ദി ഡൗൺഫാൾ ഓഫ് ഹൊസെ മൗറീഞ്ഞോ..

രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, നാല് വ്യത്യസ്ത ലീഗുകളിൽ വിജയം. കരിയറിലുടനീളം 15ഓളം കിരീടങ്ങൾ. മറ്റനേകം പുരസ്കാ രങ്ങളും റെക്കോർഡുകളും. ദി സ്‌പെഷ്യൽ വൺ. പക്ഷെ ഇനി അയാൾ അറിയപ്പെടാൻ പോകുന്നത് എണ്ണമറ്റ ഈ നേട്ടങ്ങളുടെ പേരിലാണോ അതോ കസിയസിന്റെയും ഇവോ കാർണീറോയുടെയും പോൾ പോഗ്ബയുടെയും, മറ്റനവധി പടലപിണക്കങ്ങളുടെയും പുറത്താക്കലുകളുടെയും പ േരിലാണോ എന്നത് പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ടാക്റ്റീഷ്യൻമാരിലൊരാൾ എന്ന് വരെ അറിയപ്പെട്ട, പോർട്ടോയിലും ഇന്ററിലും അവിശ്വസനീയമാം വിധം വിജയക്കുതിപ്പു നടത്തിയ, പ്രീമിയർ ലീഗിലെ ഫെർഗൂസൻെറ ചുവന്ന ചെകുത്താന്മാരുടെ അപ്രമാദിത്വം അവസാനിപ്പിച്ച, തന്റെ ധാർഷ്ട്യം കളിക്കളത്തിലും പ്രസ് കോണ്ഫറന്സുകളിലും ഒരുപോലെ പ്രകടമാക്കിയ പോർച്ചുഗീസുകാരനിന്ന് ആവനാഴിയിലെ അമ്പൊഴിഞ്ഞ വേട്ടക്കാരനെ പോലെ നിസ്സഹായനാണ്. കാര്യമായ ന േട്ടങ്ങളൊന്നും പറയാനില്ലാതെ ഓൾഡ് ട്രാഫോഡിൽ നിന്നും പടിയിറങ്ങുമ്പോൾ അയാളുടെ ടാക്റ്റിക്‌സും മാൻ മാനേജ്‌മെന്റ ും മുമ്പെന്നത്തേക്കാളും നെറ്റിചുളിക്കലുകൾക്ക് വിധേയമാണ്. എല്ലാ തവണയും പോലെ വാക്കുകളിൽ തൻെറ സ്വതസിദ്ധമായ കോൾ ഡ് ആറ്റിറ്റൂട് ഒളിപ്പിച്ച് ഞാൻ എൻെറ ഒഴിവുകാലം അസ്വദിച്ചോട്ടെ എന്നു പറഞ്ഞ് അയാൾ കളം വിടുമ്പോൾ ഇനിയൊരു ടോപ്പ് ക ്ലബ്ബ് മൗറീഞ്ഞോ എന്ന വലിയ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാവുമോ എന്ന സംശയം ബാക്കിയാണ്.

ഹൊ​സെ മൗ​റീ​ന്യോ പെ​പ്​ ഗ്വാ​ർ​ഡി​യോ​ളക്കൊപ്പം


ബോബി റോബ്സണിൽ നിന്നും വാൻ ഗാലിൽ നിന്നുമൊക്കെയാണ് മൗറീഞ്ഞോ പരിശീലകപാഠങ്ങൾ സ്വായത്തമാക്കിയത്. 4-4-2 ഡയമണ്ടും 4-3-3യും ഒടുവിൽ 4-2-3-1ഉം ഒക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ബേസിക്കലി അയാളുടെ ടീമുകൾക്കെല്ലാം ഒരേ സ്വഭാവമായിരുന്നു. കരുത്തുറ്റ, ടഫ് ടാക്കിളേഴ്സ് ആയ ഡിഫൻഡർമാർ. കഠിനാദ്ധ്വാനികളായ മിഡ്ഫീൽഡേഴ്‌സ്. ട്രാക്ക് ബാക്ക് ചെയ്യുന്ന വിങ്ങേർസ്. എതിർ ഡിഫണ്ടർമാരെ മെന്റലി ആൻഡ് ഫിസിക്കലി വൈൻഡ് അപ്പ് ചെയ്യുന്ന ഒരു ടാർഗറ്റ് മാൻ സ്‌ട്രൈക്കർ. ഫ്ലെയറിലും സ്‌കിൽ സെറ്റിലുമുപരി ഫിസിക്കാലിറ്റിയും വർക്ക് റേറ്റും ടാക്റ്റിക്കൽ അവേർനെസുമൊക്കെയാണ് അതുകൊണ്ട് തന്നെ അയാൾ തൻെറ കളിക്കാരിൽ തെരഞ്ഞതും. തൻെറ ടീമിൻെറ ബിൽഡപ്പിനൊപ്പമോ അതിലുപരിയോ അയാൾ കൗണ്ടർ ടാക്റ്റിക്സിന് പ്രാധാന്യം കൊടുത്തിരുന്നു. നിർണായക മത്സരങ്ങളിൽ എതിരാളികളുടെ തന്ത്രങ്ങൾ പഠിച്ച് മറുതന്ത്രം മെനയുന്നതിൽ അയാളോളം മിടുക്കനായി ആരുമില്ലായിരുന്നു. ഫെർഗൂസനും ഗാർഡിയോളയും ബെനിറ്റസുമൊക്കെ പല അവസരങ്ങളിലായി അയാളുടെ തന്ത്രങ്ങളുടെ മൂർച്ചയറിഞ്ഞവരാണ്.


ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ റിസൾട്ട് ഗ്രൈൻഡ് ചെയ്ത് എടുക്കാൻ അയാളുടെ ടീമുകൾക്ക് പ്രത്യേക മികവായിരുന്നു. ടെക്നിക്കലി ഫാർ ബെറ്റർ ആയ എതിരാളികളെ പോലും തൻെറ ടാക്റ്റിക്‌സും കയ്യും മെയ്യും മറന്ന് പോരാടുന്ന 11 പേരെയും വെച്ച് അയാൾ ഒരുപാട് തവണ തകർത്തിട്ടുണ്ട്. അവസാന വിസിൽ മുഴങ്ങിയാലല്ലാതെ തോൽവി അംഗീകരിക്കാത്ത പോരാളികളെ അയാൾ സൃഷ്ടിച്ചു. പക്ഷെ ഈ പോരാട്ടവീര്യം കളിക്കാരിലുളവാക്കാൻ അയാൾ സ്വീകരിച്ച വഴികൾ വളരെ വിചിത്രമായിരുന്നു. 'വി എഗൈൻസ്റ്റ് ദി വേൾഡ്' എന്ന മനോഗതിആയിരുന്നു അതിൽ പ്രധാനം. റഫറിമാരും, ഫുട്‌ബോൾ അസോസിയേഷനുകളും, മീഡിയയും, എന്തിന് ബോൾ ബോയ്സ് വരെ തങ്ങൾക്കെതിരെ കരുക്കൾ നീക്കുകയാണെന്ന് പല തവണ മൗറീഞ്ഞോ പറഞ്ഞിട്ടുണ്ട്.


ഈ ലോകം മുഴുവൻ തങ്ങൾക്കെതിരാണെന്നും നമ്മളൊരുമിച്ച് ഒറ്റക്കെട്ടായി അവരെ നേരിടണമെന്നുമുള്ള വിശ്വാസം അയാൾ തൻെറ കളിക്കാരിൽ ഊട്ടിയുറപ്പിച്ചു. നിഷ്പക്ഷ ആരാധകരുടെ പോലും കടുത്ത വെറുപ്പ് സമ്പാദിക്കുമ്പോഴും അയാൾ പക്ഷേ കളിക്കാർക്കും ഫാൻസിനും അങ്ങേയറ്റം പ്രിയപ്പെട്ടവനായി. തുടർ പരാജയങ്ങൾക്ക് ശേഷം ചെൽസിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പോലും സ്റ്റാംഫോഡ് ബ്രിഡ്ജിൽ മുഴങ്ങിക്കേട്ടത് അയാളുടെ പേരായിരുന്നു.


മൗറീഞ്ഞോ പയറ്റിയിരുന്ന മറ്റൊരു തന്ത്രമാണ് കളിക്കാരെ പരസ്യമായും അല്ലാതെയും വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും അവരെ തൊട്ടടുത്ത ലെവലിലേക്ക് പുഷ് ചെയ്യുക എന്നത്. പ്രീമിയർ ലീഗ് നേടി അടുത്ത സീസണു മുന്നോടിയായുള്ള പരിശീലനത്തിനിടയ്ക്ക് തുടർച്ചയായി പന്ത് കൈമോശം വരുത്തിയ ടെറിയോട് അയാൾ പറഞ്ഞത് 'ഇനിയും പന്ത് നഷ്ടപ്പെടുത്തിയാൽ ഞാൻ 50 മില്യൺ മുടക്കി പകരം ഒരാളെ വാങ്ങും' എന്നാണ്. തൊട്ടു മുമ്പത്തെ സീസണിലെ മുഴുവൻ മത്സരങ്ങളും കളിച്ച് ടീമിനെ കിരീടത്തിലേക്ക് നയിച്ച ഒരാളോടാണ് ഈ പറഞ്ഞതെന്നോർക്കണം. പക്ഷെ അതിന് ശേഷം സംഭവിച്ചത് ടെറി കൂടുതൽ ഊർജസ്വലനാവുകയും പരമാവധി പന്ത് കൈവശം വെക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതാണ്. 23ആം വയസ്സിൽ ലംപാർഡ് ഒരു പുരുഷനായിരുന്നു, എന്നാൽ പുതിയ കളിക്കാർ ആ പ്രായത്തിൽ കേവലം കുട്ടികളാണ് എന്ന് ഒരിക്കൽ മൗറീഞ്ഞോയും അഭിപ്രായപ്പെടുകയുണ്ടായി.


എന്നാൽ ഭീമമായ ശമ്പളവും, പ്രശസ്തിയും, അയാളെക്കാൾ ഈഗോയും ഉണ്ടായിരുന്ന പുതിയ തലമുറയെ അതേ അച്ചിൽ വാർക്കാൻ ശ്രമിച്ചിടത്ത് മൗറീഞ്ഞോക്ക് പിഴച്ചു. പരിഹാസവും വെല്ലുവിളിയുമൊക്കെ അവരെ വളർത്തുന്നതിന് പകരം തളർത്തുകയാണുണ്ടായത്. ഒന്നാലോചിച്ചാൽ അയാളുടെ തന്ത്രങ്ങളെല്ലാം അൽപായുസ്സുള്ളവയായിരുന്നു. ചുരുങ്ങിയ കാലയളവിൽ നേട്ടങ്ങളുണ്ടാക്കാൻ മിടുക്കനായിരുന്നെങ്കിലും, രണ്ടോ മൂന്നോ സീസണുകളിൽ കൂടുതൽ അയാളുടെ രീതികൾക്ക് നിൽക്കക്കള്ളിയില്ലായിരുന്നു. ഭാവിയിലേക്ക് നേട്ടങ്ങളെക്കാളേറെ നഷ്ടങ്ങളാണ് അയാൾ ബാക്കി വെച്ചത്. പഴകിത്തുടങ്ങിയ ടാക്റ്റിക്‌സോ പരിശീലനരീതികളോ മാറ്റാൻ തയ്യാറാവാത്ത തന്റെ ശാഠ്യവും അയാൾക്ക് വിനയായി.


മൗറീഞ്ഞോ മോൾഡിലുള്ള കളിക്കാരുടെ എണ്ണം കുറഞ്ഞു വന്നതും അയാളുടെ പതനത്തിന് ആക്കം കൂട്ടി. കാൽ വെക്കാൻ പേടിക്കേണ്ടിടത്ത് തല വെക്കാൻ മടിയില്ലാത്ത ഒരു ഡിഫൻഡറെയോ, തകർന്നു നിൽക്കുന്ന ഒരു ടീമിനെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു നായകനെയോ, ഒരു ആൾ റൗണ്ട് സ്‌ട്രൈക്കറെയോ ഒക്കെ ഇന്ന് കണ്ടുകിട്ടാൻ പാടാണ്. പക്ഷെ കാലിനടിയിലെ മണൽ ഒലിച്ചുപോവുന്നത് മൗറീഞ്ഞോ മാത്രമറിഞ്ഞില്ല. പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും പുറകിൽ ഒരുപാട് കാലം അയാൾ ഒളിച്ചിരുന്നു. പക്ഷെ അനിവാര്യമായ വിധി വീണ്ടും അയാളെ തേടിയെത്തി.

പുതിയ ക്ലബുകളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഇപ്പോൾ തന്നെ കേട്ടു തുടങ്ങിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ചവരുടെ കൂട്ടത്തിൽ നിൽക്കാൻ ഇനി അയാൾക്ക് ബാല്യമുണ്ടോ എന്ന് കണ്ടു തന്നെ അറിയണം. തൻെറ ടാക്റ്റിക്സും മാൻ മാനേജ്‌മെന്റുമൊക്കെ പുതിയ കാലത്തിനനുസരിച്ച് ഇമ്പ്രോവൈസ് ചെയ്യാതെ അയാൾക്കത് സാധ്യമാവില്ല. തൻെറ കരിയറിനു മുകളിൽ പടർന്നു വീണ കരിനിഴലിൻെറ മറ നീക്കി ആ പഴയ പോർച്ചുഗീസ് യോദ്ധാവ് തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷിക്കാം...

Tags:    
News Summary - jose mourinho- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.