ബാഴ്സലോണ: ആശ്വാസത്തോടെയാണ് ലൂയി എൻറിക്വെ പടിയിറങ്ങുന്നത്. ഫ്രാങ്ക് റൈക്കാർഡും പെപ് ഗ്വാർഡിയോളയും തേരുതെളിയിച്ച ബാഴ്സലോണ ഇടക്കാലത്തൊന്നു കിതച്ചപ്പോൾ വിജയ വഴിയിൽ തിരിച്ചെത്തിച്ച പരിശീലകൻ. ഗ്വാർഡിയോളയുടെ പിൻഗാമിയായി ടിറ്റോ വിലാനോയും ജെറാർഡോ മാർടിനോയും എത്തിയെങ്കിലും പ്രതാപം വീണ്ടെടുക്കാനായില്ല. തുടർന്നാണ് മുൻ താരം കൂടിയായ സെൽറ്റ വിഗോ കോച്ച് ലൂയി എൻറിക്വെക്ക് നൂകാംപിലേക്കുള്ള വിളിയെത്തുന്നത്. മൂന്നുവർഷമായിരുന്നു കരാർ. 2014ൽ അരങ്ങേറിയ എൻറിക്വെ ട്രിപ്പ്ൾ കിരീടവുമായി തുടക്കം ഗംഭീരമാക്കി. ലാ ലിഗ, കിങ്സ് കപ്പ്, ചാമ്പ്യൻസ് ലീഗ്. തൊട്ടുപിന്നാലെ സൂപ്പർ കപ്പിലും ഫിഫ ക്ലബ് ലോകകപ്പിലും ബാഴ്സ മുത്തമിട്ടതോടെ എൻറിക്വെ സൂപ്പർ കോച്ചായി.
അടുത്തവർഷം ലാ ലിഗയും കിങ്സ് കപ്പും നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് നഷ്ടമായി. ഇക്കുറി തിരിച്ചുപിടിക്കാമെന്ന മോഹവുമായിറങ്ങിയപ്പോൾ തൊട്ടതെല്ലാം പിഴച്ചു. ലാ ലിഗയിൽ തുടക്കത്തിലേ പിന്നോട്ട് പോയ ബാഴ്സ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്താവുകയും ചെയ്തു. ലീഗിൽ തിരിച്ചുവന്നെങ്കിലും അവസാന കുതിപ്പിൽ തിരിച്ചടിയായി. ഏറ്റവും ഒടുവിലാണ് ആശ്വാസമായി കിങ്സ് കപ്പ് കിരീടമെത്തുന്നത്.
സൂപ്പർതാരങ്ങൾക്കു പിന്നിൽ ഒരു രണ്ടാം നിരയെ കെട്ടിപ്പടുക്കാൻ എൻറിക്വെക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന വിമർശനം. മെസ്സിയും നെയ്മറും സുവാരസും മടങ്ങുേമ്പാൾ അവർക്ക് പകരക്കാരില്ലെന്നത് സീസണിൽ ബാഴ്സക്ക് വൻ തിരിച്ചടിയായി. ‘‘അഭിമാനത്തോടെയാണ് ബാഴ്സ വിടുന്നത്. മൂന്നുവർഷത്തിനിടെ 13ൽ ഒമ്പത് കിരീടമണിഞ്ഞത് മോശം റെക്കോഡല്ല. തെല്ലും പരിഭവമില്ലാതെയാണ് ഇൗ യാത്രയയപ്പ്’’ -എൻറിെക്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.