രവിശ്യകളും വിയക്കൊപ്പം നിന്നപ്പോൾ ശക്തനായ എതിരാളി നിഷ്പ്രഭനായിപ്പോയി.

1,10000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലൈബീരിയയിൽ 54 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. 2.1 മില്യൺ ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദിവസം തള്ളി നീക്കുന്ന രാഷ്ട്രമാണത്. കുറഞ്ഞ വിദ്യാഭ്യാസ സൗകര്യമുള്ള രാഷ്ട്രം! കോളനിവൽകരണവും ആഭ്യന്തര യുദ്ധങ്ങളും പാടെ തകർത്ത ഒരു രാഷ്ട്ര ശരീരം മാത്രമാണ് ലൈബീരിയ.60 ശതമാനം ജനതയും 30 വയസ്സിനു താഴെ പ്രായക്കാരായ സമൂഹമാണ് ലൈബീരിയയുടെ ഏക അനുകൂല ഘടകം. 51 കാരനായ ജോർജ് വിയക്ക് മുന്നിൽ രാഷ്ട്രത്തിന്റെ പ്രതിബന്ധങ്ങൾ ഹിമാലയം കണക്കെയാണ് നിൽക്കുന്നത്. പക്ഷേ കളിക്കളത്തിലെ പോരാളിയായ നായകന് തങ്ങളുടെ തങ്ങളുടെ രാഷ്ട്രത്തെ പുനർനിർമിക്കാൻ സാധിക്കുമെന്നാണ് ഓരോ ലൈബീരിയക്കാരനും ഇന്ന് വിശ്വസിക്കുന്നത്.ഇന്നലെ വരെ ലൈബീരിയയുടെ ജോർജ് വിയ എന്നായിരുന്നു വിശേഷണമെങ്കിൽ ജനുവരി 16ന് സ്ഥാനമേൽക്കൽ ചടങ്ങ് കഴിഞ്ഞാൽ ജോർജ് വിയയുടെ ലൈബീരിയ എന്നായി മാറുകയാണ്.രാഷ്ട്രീയമാകുന്ന കളിക്കളത്തിൽ പുതിയ അധ്യായം കുറിക്കാൻ കിങ് ജോർജ് ഒരുങ്ങുമ്പോൾ ,ഇന്ത്യയിൽ നടന്ന U17 ലോകകപ്പ് ഫുട്ബോളിൽ യു.എസ്.എ ക്ക് വേണ്ടി കളത്തിലിറങ്ങുകയും ഗോളടിക്കുകയും ചെയ്തു കൊണ്ട് മകൻ തിമോത്തി വിയ വരവറിയിച്ചിരിക്കുകയാണ്.
.

Tags:    
News Summary - Ex-footballer George Weah to become Liberia’s president-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.