കൊച്ചി: കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബാളും നടക്കട്ടേയെന്നാണ് കലൂർ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടെയും കെ.സി.എ, കെ.എഫ്.എ സംഘടനകളുടെയും നിലപാട്. ഫിഫ നിലവാരത്തിലൊരുക്കിയ ഗ്രൗണ്ട് ക്രിക്കറ്റിനായി പരുവപ്പെടുത്തുകയും മത്സരം കഴിയുമ്പോൾ ഫുട്ബാളിനായും മാറ്റിയെടുക്കാമെന്നാണ് വാദം. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും കസ്റ്റംസ് കമീഷണറുമായിരുന്ന ഡോ. കെ.എൻ. രാഘവൻ സംസാരിക്കുന്നു.
ഒരു ഗ്രൗണ്ടിൽ ക്രിക്കറ്റും ഫുട്ബാളും സാധ്യമാണോ? ഒരിക്കലും ക്രിക്കറ്റും ഫുട്ബാളും ഒരുമിച്ചുപോകില്ല. മൾട്ടി പർപ്പസ് സ്റ്റേഡിയത്തിെൻറ കാലം കഴിഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള മൈതാനത്തിന് അതേ നിലവാരമുണ്ടാകണം. ആഭ്യന്തര മത്സരം മാത്രമാണ് ലക്ഷ്യമെങ്കിൽ നിലവിൽ പോകുന്നതുപോലെ പോകാം. 2001ൽ മൾട്ടി പർപ്പസ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ പാടില്ലെന്ന് ബി.സി.സി.ഐ നിർദേശമുണ്ടായി. ക്രിക്കറ്റിനുവേണ്ടിയുള്ള സ്റ്റേഡിയം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശം വന്നു. എന്നാൽ, കെ.സി.എക്കു മാത്രം ഇക്കാര്യത്തിൽ ഇളവ് ലഭിക്കുകയായിരുന്നു.
ഫിഫ ഒഫീഷ്യൽ കൊച്ചി സ്റ്റേഡിയം സന്ദർശിച്ചപ്പോൾ- ഫയൽ ഫോട്ടോ
കളിക്കനുസരിച്ച് ഗ്രൗണ്ട് മാറ്റിയാൽ ഫുട്ബാൾ ഗ്രൗണ്ട് ക്രിക്കറ്റിനായി മാറ്റാൻ എളുപ്പമാണ്. എന്നാൽ, നേരേ തിരിച്ച് എളുപ്പമല്ല. ഫുട്ബാളിന് ചതുരാകൃതിയിലും ക്രിക്കറ്റിന് ദീർഘവൃത്താകൃതിയിലുമാണ് ഗ്രൗണ്ട് ഒരുക്കുന്നത്. ക്രിക്കറ്റ് പിച്ച് കളിമണ്ണ് ഉറപ്പിച്ചാണ് തയാറാക്കുന്നത്. പിച്ചിൽ നീളം കൂടിയതും കുറഞ്ഞതും, ഇടത്തരം, പുല്ല് കൂടിയത് കുറഞ്ഞത് എന്നിങ്ങനെ വിവിധ രീതികൾ പിന്തുടരാറുണ്ട്. പിച്ചുകൾ ഒരുക്കാനും മത്സരത്തിനുള്ളത് തിരഞ്ഞെടുക്കാനും സംഘാടകർക്ക് അവകാശമുണ്ട്. ഫുട്ബാളിൽ ഇതൊന്നും സാധ്യമാകണമെന്നില്ല. ഗ്രൗണ്ടിലെ പുല്ല്, പ്രതലം എന്നിവക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ക്രിക്കറ്റ് മത്സരം കഴിഞ്ഞ ഗ്രൗണ്ട് അതേ രീതിയിൽ മാറ്റിയെടുക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരമോ കൊച്ചിയോ നല്ലത്? കലൂർ സ്റ്റേഡിയം നിരവധി ആഭ്യന്തര മത്സരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കും വേദിയായിട്ടുണ്ട്. മത്സരക്രമീകരണത്തിന് കെ.സി.എക്ക് അത് ഗുണം ചെയ്യും. തിരുവനന്തപുരത്ത് അധികം മത്സരങ്ങളുണ്ടായിട്ടില്ല. കഴിഞ്ഞ ട്വൻറി20 മത്സരം നവംബറിൽ തുലാവർഷത്തിലാണ് നടന്നത്. മഴമൂലം ചുരുങ്ങിയ ഓവറിലാണ് മത്സരം നടന്നത്. ആ ഭീതി കെ.സി.എക്ക് ഉണ്ടായിരിക്കാം. മാത്രമല്ല, വിദേശ മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് താമസസൗകര്യം ഉൾപ്പെടെ ഒരുക്കേണ്ടതുണ്ട്. തിരുവനന്തപുരത്തേക്കാൾ കൊച്ചിയാണ് അക്കാര്യത്തിൽ അനുയോജ്യം.
നിലപാടെടുക്കേണ്ടത് ജി.സി.ഡി.എ ക്രിക്കറ്റും ഫുട്ബാളും കേരളത്തിലും വളരുകയാണ്. ആഭ്യന്തര തലത്തിൽനിന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ കേരളം തയാറെടുത്തുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കൊച്ചി സ്റ്റേഡിയം സംബന്ധിച്ച് ജി.സി.ഡി.എ കൃത്യമായ നിലപാട് സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.