ന്യൂഡൽഹി: 2004ലായിരുന്നു ഇന്ത്യൻ ടീമിലേക്ക് ഒരു കൂറ്റനടിക്കാരെൻറ അരങ്ങേറ്റം. റാഞ്ചിയിലെ സാധാരണ കുടുംബത്തിൽ പിറന്ന മഹേന്ദ്ര സിങ് ധോനിയെന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഒന്നര പതിറ്റാണ്ടിന് ശേഷം ശാന്തനും സൗമ്യനുമായ ലോകോത്തര ഫിനിഷറായാണ് പേരെടുത്തിരിക്കുന്നത്. ധോനിയെന്ന ഇതിഹാസ നായകനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ. പ്ലേറൈറ്റ് ഫൗണ്ടേഷന് അനുവദിച്ച ഒാൺലൈൻ അഭിമുഖത്തിൽ ചാരു ശര്‍മ, വിവേക് ആത്രേ എന്നിവരുമായി സംസാരിക്കുകയായിരുന്നു ചാപ്പല്‍. കരിയറിെൻറ തുടക്കകാലത്ത് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ തെൻറ ഉപദേശം സഹായിച്ചിട്ടുണ്ടെന്ന് ചാപ്പൽ പറഞ്ഞു.
ആ കാലത്ത് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരമായിരുന്നു ധോനി. ക്രീസിൽ നിലയുറപ്പിച്ച് ഏത് സൈഡിലേക്കും ഷോട്ടുകൾ പായിക്കാനുള്ള അസാമാന്യ കഴിവുണ്ടായിരുന്നു ധോനിക്ക്. ലോകത്തിലെ ഏറ്റവും കുരുത്തുറ്റ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ധോനിയെന്നും ചാപ്പൽ സാക്ഷ്യപ്പെടുത്തുന്നു.
2005ല്‍ ജയ്പൂരില്‍ ശ്രീലങ്കക്കെതിരെ നടന്ന ഏകദിനത്തില്‍ ധോനി നേടിയ 183 റണ്‍സ് ചാപ്പൽ ഒാർത്തെടുത്തു. ധോനിയുടെ ആ മാച്ച് വിന്നിങ് ഇന്നിങ്‌സ് മറക്കാന്‍ സാധിക്കില്ല. ലങ്കയെ അന്ന് അദ്ദേഹം പിച്ചിച്ചീന്തുകയായിരുന്നു. താരത്തിെൻറ പവര്‍ ഹിറ്റിങ് അത്രയും മികച്ചതായിരുന്നു. ഒരുപാട് ബൗണ്ടറികളും സിക്സറുകളും ധോനിയന്ന് അടിച്ചുകൂട്ടി.
പരമ്പരയിലെ അടുത്ത മല്‍സരം നടന്നത് പൂനെയിലായിരുന്നു. മത്സരത്തിന് മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്ന് ഞാൻ ധോനിയോട് ചോദിച്ചു. ഇതുപോലെ മുന്നോട്ട് പോയാൽ ക്രിക്കറ്റിൽ എന്താണ് താങ്കൾ നേടേണ്ടത്, അത് നേടാൻ സാധിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ബൗണ്ടറികൾ അടിക്കാൻ മിടുക്കുള്ള ധോനി സിംഗിളുകളും ഡബിളുകളും എടുക്കാൻ കൂടി പഠിക്കേണ്ടതുണ്ടെന്നും അൽപം റിസ്കാണെങ്കിൽ കൂടി, അതിനുള്ള മികവ് ലഭിച്ചാൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായി മാറാൻ സാധിക്കുമെന്നും ഞാൻ ഉപദേശിച്ചു.
പൂനെ ഏകദിനത്തില്‍ താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായിരുന്നു നമുക്ക്. ടീം മികച്ച പൊസിഷനിലായിരുന്നു അപ്പോൾ. ധോനിയെ ഞാൻ വെല്ലുവിളിച്ചിരുന്നു. ബൗണ്ടറികൾക്ക് പകരം സിംഗിളും ഡബിളുമെടുത്ത് കളിക്കാനായിരുന്നു ഞാൻ പറഞ്ഞത്. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്‌സാണ് ധോണി പൂനെ മല്‍സരത്തില്‍ കളിച്ചു കൊണ്ടിരുന്നത്. ഇന്ത്യക്കു ജയിക്കാന്‍ 20 റണ്‍സ് വേണ്ട സമയത്ത് 12ാമനായ ആര്‍പി സിങ്ങിനെ എെൻറയടുത്തേക്ക് അയച്ച് ധോണി ഇനി സിക്‌സറുകള്‍ അടിച്ചോെട്ടയെന്ന് ചോദിച്ചു.
അരുതെന്നാണ് ഞാൻ മറുപടി നൽകിയത്. ലക്ഷ്യം ഒറ്റയക്ക സ്‌കോറിലെത്തുന്നതു വരെ കാത്തിരിക്കാനും പറഞ്ഞു. ശാന്തതയോടെ ബാറ്റിങ് തുടർന്ന ധോനി ഇന്ത്യക്കു ജയിക്കാന്‍ നാല് റണ്‍സ് മാത്രം വേണ്ട സമയത്ത് തെൻറ തനത് ശൈലിയിൽ കൂറ്റൻ സിക്‌സറടിച്ച് വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ വ്യക്തമാക്കി. താൻ കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് ധോനിയിപ്പോൾ എന്നും ചാപ്പൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.