1999 ലോകകപ്പ് -രാജ്യമെങ്ങും കത്തിപ്പടർന്ന ക്രിക്കറ്റ് ജ്വരം പഞ്ചാബിലെ മോഗ എന്ന കൊച്ചു ഗ്രാമത്തിലും അലയടിച്ച കാലം. ക്രിക്കറ്റ് ആവേശത്തിൽ മുങ്ങിയ മോഗയിലെ കുഞ്ഞു സിങ്ങുമാർ ബാറ്റുമായി ഗോദയിലിറങ്ങുന്നത് കണ്ട് അസൂയപൂണ്ട പത്തു വയസ്സുകാരി പെൺകുട്ടിയും അവർക്കൊപ്പം ചേർന്നു. അതുവരെ ബാസ്കറ്റ് ബാളും വോളിബാളും മാത്രം ആസ്വദിച്ചിരുന്ന അവളുടെ വളയിട്ട കൈകൾ അങ്ങെന ആദ്യമായി ബാറ്റേന്തി. ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുവളർന്ന മകളെ പിന്തിരിപ്പിക്കണമെന്ന വെളിപാടുകൾക്ക് ചെവികൊടുക്കാതെ പിതാവ് ഹർമന്ദർ സിങും ഒപ്പം കൂടിയതോടെ പത്തുവയസ്സുകാരിയുടെ ആവേശം പാരമ്യത്തിലെത്തി. ആൺകുട്ടികളുടെ പന്തുകളെ അവൾ തലങ്ങും വിലങ്ങും പായിച്ചു. വനിത ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ആസ്ട്രേലിയയെ തച്ചുതകർത്ത സെഞ്ച്വറിയിലൂടെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഹർമൻപ്രീത് കൗർ എന്ന 28കാരി ക്രിക്കറ്ററുടെ താരോദയം ഇങ്ങനെയായിരുന്നു. 24 വർഷം മുമ്പ് കപിലിെൻറ ചെകുത്താന്മാർ ലോകകിരീടമുയർത്തിയ ലോഡ്സിലെ പച്ചപ്പുൽ മൈതാനിയിൽ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് കലാശപ്പോരിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ ഇന്നിങ്സിലൂടെ ഹർമൻപ്രീത് കൗർ താരപരിവേഷമണിഞ്ഞിരിക്കുകയാണ്. നാളെ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുേമ്പാൾ ഇന്ത്യൻ പ്രതീക്ഷകളെ വാനോളമുയർത്തി ബാറ്റിങ്ങിെൻറ നെടുംതൂണായി മിതാലി രാജിനും പൂനം റാവത്തിനുമൊപ്പം അവളുമുണ്ടാകും.
പുരുഷാധിപത്യം തുടരുന്ന ക്രിക്കറ്റ് ലോകത്ത് പുതിയ താരതമ്യ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കുമെല്ലാം വേദിയൊരുക്കിയാണ് ഒാസീസിനെതിരെ കൗർ 171 റൺസ് അടിച്ചു കൂട്ടിയത്. വിരാട് കോഹ്ലിയോടും വീരേന്ദർ സെവാഗിനോടുമെല്ലാമാണ് കൗറിനെ പലരും ഉപമിക്കുന്നത്. 1983 ലോകകപ്പ് സെമിയിൽ സിംബാബ്വെക്കെതിരെ കപിൽ ദേവ് അടിച്ചുകൂട്ടിയ 175 റൺസിെൻറ ഒറ്റയാൾ േപാരാട്ടത്തോടും കൗറിെൻറ ഇന്നിങ്സിനെ ഉപമിക്കുന്നവരുണ്ട്. ഇൗ ഉപമകളൊന്നും തെറ്റാണെന്ന് പറയാൻ കഴിയില്ല. പത്താം ഒാവറിൽ 35 റൺസിന് ഒാപണർമാരെ നഷ്ടപ്പെട്ട് പരുങ്ങി നിൽക്കുന്ന സമയത്താണ് കൗർ ക്രീസിലേക്കെത്തുന്നത്. സീനിയോറിറ്റിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പക്വതയുള്ള താരത്തിെൻറ അടയാളങ്ങൾ രേഖപ്പെടുത്തിയാണ് കൗറിെൻറ ഇന്നിങ്സ് തുടങ്ങിയത്. അർധ സെഞ്ച്വറി പിന്നിടും വരെ കൗർ നിശ്ശബ്ദയായിരുന്നു. കൊടുങ്കാറ്റിനു മുമ്പുള്ള നിശ്ശബ്ദതയാണിതെന്ന് ഒാസീസ് ബൗളർമാർ പിന്നീടാണ് അറിഞ്ഞത്. 51ൽ നിന്ന് സെഞ്ച്വറിയിലേക്കെത്താൻ കേവലം 23 പന്തുകളാണ് കൗർ നേരിട്ടത്. അവിടെ നിന്ന് 150ലേക്ക് 17 പന്തിെൻറ ദൂരം. കൗറിെൻറ ഇന്നിങ്സിെൻറ ബലത്തിൽ നിശ്ചിത 42 ഒാവറിൽ 281 റൺസെടുത്ത ഇന്ത്യക്കെതിരെ ഒാസീസ് പൊരുതി നോക്കിയെങ്കിലും 245 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
മഴമൂലം 42 ഒാവറാക്കി മത്സരം ചുരുക്കിയില്ലായിരുന്നെങ്കിൽ ഡബ്ൾ സെഞ്ച്വറി അടിക്കുമായിരുന്നെന്ന് കൗറിെൻറ സഹോദരി ഹെംജിത് പറയുന്നു. ഫീൽഡിൽ വിരാട് കോഹ്ലിയുടെ ആക്രമണോൽസുകതയോടും ബാറ്റിങ്ങിൽ വീരേന്ദർ സെവാഗിെൻറ മിന്നൽ പിണറിനോടുമാണ് ഹർമൻപ്രീതിനെ സഹോദരി താരതമ്യം ചെയ്യുന്നത്. പിതാവാണ് അവളുടെ ആദ്യ പരിശീലകൻ. തങ്ങളെല്ലാവരും അവൾക്ക് പ്രോത്സാഹനം നൽകിയിരുന്നു. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അവൾക്ക് വേണ്ടത്ര ഉയരങ്ങളിൽ എത്തിപ്പെടാനായില്ല എന്ന സങ്കടമുണ്ടായിരുന്നു. ആസ്ട്രേലിയക്കെതിരായ ഇന്നിങ്സോടെ ഇൗ സങ്കടം അവസാനിച്ചെന്നും സഹോദരി പറയുന്നു. 2009ൽ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിലാണ് ഹർമൻപ്രീത് ആദ്യമായി ഇന്ത്യൻ ജഴ്സി അണിയുന്നത്. 2012 ഏഷ്യ കപ്പിൽ മിതാലി രാജിന് പരിക്കേറ്റപ്പോൾ ഇന്ത്യയെ നയിച്ചത് കൗറായിരുന്നു. 2013 ബംഗ്ലാദേശിനെതിരായ പരമ്പരയിലും കൗർ ഇന്ത്യൻ ക്യാപ്റ്റെൻറ തൊപ്പിയണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.