പന്തും ഭൂമിയും ഒരുപോലിരിക്കുന്നത് എന്തുകൊണ്ടാണാവോ? കളിക്കമ്പക്കാർക്ക് കണ്ണിലെ കൃഷ്ണമണിയെങ്കിലും പന്തിന് ഭൂമിയോളം വലുതാവാനാവുമത്രെ. ലോകത്തെ മുഴുവൻ പിടിച്ചുനിർത്താൻ കഴിയുന്ന മഹാദ്ഭുതം. കാൽപന്തിനോട് മലപ്പുറത്തിെൻറ പിരാന്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇശലിനോട് പിരിശം സൂക്ഷിക്കുന്ന കൊണ്ടോട്ടിക്കാരുടെ ഖൽബിൽ പെരുത്ത മുഹബ്ബത്തോടെ ഫുട്ബാളുമുണ്ട്. ടൗണിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മുണ്ടപ്പലം ഗ്രാമം. ഇവിടെനിന്നാണ് അനസ് എടത്തൊടികയെന്ന കളിമൈതാനത്തെ പ്രതിരോധഭടൻ ഇന്ത്യയുടെ അന്തർദേശീയ കുപ്പായത്തിലെത്തി നിൽക്കുന്ന ജീവിതം തുടങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ ജാംഷഡ്പൂർ എഫ്.സിയുടേതായിരുന്നു ഇക്കുറി താരലേലത്തിൽ ആദ്യ ഊഴം. അവരത് ഉപയോഗപ്പെടുത്തിയതാവട്ടെ, സംഘാടകർ ഏറ്റവുമധികം വിലയിട്ട അനസിനെ വിളിച്ചെടുത്ത്. മത്സരത്തിരക്കിന് അവധി നൽകി മുണ്ടപ്പലത്തെ വീട്ടിലിരുന്ന് അനസ് കളിയും ജീവിതവും പറയുന്നു...
ഫുട്ബാളറായിരുന്നില്ലെങ്കിൽ ആരാവുമായിരുന്നു ഞാനെന്ന് ഇടക്കൊക്കെ ആലോചിക്കാറുണ്ട്. ഓട്ടോ ഡ്രൈവറോ പ്രവാസിയോ ആയി ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്നുണ്ടാവണം. ഞാൻ ജനിക്കുന്നതിനുമുമ്പ് പാലക്കാട്-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു ഉപ്പ എടത്തൊടിക മുഹമ്മദ് കുട്ടി. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ഒരു പെങ്ങൾ ചെറുപ്പത്തിലേ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺമക്കളും ബാക്കിയായി. ഏറ്റവും ഇളയവനായിരുന്നു ഞാൻ. മക്കളിൽ മൂത്തയാളായ ജ്യേഷ്ഠൻ അഷ്റഫുമായി 14 വയസ്സിെൻറ വ്യത്യാസം. കുഞ്ഞാക്ക എന്നാണ് ജ്യേഷ്ഠൻ അഷ്റഫിനെ ഞങ്ങൾ വിളിച്ചിരുന്നത്. ചെറിയ കുട്ടിയായിരുന്ന എന്നെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ട അദ്ദേഹം തന്നെയാണ് ഇന്നും എെൻറ റോൾ മോഡൽ.
ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ചുമലിലേറ്റാൻ സാഹചര്യങ്ങൾ കുഞ്ഞാക്കയെ നിർബന്ധിതനാക്കി. ഓട്ടോ ഓടിച്ചും എസ്.ടി.ഡി ബൂത്ത് നടത്തിയുമാണ് ഉപജീവനം കണ്ടെത്തിയത്. വീട്ടുമുറ്റത്തും ആളൊഴിഞ്ഞ പറമ്പിലും കളിച്ചും കുളങ്ങളായ കുളങ്ങളെല്ലാം വൃത്തിയാക്കി നീന്തിക്കുളിച്ചും ബാല്യം ആഘോഷിച്ചു. അവനെപ്പോലെ ഞാൻ കഷ്ടപ്പെടരുതെന്ന് കുഞ്ഞാക്ക അതിയായി ആഗ്രഹിച്ചു. എല്ലാ അർഥത്തിലും എനിക്ക് പിന്തുണ നൽകി. കുഞ്ഞാക്കയുടെ 18ാം വയസ്സിലാണ് ഞങ്ങളുടെ കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമെന്നോണം ഡോക്ടറുടെ വിധിയെഴുത്ത് വന്നത്. രക്താർബുദം. പിന്നെ ചികിത്സയുടെ നാളുകളായിരുന്നു.
ചെറിയ കുട്ടിയായിരുന്ന എെൻറ മനസ്സിനെ കുഞ്ഞാക്കയുടെ അവസ്ഥ അലട്ടിയതേയില്ല എന്നതാണ് വാസ്തവം. കുടുംബം പോറ്റാനും സ്വന്തം ചികിത്സക്കും പണം കണ്ടെത്താൻ ഓടുകയായിരുന്നു പാവം. ഇടക്ക് രണ്ടു സഹോദരിമാരുടെ വിവാഹവും നടത്തി. നാട്ടുകാർ കൈയയച്ച് സഹായിച്ചതോടെയാണ് വലിയ ബാധ്യതകളില്ലാതെ രക്ഷപ്പെട്ടത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലേക്കുള്ള യാത്രകൾ. ഉമ്മ ഖദീജയായിരിക്കും മിക്കപ്പോഴും കൂടെ. അല്ലെങ്കിൽ സുഹൃത്തുക്കളെ വിളിക്കും. കുഞ്ഞാക്കയടക്കം അർബുദബാധിതരായ ഒമ്പതു പേർ ഒരുമിച്ചാണ് കോഴിക്കോടുനിന്ന് വണ്ടികയറിയത്. അവരിൽ എട്ടു പേരും ഇന്നില്ല.
എന്നെ സഹോദരിമാരെ ഏൽപിച്ചായിരുന്നു ഉമ്മയുടെ തിരുവനന്തപുരം യാത്രകൾ. അവരിരുവർക്കും പഠനത്തിൽ ശ്രദ്ധിക്കാനൊന്നും ഇതുകാരണം കഴിഞ്ഞില്ല. രോഗം ഏറക്കുറെ ഭേദമായെന്ന് തോന്നിയപ്പോൾ 28ാം വയസ്സിൽ കുഞ്ഞാക്ക വിവാഹിതനായി. ആ ആശ്വാസത്തിനും സന്തോഷത്തിനും അൽപായുസ്സായിരുന്നു. ആറു മാസം കഴിഞ്ഞപ്പോൾ പുതുമണവാട്ടിയെയും ഞങ്ങളെയും വിട്ട് പോയി. അയൽപ്രദേശത്തുകാരിയാണ് കുഞ്ഞാക്കയുടെ ഭാര്യ. വേറെ വിവാഹം കഴിക്കണമെന്ന ഞങ്ങളുടെ സ്നേഹോപദേശം 15 വർഷമായിട്ടും അവർ അനുസരിച്ചിട്ടില്ല. എല്ലാ ആഴ്ചയും മുടങ്ങാതെ ഇത്താത്ത ഉമ്മയെയും ഉപ്പയെയും കാണാൻ വരുന്നു.
ഹൈസ്കൂളിലെത്തിയതോടെ വകതിരിവ് വെച്ചുതുടങ്ങി. ഞാനൊരു ഫുട്ബാൾ താരമാവണമെന്ന് അതുവരെ ഒരാളേ ആഗ്രഹിച്ചിരുന്നുള്ളൂ, കുഞ്ഞാക്ക തന്നെ. ഫുട്ബാൾ തൽപരനായിരുന്നു അദ്ദേഹം. വീണുകിട്ടുന്ന വേളകളിൽ കൂട്ടുകാർക്കൊപ്പം പന്ത് തട്ടാനിറങ്ങുമ്പോൾ ഒരാഗ്രഹം മനസ്സിലുണ്ടായിരുന്നു. എന്നെയെങ്കിലും നാടറിയുന്ന കളിക്കാരനാകണം. ആവുന്ന പ്രോത്സാഹനമൊക്കെ നൽകിയെങ്കിലും എനിക്ക് കമ്പം ക്രിക്കറ്റിനോടാണെന്നറിഞ്ഞതോടെ വല്ലാതെ നിർബന്ധിച്ചില്ല.
ഹൈസ്കൂളും പ്ലസ് ടുവും കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച്.എസ്.എസിലായിരുന്നു. കൊല്ലം 2002, ഞാൻ പത്താം ക്ലാസ് വിദ്യാർഥി. കുഞ്ഞാക്ക ജീവിച്ചിരിപ്പുണ്ട്. സ്കൂളിൽ ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സമയം. യെലോ ഹൗസിെൻറ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായിരുന്നു ഞാൻ. കളി കണ്ട കായികാധ്യാപകൻ എന്നെ അടുത്തു വിളിച്ചു. അടുത്തുവരാനുള്ള ആ ആംഗ്യമായിരിക്കണം എെൻറ ജീവിതംതന്നെ മാറ്റിമറിച്ചത്. സി.ടി. അജ്മൽ എന്നാണ് മാഷിെൻറ പേര്. ഫുട്ബാളിനെ ഇത്രമാത്രം സ്നേഹിക്കുന്നൊരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. ജില്ല ഫുട്ബാൾ ടീമിലൊക്കെ കളിച്ചിട്ടുണ്ട് അജ്മൽ മാഷ്.
എെൻറ ശരീരപ്രകൃതം ഫുട്ബാൾ താരത്തിേൻറതാണെന്ന് മനസ്സിലാക്കിയായിരുന്നത്രെ മാഷിെൻറ വിളി. പേര് ചോദിച്ചു പരിചയപ്പെട്ടു. എെൻറ മുഖവും ശബ്ദവും മാഷെ ഒരു സഹപാഠിയുടെ ഓർമയിലേക്ക് കൊണ്ടുപോയി. ‘‘അഷ്റഫിെൻറ അനിയനാണോ?’’ എന്ന് ചോദിച്ചു. അതെയെന്ന് ഞാനും. ഇതോടെ മാഷിന് എന്നോടുള്ള വാത്സല്യം കൂടി. സ്കൂളിൽ ഫുട്ബാൾ ടീമുണ്ടാക്കി. മുന്നേറ്റനിരക്കാരിൽ പ്രധാനിയായി ഞാനും. ഇടക്ക് കുഞ്ഞാക്കയെ കണ്ടപ്പോൾ മാഷ് എെൻറ കാര്യം പറഞ്ഞു. അവൻ കളിക്കും, നന്നായി നോക്കണം എന്നായിരുന്നു പഴയ കൂട്ടുകാരനായ മാഷോട് കുഞ്ഞാക്കക്ക് അഭ്യർഥിക്കാനുണ്ടായിരുന്നത്.
ഫുട്ബാളെന്നാൽ പെട്ടെന്ന് പരിക്കേൽക്കുന്ന കളിയാണെന്ന് മാത്രമേ ഉമ്മ ഖദീജക്കറിയൂ. അതിനാൽത്തന്നെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ‘‘അവൻ കളിച്ചോട്ടെ ഉമ്മാ’’ എന്ന് കുഞ്ഞാക്ക പറഞ്ഞതോടെ എതിർപ്പ് ഇല്ലാതായി. സ്കൂൾ ടീമിലെ പ്രധാന താരമായി അജ്മൽ മാഷ് എന്നെ അവതരിപ്പിച്ചു. നഗ്നപാദനായി കളിച്ചിരുന്ന എനിക്ക് ആദ്യമായി ബൂട്ട് വാങ്ങിത്തന്നതും അദ്ദേഹം തന്നെ. സ്റ്റാർലിങ് കമ്പനിയുടെ ആ ബൂട്ടിനെപ്പറ്റി ഞാനിപ്പോഴും ഓർക്കാറുണ്ട്. സൂക്ഷിച്ചുവെക്കാമായിരുന്നു എന്നോർക്കുമ്പോൾ ഉള്ളിലെവിടെയോ നഷ്ടബോധം.
പ്ലസ് വൺ, പ്ലസ് ടുക്കാലം ഫുട്ബാൾ കളിക്കാരനെന്ന നിലയിൽ എെൻറ വളർച്ചയുടെകൂടി കാലമായിരുന്നു. ട്രയൽസിന് മാഷ് എന്നെയുംകൊണ്ട് നടന്നു. പലരും മുഖംതിരിച്ചു. അവരം കുറ്റം പറയുന്നതെങ്ങനെ? പ്രതിഭയുള്ള താരങ്ങൾക്കിടയിൽ ഞാനൊന്നുമല്ലായിരുന്നു. പക്ഷേ, മാഷ് മാത്രം എന്നിൽ വിശ്വാസമർപ്പിച്ചു. ഇ.എം.ഇ.എയിൽ പഠിക്കുമ്പോൾത്തന്നെ മാഷിെൻറ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബിനുവേണ്ടി മൂന്നു വർഷം ജില്ല ‘ഇ’ ഡിവിഷനിൽ കളിക്കാനായി. ജില്ല സ്കൂൾ ടീമിലും കളിച്ചു.
കുഞ്ഞാക്കയുടെ മരണം തീർത്ത ശൂന്യതയിൽ കുടുംബഭാരം എന്നിലെത്തി. കുറച്ചുകാലം കൊണ്ടോട്ടി അങ്ങാടിയിൽ ഓട്ടോ ഡ്രൈവറായി. ബസ് ക്ലീനറുടെ ജോലിയും നോക്കിയിട്ടുണ്ട്. രണ്ടിൽ ഒരാൺതരിയെ നഷ്ടമായതോടെ ഉമ്മാക്ക് എെൻറ കാര്യത്തിൽ ആധിയായി. കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ളത് എെൻറ കൈയിൽ കൊടുക്കണേയെന്നായിരുന്നു ഉമ്മയുടെ പ്രാർഥന. അത് പടച്ചവൻ കേട്ടു. രാജ്യത്തിനുവേണ്ടി കളിക്കുകയെന്ന സ്വപ്നം പൂവണിഞ്ഞ എെൻറ കരിയറിനെക്കുറിച്ച് ഉമ്മാക്ക് വലിയ പിടിയൊന്നുമില്ല. എെൻറ ഒരു കളിപോലും കണ്ടിട്ടില്ല അവർ. കാരണം ചോദിച്ചാൽ പറയും, ആൾക്കാരുടെ തള്ള് കിട്ടുന്നതും വീഴുന്നതുമൊന്നും കാണാൻ വയ്യാഞ്ഞിട്ടാണെന്ന്. പത്രത്തിലും ടി.വിയിലുമൊക്കെ എന്നെക്കുറിച്ച് വരുന്ന വാർത്തകൾ കാണുമ്പോൾ ഉമ്മാക്ക് ബേജാറാണു പോലും. എല്ലാം ആവശ്യത്തിന് മതിയെന്ന നിലപാടാണവർക്ക്. അത് ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്.
മഞ്ചേരി എൻ.എസ്.എസ് കോളജിൽ സ്പോർട്സ് േക്വാട്ടക്കാരനായി ഡിഗ്രിക്ക് ചേർന്നു. സ്ട്രൈക്കറുടെ കുപ്പായത്തിലായിരുന്നു. 2006 ആണ് വർഷം. അപ്രാവശ്യം ആദ്യമായി എൻ.എസ്.എസ് കോളജ് കാലിക്കറ്റ് സർവകലാശാല ചാമ്പ്യന്മാരായി. മമ്പാട് എം.ഇ.എസ് കോളജുമായായിരുന്നു ഫൈനൽ. പ്ലെയിങ് ഇലവനിൽ ഞാനില്ലായിരുന്നു. ഇടക്ക് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയത് ഡിഫൻസിൽ. മധ്യനിരയിലും മുന്നേറ്റത്തിലും കളിച്ചുവന്നയാൾ പ്രതിരോധക്കാരനാവുന്നത് നടാടെ. വലിയ മാറ്റത്തിെൻറ മറ്റൊരു തുടക്കം.
ഡിഗ്രി രണ്ടാം വർഷക്കാരനായപ്പോൾ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലേക്ക് മാറി. മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫിറോസ് ശരീഫായിരുന്നു കോച്ച്. പുതുതായി നിലവിൽവന്ന മുംബൈ എഫ്.സി ക്ലബിൽ സെലക്ഷൻ ട്രയൽസ് നടക്കുന്നതറിഞ്ഞ ഫിറോസ് സാർ അതിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചു. റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട ചങ്ങാതിമാരോട് കൈവീശി െട്രയിനിൽ കയറുമ്പോൾ ആശങ്കകൾ മാത്രമായിരുന്നു കൂട്ട്. വരുന്നിടത്ത് കാണാമെന്ന ഉറപ്പിൽ യാത്രതുടർന്നു. താണെയിൽ വണ്ടിയിറങ്ങി. ഭാഷയറിയാതെ, ദിക്കറിയാതെ അമ്പരന്നു. കുറെ ഓട്ടോ റിക്ഷകളും ടാക്സികളും തലങ്ങും വിലങ്ങും പായുന്നു. കാന്ദിവലി ഈസ്റ്റിലായിരുന്നു ക്ലബിെൻറ ആസ്ഥാനം. ആദ്യം ചെന്നത് കാന്ദിവലി വെസ്റ്റിലായിരുന്നു. അന്വേഷണങ്ങൾക്കൊ ടുവിൽ സ്ഥലം കണ്ടുപിടിച്ചു. സന്തോഷ് ട്രോഫി താരവും മലയാളിയുമായ ജെറോം സെബാസ്റ്റ്യനുണ്ടായിരുന്നു അന്ന് മുംബൈ എഫ്.സിയിൽ. പരിചയമില്ലാത്ത സ്ഥലത്ത് എനിക്ക് ജെറോമിെൻറ സാന്നിധ്യം വലിയ അനുഗ്രഹമായി. ഇംഗ്ലീഷുകാരനായ ഡേവിഡ് ബൂത്തായിരുന്നു കോച്ച്. അദ്ദേഹം എന്നെ സെലക്ട് ചെയ്തു. ആദ്യ സീസണിൽത്തന്നെ രണ്ടാം ഡിവിഷൻ ജേതാക്കളായി മുംബൈ എഫ്.സി ഐ ലീഗിൽ പ്രവേശിച്ചു. നാലു വർഷം ഞാൻ ടീമിനൊപ്പമുണ്ടായിരുന്നു. ഇടക്ക് പരിക്കേറ്റതോടെ മുംബൈ ടീം കരാർ പുതുക്കാൻ ഓഫർ ചെയ്തത് താരതമ്യേന കുറഞ്ഞ തുക. എന്നാൽ, തൊട്ടപ്പുറത്തെ പുണെ എഫ്.സി കൂടിയ തുകക്ക് എന്നെ വാങ്ങി. 2009ൽ മഹാരാഷ്ട്രക്കു വേണ്ടിയും പിറ്റേ വർഷം കേരളത്തിനായും സന്തോഷ് ട്രോഫിയും കളിച്ചു. നാലു വർഷം പുണെയിൽ തുടർന്നു. ടീമിെൻറ ക്യാപ്റ്റനായി, ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ പരിക്കേറ്റപ്പോൾ ഐ ലീഗ് മത്സരങ്ങൾ നഷ്ടമായി.
തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിക്കാൻ ധാരാളമുണ്ട്. ഇതൊന്നും കാണാൻ കുഞ്ഞാക്ക കൂടെയില്ലെന്ന സങ്കടം ബാക്കി. ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഭാഗമാവാൻ കഴിഞ്ഞു. 2015ൽ റോബർട്ടോ കാർലോസെന്ന ബ്രസീലിയൻ ഇതിഹാസത്തിനൊപ്പം ഡൽഹി ഡൈനാമോസിൽ. പിഴവുകൾ വരുത്തിയിട്ടും കാർലോസ് കൈവിട്ടില്ല. ഒന്നും പ്രതീക്ഷിക്കാതെ ഇത്രത്തോളമെത്തിയ ഞാനാവട്ടെ, ആത്മവിശ്വാസത്തോടെ പിടിച്ചുനിൽക്കുകയും ചെയ്തു. പിറ്റേ വർഷവും ഡൽഹിയിൽത്തന്നെ. ജിയാൻ ലൂക്ക സംബ്രോട്ട എന്ന ഇറ്റാലിയൻ പരിശീലകെൻറ ഉപദേശവും കരിയറിൽ ഏറെ ഗുണമായി.
പരിക്ക് കാരണം ദേശീയ ടീമിെൻറ പടിവാതിൽക്കൽനിന്ന് പലതവണ മടങ്ങിയിട്ടുണ്ട്. 30ാം വയസ്സിൽ ആ സ്വപ്നവും സാക്ഷാത്കരിച്ചു. കളിച്ച നാലു മത്സരങ്ങളിലും വിജയം മൂവർണക്കൊടി നാട്ടിയതിൽപരം സന്തോഷിക്കാൻ വേറെന്ത് വേണം. രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലേക്കെത്തി. രാജ്യത്തെ മികച്ച ഫുട്ബാളർക്കുള്ള പുരസ്കാരം ലഭിച്ചു. ഇക്കഴിഞ്ഞ സീസണിൽ കൊൽക്കത്തയിലെത്തി മോഹൻ ബഗാനുവേണ്ടി ഐ ലീഗും കളിച്ചു. ഒരു സാധാരണ നാട്ടിൻപുറത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതിൽപരം ഇനിയെന്ത് വേണം? പഠിച്ച് എവിടെയും എത്താനായില്ല. അല്ലലില്ലാതെ ജീവിക്കാനൊരു ജോലി മാത്രമായിരുന്നു ആഗ്രഹം. ആരെയും ആശ്രയിക്കാത കുടുംബം പുലർത്തണം, സ്വന്തമായി വീടുണ്ടാക്കണം എന്നൊക്കെ. 2011ൽ മുണ്ടപ്പലത്ത് തന്നെ 10 സെൻറ് സ്ഥലം വാങ്ങി വീടുവെച്ചു. ലോകത്തെവിടെയാണെങ്കിലും മനസ്സ് വീട്ടിലായിരിക്കും. എന്നാലും കളിക്കളത്തിൽ നൂറു ശതമാനം ടീമിന് നൽകണമെന്ന് നിർബന്ധമുണ്ട്. ഒരു മാസം മുമ്പ് ബംഗളൂരുവിലാണ് ഇന്ത്യക്കുവേണ്ടി ഒടുവിൽ കളിച്ചത്. ആശുപത്രിക്കിടക്കയിലുള്ള ഉപ്പയുടെ മുഖമായിരുന്നു മനസ്സിൽ. മത്സരം കഴിഞ്ഞയുടൻ നാട്ടിൽ വന്നതാണ്. ഭാര്യ സുലൈഖയും മക്കളായ ഷാസ്മിനും ഷെഹ്ഷാദും കൂടി ഉൾപ്പെട്ടതാണ് ലോകം. എെൻറ കരിയറിെൻറ കാര്യത്തിൽ വലിയ ശ്രദ്ധപുലർത്തുന്ന അയൽക്കാരനും സുഹൃത്തുമായ ഷെഹ്ഷാദ് മുഹമ്മദിെൻറ പേരാണ് മകനിട്ടത്. നാലു വയസ്സുകാരി ഷാസ്മിെൻറയും പത്തു മാസം പ്രായമായ ഷെഹ്ഷാദിെൻറയും കളിചിരികൾ കിട്ടാവുന്നതിൽ വെച്ചേറ്റവും ആദ്യത്തെ വിമാനത്തിൽ നാട്ടിലേക്ക് വരാനും അവസാനത്തേതിൽ മടങ്ങാനും പ്രേരിപ്പിക്കുന്നു. നാട്ടിൻപുറവും കുളങ്ങളും കൂട്ടുകാരും സെവൻസും മഴക്കളിയുമെല്ലാം ഇപ്പോഴും ദൗർബല്യമാണ്.
ആർക്കും വേണ്ടാതിരുന്ന ഐ ലീഗ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ലൈവ് കണ്ട് എന്നെ പ്രോത്സാഹിപ്പിച്ച നാടിനോട് ഞാൻ എന്തുമാത്രം കടപ്പെട്ടിരിക്കുന്നുവെന്നോ. ഇവിടുത്തെ പാണാളി അബ്ദുറഹിമാൻ സ്റ്റേഡിയമായിരുന്നുവല്ലോ ആദ്യ കളരി. അതാണ് ഇന്നത്തെ മുണ്ടപ്പലം അറീന. ഫ്രഞ്ച് താരവും സുഹൃത്തുമായ േഫ്ലാറൻറ് മലൂദ, ഞങ്ങളുടെ മുണ്ടപ്പലം അറീനയിൽ ചളിപ്പന്ത് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. നാട്ടിലെത്തിയാൽ ഫോൺപോലും ഓഫാക്കി ഇവർക്കിടയിലേക്കിറങ്ങാൻ ഞാൻ ഇഷ്ടപ്പെടുന്നതിൽ അദ്ഭുതമുണ്ടോ? പ്രണയമാണ് ഏറ്റവും വലിയ വികാരമെന്ന് കരുതുന്നവർ മഴയത്ത് പന്ത് കളിച്ചിട്ടില്ലാത്തവരാണെന്നു പറയുന്നത് എന്തുമാത്രം ശരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.