81,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സാൻറിയാഗോ ബെർണബ്യൂവിനെക്കാൾ 40 ഇരട്ടി വലുപ്പം. 20 ടീമുകൾ മത്സരിക്കുന്ന ലാ ലിഗയിലെ മുഴുവൻ ക്ലബുകൾക്കും ഒരേസമയം ഉപയോഗിക്കാൻ സൗകര്യത്തോടെ ഡ്രസ്സിങ് റൂമുകൾ. രണ്ടാം ഡിവിഷൻ ടീമായ കാസ്റ്റില്ല ഹോം ഗ്രൗണ്ടായ ആൽഫ്രഡോ ഡെസ്റ്റിഫാനോ സ്റ്റേഡിയം ഉൾപ്പെടെ 12 ലോകോത്തര കളിമുറ്റങ്ങൾ, അരഡസനിലേറെ ജിംനേഷ്യങ്ങൾ, ക്ലാസ് റൂം, സമ്മേളന ഹാളുകൾ, ഒാഫിസുകൾ, 40ലേറെ കുടുംബങ്ങൾക്ക് താമസസൗകര്യമുള്ള അപ്പാർട്മെൻറുകൾ, ചൂട്വെള്ളംകൂടി ഉപയോഗിക്കുന്ന ഹൈഡ്രോതെറപ്പി പൂൾ, മെഡിക്കൽ സെൻറർ, മീഡിയ ഏരിയ...
ഒരു സ്വപ്നപദ്ധതിയുടെയോ, വരാനിരിക്കുന്ന നിർമാണത്തെയോ കുറിച്ചല്ല പറഞ്ഞു വരുന്നത്. റയൽ മാഡ്രിഡ് എന്ന സ്പാനിഷ് സൂപ്പർ ക്ലബിെൻറ അണിയറയിലെ വിശേഷമാണിത്. ആരാധക ലോകം കാണുന്ന സാൻറിയാഗോ ബെർണബ്യൂവിലെ റയൽ മാഡ്രിഡിെൻറ പിന്നാമ്പുറത്തെ കഥയാണിത്. ഈ കളിമുറ്റങ്ങളാണ് റയലിെൻറ ഫുട്ബാൾ നഴ്സറി. ഇവിടെ വിത്തുപാകി വളർത്തിയെടുക്കുന്ന താരങ്ങളാണ് നാളെ ലോകഫുട്ബാളിനെ ഭരിക്കുന്നത്.
മാഡ്രിഡ് സിറ്റിയുടെ ഭാഗമായ വാൽഡെബാസിലെ വിശാലമായ ഈ കളിയിടങ്ങളിൽ നിന്നും പന്തുതട്ടിപ്പഠിച്ചവരാണ് ഇന്ന് റയൽ മാഡ്രിഡിെൻറ കളിയരങ്ങ് വാഴുന്നവർ. നാച്ചോ ഫെർണാണ്ടസ്, ലൂകാസ് വാസ്ക്വസ്, ഡാനി കാർവയാൽ, റയലിലും പിന്നീട് ചെൽസി, അത്ലറ്റികോ മാഡ്രിഡ് ടീമുകളിൽ മേച്ചിൽപുറങ്ങൾതേടിയ അൽവാരോ മൊറാറ്റ, ബൊറൂസിയ ഡോർട്മുണ്ടിെൻറ അഷ്റഫ് ഹകിമി, മരിയാനോ ഡയസ് എന്നിങ്ങനെ നീളുന്നു ഇവിടെ നിന്നും പന്തിനെ മെരുക്കി ലോകംകീഴടക്കിയ സമകാലിക ഫുട്ബാൾ താരങ്ങളുടെ നിര.
റയലിെൻറ പണിശാല
‘ലാ ഫാബ്രിക’ എന്ന സ്പാനിഷ് വാക്കിന് ‘ദ ഫാക്ടറി’ എന്നാണ് അർഥം. ലോകഫുട്ബാളിൽ രാജകീയ പാരമ്പര്യത്തിന് അവകാശികളായ സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിെൻറ യൂത്ത് അക്കാദമിയെ ‘ലാ ഫാബ്രിക’ എന്ന് വിളിക്കുേമ്പാൾ പേരും ഏറെ പൊരുളുള്ളതാണ്. 2005ലാണ് ഇന്ന് കാണുന്ന സജ്ജീകരണങ്ങളോടെ അക്കാദമി പ്രവർത്തന സജ്ജമായത്. പണംവാരിയെറിഞ്ഞ് ലോകതാരങ്ങളെ ഓരോന്നായി അണിയറയിൽ എത്തിച്ച് ‘ഗലക്ടികോസിനെ’ സൃഷ്ടിച്ച പ്രസിഡൻറ് േഫ്ലാറൻറിനോ പെരസ് തന്നെയായിരുന്നു റയലിെൻറ സ്വകാര്യ അഹങ്കാരമായ ലാ ഫാബ്രികയുടെയും തലച്ചോർ. 1980ൽ ആരംഭിച്ച അക്കാദമിയെ ശതകോടി ഡോളർ െചലവഴിച്ച് നവീകരിച്ചു.
റയലിെൻറ സീനിയർ ടീം സാൻറിയാഗോ ബെർണബ്യൂ ആസ്ഥാനമാക്കുേമ്പാൾ വാൽഡെബാസിൽ രണ്ടാം ഡിവിഷൻ ടീമായ കാസ്റ്റിലയും, വിവിധ പ്രായവിഭാഗങ്ങളിലുള്ള മറ്റ് 12 ടീമുകളുമുണ്ട്. അണ്ടർ 18 മുതൽ, അണ്ടർ 6-7 വയസ്സ് വരെ നീളുന്നു ഈ കളി നഴ്സറിയുടെ ലോകം. ഒരേ സമയം, വിവിധ ടീമുകളിലായി 270ഓളം യൂത്ത് താരങ്ങൾ.
സൂപ്പർ ഗലക്റ്റികോസ്
1980കളിലെ ലീഗ് സീസൺ. തലനാരിഴ വ്യത്യാസത്തിൽ റയലിന് കിരീട നഷ്ടം പതിവായ കാലം. പോയൻറ് നിലയിൽ ഒന്നാംസ്ഥാനം പങ്കിടുേമ്പാഴും, അവസാന മത്സരത്തിലെ ഫലത്തിലും റയലിന് തുടർച്ചയായി അഞ്ചു വർഷം ലീഗ് കിരീടം നഷ്ടമായി. അപ്പോഴാണ് അക്കാദമിയെന്ന ആശയമുദിക്കുന്നത്. അതുവരെ, മൂന്നാം ഡിവിഷനിലെ ഒരു ടീമിനെ ഫീഡിങ് ക്ലബാക്കി നിലനിർത്തിയ റയൽ 1980ൽ കുഞ്ഞുതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കാൻ തുടങ്ങി. അഞ്ചുവർഷം കൊണ്ട് അത് ഫലവും കണ്ടു. ‘കാസ്റ്റില്ലയിലൂടെ’ പുതുതാരങ്ങളെ വളർത്തി അവർ 1983ലെ രണ്ടാം ഡിവിഷൻ കിരീടം ചൂടി. ‘ലാ ക്വിൻറ ഡെൽ ബ്യൂട്രെ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഒരു സ്വപ്നസംഘം സ്വന്തം അക്കാദമിയിൽ പിറവിയെടുത്തു. എമിലിയോ ബുട്രാക്വിനോ, മാനുവൽ സാഞ്ചിസ്, മാർടിൻ വാസ്ക്വസ്, മൈകൽ, മിഗ്വേൽ പാർഡെസ എന്നീ ‘ഫൈവ് സ്റ്റാർസി’ലൂടെ റയലിെൻറ നല്ലകാലം തിരിച്ചെത്തി. പിന്നെ തുടർച്ചയായ അഞ്ചുവർഷം ലാ ലിഗയിൽ റയലിെൻറ കിരീടധാരണമായി. അതിനിടെ രണ്ടു തവണ യൂറോപ്യൻ കിരീടവുമണിഞ്ഞു. പെരസ് മാജിക്കിൽ 2000ത്തിൽ പിറന്ന ഗലക്റ്റികോസിെൻറ പൂർവരൂപമായാണ് ആരാധകർ ഇന്നും ഈ ‘ലാ ക്വിെൻറ’യെ വിശേഷിപ്പിക്കുന്നത്.
പതിറ്റാണ്ടുകൾ കടന്ന് ഫുട്ബാളിന് ആധുനിക മുഖചഛായ വന്നപ്പോഴും ‘ലാ ഫാബ്രിക’യിലെ പണിശാല സജീവമാണ്. ലോകമെങ്ങുമുള്ള മികച്ച വിത്തുകൾ അവിടെയെത്തിയാൽ ലോകോത്തര നിലവാരത്തിലെ പ്രതിഭകളാവും. തങ്ങളുടെ അടുക്കളത്തോട്ടത്തിലെ ഏറ്റവും മികച്ച പ്രതിഭയെ റയൽ സ്വന്തം മേശയിലേക്ക് മാറ്റിവെക്കുേമ്പാൾ ബാക്കിയുള്ളവർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി കളിച്ചു തെളിയുന്നു. റാഫേൽ ബെനിറ്റസ്, എസ്തബാൻ കാമ്പിയാസോ, ഐകർ കസീയസ്, സാമുവൽ ഏറ്റു, യുവാൻ മാട്ട, യുവാൻ ഫ്രാൻ ‘ലാ ഫാബ്രിക’യുടെ അലുംനി നിര നീണ്ടുപോവുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.