ലണ്ടൻ: വർഷങ്ങളെടുത്ത തയാറെടുപ്പും പകരക്കാരില്ലാത്ത മഹാപ്രതിഭയും തമ്മിലെ മുഖാ മുഖത്തിൽ യൂറോപ്പിനുമേൽ അമേരിക്കയുടെ ജയം സ്വപ്നംകണ്ടവർ ചിലരെങ്കിലുമുണ്ടായിരുന്നു. റേറ്റിങ്ങിൽ ഏറെ മുന്നിലുള്ള ലോക ചാമ്പ്യനായിട്ടും മാഗ്നസ് കാൾസൺ എന്ന നോർവേക്കാരൻ അടുത്തിടെയായി വലിയ വിജയങ്ങളുടെ തമ്പുരാനല്ലെന്ന ആനുകൂല്യം യു.എസ് താരം കരുവാനക്ക് പ്രയോജനപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ.
പ്രാഥമിക റൗണ്ടിൽ ചരിത്രത്തിലാദ്യമായി 12 മത്സരങ്ങളും സമനിലയിൽ പിരിയുകകൂടി ചെയ്തതോടെ മോശം റെക്കോഡിെൻറ പേരിൽ ഇത്തവണത്തെ ലോകപോരാട്ടം ചരിത്രത്തിലും ഇടംപിടിച്ചു. പക്ഷേ, പ്രതീക്ഷയോടെ കരുനീക്കി തുടങ്ങിയ കരുവാനക്ക് ൈടബ്രേക്കർ കരുതിവെച്ചത് മറ്റൊന്നായിരുന്നു. ചെസിെൻറ അതിവേഗ േഫാർമാറ്റുകളിൽ എന്നും രാജാവായ കാൾസണു മുന്നിൽ ഒന്നു പൊരുതിനോക്കാൻപോലുമാകാതെ കരുവാന കീഴടങ്ങി.
ടൈബ്രേക്കറിെൻറ ആദ്യ മൂന്നു പോരാട്ടങ്ങളിലും സമ്പൂർണ അടിയറവു പറഞ്ഞായിരുന്നു ബോബി ഫിഷറിെൻറ പിൻഗാമിയുടെ മടക്കം. എട്ടു വർഷത്തോളമായി ലോക ചാമ്പ്യൻപട്ടം കൈവശം വെക്കുന്ന കാൾസണ് തുല്യനായ എതിരാളിയെന്ന വിശേഷണവുമായാണ് ലണ്ടനിൽ മൂന്നാഴ്ച മുമ്പ് ലോക പോരാട്ടത്തിന് വേദിയുണർന്നത്. കണിശമായ മുെന്നാരുക്കം ലോക രണ്ടാം നമ്പറുകാരനായ കരുവാനക്ക് ഇത്തിരി മുൻതൂക്കവും നൽകി.
അപകടം മണത്ത് പതിയെ തുടങ്ങിയ കാൾസൺ വിജയത്തിന് വാശിപിടിക്കാതെ നിരന്തരം സമനിലകൾക്ക് സമ്മതിച്ചു. 12ാം റൗണ്ടിൽ വിജയ സാധ്യത മുന്നിൽനിൽക്കെ സമനിലക്ക് നിർദേശിച്ചത് വിവാദം സൃഷ്ടിച്ചതാണ്. പക്ഷേ, ഒന്നാംഘട്ടം കഴിഞ്ഞ് കളി അതിവേഗ ഫോർമാറ്റിലേക്ക് മാറിയതോടെ കാൾസൺ പതിവുപോലെ കീഴടക്കാനാവാത്ത പ്രതിഭയുടെ രാജകുമാരനായി.
1972ൽ അവസാനമായി അേമരിക്കയെ ലോക ചെസ് ഭൂപടത്തിെൻറ അമരത്ത് പ്രതിഷ്ഠിച്ച ബോബി ഫിഷറുടെ പിൻഗാമിയാകുമെന്ന കരുവാനയുടെ സ്വപ്നങ്ങളാണ് ഒറ്റനാളിലെ മൂന്നു ജയങ്ങൾകൊണ്ട് കാൾസൺ തല്ലിക്കെടുത്തിയത്. ഗാരി കാസ്പറോവിനുശേഷം ലോക ചെസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നോർവേക്കാരനു മുന്നിൽ ഇതോടെ കടപുഴകിയത് നിരവധി റെക്കോഡുകൾ.
1990ൽ നോർവേയിൽ ജനിച്ച കാൾസൺ േലാകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരിലൊരാളെന്ന റെക്കോഡുമായി 14ാം വയസ്സിൽ ലോകവേദികളിൽ കരുനീക്കി തുടങ്ങിയിട്ടുണ്ട്. 2011ൽ ലോകത്തെ മികച്ച താരമായി ഉയർന്ന കൗമാര ഇതിഹാസം, രണ്ടു വർഷം കഴിഞ്ഞ് ലോക ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ അവസാന രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ അനായാസം മറികടന്നതോടെ കാൾസൺ യുഗത്തിന് നാന്ദിയായി.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന എലോ റേറ്റിങ്ങുള്ള കാൾസൺ കൂസാത്ത ആക്രമണവും അമ്പരപ്പിക്കുന്ന പ്രതിരോധവും കുതൂഹലപ്പെടുത്തുന്ന രക്ഷപ്പെടലും ഒരുപോലെ മേളിപ്പിച്ചാണ് ലോകമുടനീളം ആരാധകരുടെ ഇഷ്ടനായകനായി ഉയർന്നത്. എന്നാൽ, അടുത്തിടെ മോശം പ്രകടനം തുടരുന്ന കാൾസണ് ടൂർണമെൻറ് തുടങ്ങുേമ്പാൾ രണ്ടാമതുള്ള കരുവാനയുമായി മൂന്നു പോയൻറ് മാത്രമായിരുന്നു അകലം. കണക്കുകളിൽ കാര്യമില്ലെന്ന പ്രഖ്യാപനമായിരുന്നു ബുധനാഴ്ചത്തെ ത്രസിപ്പിക്കുന്ന വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.