‘350 പോലൊരു കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ 63 റണ്‍സിനുള്ളില്‍ നാല് വമ്പന്മാരെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ പിന്നെ കളി തോല്‍ക്കേണ്ട ഒരു സാഹചര്യവുമില്ല. പക്ഷേ, കേദാര്‍ ജാദവ് എല്ലാം തകര്‍ത്തെറിഞ്ഞു’
കേദാര്‍ ജാദവ് ത്രില്ലിലാണ്. സ്വന്തം മണ്ണില്‍, നാട്ടുകാര്‍ക്കു മുന്നില്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയോടെ ക്യാപ്റ്റനൊപ്പം അവിശ്വസനീയമായ ജയത്തിലേക്ക് ഇന്ത്യയെ വലിച്ചടുപ്പിച്ചതിന്‍െറ ത്രില്‍. ഒറ്റയാനായി ക്രീസിന്‍െറ ഒരറ്റത്ത് പെട്ടുപോയ വിരാട് കോഹ്ലിക്ക് പറ്റിയ പങ്കാളിയായി ഡബ്ള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ആശിച്ച വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച കേദാറിന്‍െറ പ്രകടനത്തെക്കുറിച്ചാണ് നായകന്‍ കോഹ്ലിക്കും എതിര്‍ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും പറയാനുള്ളത്.
‘‘പന്ത്രണ്ടാമത്തെ ഓവറു വരെ കളി ഞങ്ങളുടെ കൈയിലായിരുന്നു. 350 പോലൊരു കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ 63 റണ്‍സിനുള്ളില്‍ നാല് വമ്പന്മാരെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ പിന്നെ കളി തോല്‍ക്കേണ്ട ഒരു സാഹചര്യവുമില്ല. പക്ഷേ, കേദാര്‍ ജാദവ് എല്ലാം തകര്‍ത്തെറിഞ്ഞു...’’ ആദ്യ ഏകദിനത്തില്‍ വന്‍ സ്കോര്‍ കണ്ടത്തെിയിട്ടും പിണഞ്ഞ തോല്‍വിയെ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ സമ്മതിക്കുന്നത് ഇങ്ങനെയാണ്. ‘‘കൃത്യമായ ഹോംവര്‍ക്കോടെയായിരുന്നു ടീം കളത്തിലിറങ്ങിയത്. ഓരോരുത്തര്‍ക്കും എതിരെ എങ്ങനെ പന്തെറിയണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. അതിനായി എതിര്‍ നിരയിലെ ബാറ്റ്സ്മാന്മാരുടെ മുഴുവന്‍ വിഡിയോയും കണ്ടുപഠിച്ചിരുന്നു. കൂട്ടത്തില്‍ കേദാര്‍ ജാദവിനെയും കണ്ടതാണ്. പക്ഷേ, അയാള്‍ ഇത്ര അപകടകാരിയായി തീരുമെന്നു കരുതിയിരുന്നില്ല’’ -കൈയകലത്തുനിന്ന് കളി തട്ടിയെടുത്ത കേദാര്‍ ജാദവിന്‍െറ മികവ് അംഗീകരിച്ചുകൊണ്ട് പാളിപ്പോയ തന്ത്രങ്ങള്‍ മോര്‍ഗന്‍ തുറന്നുപറഞ്ഞു. പുണെ ഏകദിനത്തില്‍ ധവാനും ലോകേഷും യുവരാജും ധോണിയും വളരെ വേഗം മടങ്ങിയ ശേഷം കളി കൈവിട്ടുപോയെന്ന് ഇന്ത്യയും വരുതിയിലായെന്ന് ഇംഗ്ളണ്ടും കരുതിയ നിമിഷത്തിലായിരുന്നു അതിശയ കൂട്ടുകെട്ട് പിറന്നത്.
അഞ്ചാം വിക്കറ്റില്‍ വെറും 24.3 ഓവറില്‍ സംഭവിച്ചത് ഏറക്കുറെ അസാധ്യമായ 200 റണ്‍സിന്‍െറ ഉറച്ച കൂട്ടുകെട്ടായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തെ കൂട്ടുകെട്ടും ഈ മത്സരത്തില്‍ പിറന്നു. 1997ല്‍ ശ്രീലങ്കക്കെതിരെ അസ്ഹറുദ്ദീനും അജയ് ജദേജയും ചേര്‍ന്നെടുത്ത 223 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് ഇന്ത്യയുടെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. കോഹ്ലിക്കെതിരെ മെനഞ്ഞ എല്ലാ തന്ത്രങ്ങളും പാളിപ്പോയതായി മോര്‍ഗന്‍ സമ്മതിച്ചു. ‘‘രണ്ടു തവണ കോഹ്ലിയുടെ പന്ത് ഉയര്‍ന്നു പൊന്തിയത് ഫീല്‍ഡര്‍മാരുടെ തലക്കു മുകളിലൂടെ കടന്നുപോയി. മറ്റൊരു ദിവസമായിരുന്നെങ്കില്‍ ചിലപ്പോള്‍ അത് കൈപ്പിടിയിലൊതുങ്ങിയേനെ. പുണെയില്‍ ഞങ്ങളുടെ ദിവസമായിരുന്നില്ല’’ -മോര്‍ഗന്‍ വിശദീകരിച്ചു.
പുണെയില്‍ ഇംഗ്ളണ്ടിനെതിരെ ബാറ്റുമായി ഇറങ്ങുന്നതിനു മുമ്പ് കേദാര്‍ കളിച്ചത് വെറും 12 ഏകദിനങ്ങള്‍. കളിച്ചത് എട്ട് ഇന്നിങ്സുകള്‍. അതില്‍ ഒരു സെഞ്ച്വറിയുമുണ്ടായിരുന്നു. 2015 ജൂലൈയില്‍ ഹരാരെയില്‍ സിംബാബ്വെക്കെതിരെ 86 പന്തിലായിരുന്നു ആദ്യ സെഞ്ച്വറി. അതും സിക്സര്‍ പായിച്ച്. ക്രിസ് വോക്സ് എറിഞ്ഞ പന്ത് സിക്സറിനു പറത്തി എം.സി.എ സ്റ്റേഡിയത്തില്‍ തന്‍െറ രണ്ടാം സെഞ്ച്വറി ഇംഗ്ളണ്ടിനെതിരെ ജാദവ് കുറിച്ചത് ആദ്യ സെഞ്ച്വറിയെക്കാള്‍ വന്യമായ വേഗത്തിലായിരുന്നു. 65 പന്തില്‍ നിന്ന് രണ്ട് സിക്സറും 11 ഫോറും. പേശീ വലിവ് കാരണം വലഞ്ഞ ജാദവ് 120 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ കളി ഇന്ത്യന്‍ വരുതിയിലായിക്കഴിഞ്ഞിരുന്നു. വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ അമിതാവേശം കാണിക്കാതെ കാത്തപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി.
ഏകദിനത്തിലും തന്‍െറ നായക മികവ് വ്യക്തമായി തെളിയിച്ചുകൊണ്ടാണ് കോഹ്ലി വിജയം സ്വന്തമാക്കിയത്. സഹതാരങ്ങള്‍ക്ക് പ്രചോദനവും ടീമിന് കരുത്തുമായി എങ്ങനെ ടീമിനെ നയിക്കണമെന്ന് കോഹ്ലി തെളിയിച്ചു. മുന്നൂറിനു മുകളില്‍ സ്കോര്‍ കണ്ടത്തൊന്‍ കഴിഞ്ഞതും തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്താനായതും അടുത്ത മത്സരങ്ങളില്‍ ഇംഗ്ളണ്ടിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണെന്ന് മോര്‍ഗന്‍ പറയുന്നുണ്ടെങ്കിലും വ്യാഴാഴ്ച കട്ടക്കില്‍ രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇംഗ്ളണ്ടിന് നെഞ്ചിടിപ്പേറുകയേയുള്ളൂ, കോഹ്ലിപ്പടയെ എങ്ങനെ വരുതിയില്‍ നിര്‍ത്തണമെന്നാശങ്കപ്പെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.